World

ഇന്ത്യന്‍ ടാങ്കറിന് സുരക്ഷയൊരുക്കി ഇറാന്‍ നാവികസേന

ഇന്ത്യന്‍ ടാങ്കറിന് സുരക്ഷയൊരുക്കി ഇറാന്‍ നാവികസേന
X

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍ ഇന്ത്യന്‍ എല്‍പിജി കപ്പല്‍ സുരക്ഷിതമായി കടലിടുക്ക് കടന്നത് ഇറാന്‍ നാവികസേനയുടെ നേരിട്ടുള്ള സഹായത്തോടെയെന്ന് റിപോര്‍ട്ട്. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകളെത്തുടര്‍ന്നാണ് മുന്‍കൂട്ടി നിശ്ചയിച്ച പാതയിലൂടെ കപ്പലിന് സഞ്ചരിക്കാന്‍ ഇറാന്‍ അനുമതി നല്‍കിയത്.

കപ്പല്‍, യാത്രയിലുടനീളം ഇറാന്‍ നാവികസേനയുമായി റേഡിയോ ബന്ധം പുലര്‍ത്തിയിരുന്നു. കപ്പലിന്റെ പതാക, പുറപ്പെട്ട സ്ഥലം, ലക്ഷ്യസ്ഥാനം, ജീവനക്കാരുടെ ദേശീയത തുടങ്ങിയ വിവരങ്ങള്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ ശേഖരിച്ചതായി ഇന്ത്യന്‍ കപ്പലിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്യുന്നു. കപ്പലിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരായിരുന്നു. ഇറാന്‍ നിലവില്‍ നടപ്പിലാക്കുന്ന നിയന്ത്രിത പാതയിലൂടെയാണ് കപ്പലിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചത്. ഇറാനിയന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍വെച്ച് കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുത്ത കപ്പലുകളെ കടത്തിവിടുന്നതെന്നാണ് വിവരം.

ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയതുമുതല്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള നിരവധി ആക്രമണങ്ങളാണ് ഈ മേഖലയില്‍ നടന്നത്. സമുദ്രത്തില്‍ കുഴിബോംബുകള്‍ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും ഇന്‍ഷുറന്‍സ് തുകയിലുണ്ടായ വന്‍ വര്‍ധനയും കപ്പല്‍ ഗതാഗതത്തെ സാരമായി ബാധിച്ചിരുന്നു. പത്തുദിവസത്തോളം പേര്‍ഷ്യന്‍ കടലില്‍ നങ്കൂരമിട്ട ഇന്ത്യന്‍ കപ്പലിന് മാര്‍ച്ച് 13-നാണ് യാത്ര തുടരാന്‍ അനുമതി ലഭിച്ചത്. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി ലൈഫ് റാഫ്റ്റുകള്‍ തയ്യാറാക്കിയും സിഗ്‌നല്‍ സംവിധാനം ഓഫ് ചെയ്തും ജിപിഎസ് തടസ്സങ്ങളെ അതിജീവിച്ചുമാണ് കപ്പല്‍ ഈ അപകടകരമായ പാത പിന്നിട്ടത്.

ഇറാനിയന്‍ ദ്വീപുകളായ ലാറക്കിനും ഖ്വെഷ്മിനും ഇടയിലുള്ള ഇടുങ്ങിയ പാതയിലൂടെ ഇറാന്‍ തീരത്തോട് ചേര്‍ന്ന് അതീവ ജാഗ്രതയോടെയാണ് കപ്പല്‍ നീങ്ങിയത്. ഒമാന്‍ ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകള്‍ കപ്പലിനെ സ്വീകരിക്കുകയും അവിടെനിന്ന് അകമ്പടി സേവിക്കുകയും ചെയ്തു. തുടര്‍ന്ന് കപ്പല്‍ ഇന്ത്യയിലേക്കുള്ള യാത്ര സുരക്ഷിതമായി തുടര്‍ന്നു. നിലവില്‍ 22-ഓളം ഇന്ത്യന്‍ കപ്പലുകള്‍ ഈ മേഖലയിലെ വിവിധ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കണക്കുകള്‍.





Next Story

RELATED STORIES

Share it