Sub Lead

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി; ഉന്നത ഉദ്യോഗസ്ഥരെ മാറ്റാനും മന്ത്രിസഭാ യോഗ തീരുമാനം

കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി. എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശിനാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

കെഎസ്ആര്‍ടിസി എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ മാറ്റി;    ഉന്നത ഉദ്യോഗസ്ഥരെ മാറ്റാനും മന്ത്രിസഭാ യോഗ തീരുമാനം
X
തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങള്‍ക്കൊടുവില്‍ കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്തു നിന്നും ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി ദിനേശിനാണ് പകരം ചുമതല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

ചില മന്ത്രിമാരും സിഐടിയു അടക്കമുള്ള തൊഴിലാളി യൂണിയനുകള്‍ തച്ചങ്കരിയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. ഗതാഗതമന്ത്രിയും ദേവസ്വംമന്ത്രിയും അടക്കമുള്ളവരുമായും തച്ചങ്കരി നല്ല ബന്ധത്തിലായിരുന്നില്ല. ഡ്യൂട്ടി പരിഷ്‌കരണം, വേതനപരിഷ്‌കരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തലുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി യൂനിയനുകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഇടപെട്ടതോടെയാണ് യൂനിയനുകള്‍ സമരത്തില്‍ നിന്ന് പിന്‍മാറിയത്.

ഹൈക്കോടതി ഉത്തരവ് മൂലം എം പാനല്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിടേണ്ടി വന്നതും തച്ചങ്കരിയുടെ കാലത്താണ്. വേണ്ടത്ര ജീവനക്കാരില്ലാത്ത പശ്ചാത്തലത്തില്‍ അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കരണം നടപ്പാക്കിയതിന്റെ പേരില്‍ ഹൈക്കോടതിയില്‍ നിന്നും തൊഴിലാളി യൂണിയനുകളുടെ ഭാഗത്തു നിന്നും തച്ചങ്കരിയ്ക്ക് വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു.

ഉന്നത ഉദ്യോഗസ്ഥരെയും മന്ത്രിസഭായോഗം മാറ്റി നിയമിച്ചു. വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിനെ റവന്യൂ, ദുരന്തനിവാരണം വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ ജനുവരി 31ന് വിരമിക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. വനം, വന്യജീവി വകുപ്പ് ഒഴികെയുള്ള അധിക ചുമതലകള്‍ തുടര്‍ന്നും വി. വേണു നിര്‍വഹിക്കും.

ആസൂത്രണസാമ്പത്തിക കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ വനം, വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതലയും നല്‍കും. പട്ടികജാതിപട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്നയ്ക്ക് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ പൊതുഭരണവകുപ്പിന്റെ അധിക ചുമതല നല്‍കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് ഊര്‍ജം, പരിസ്ഥിതി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചു. മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എക്‌സ്. അനില്‍ വിരമിക്കുന്ന മുറയ്ക്ക് അദ്ദേഹം വഹിച്ചിരുന്ന എല്ലാ വകുപ്പുകളും കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ദേവേന്ദ്രകുമാര്‍ സിങ്ങിന് അധിക ചുമതലകളായി നല്‍കും.ഹയര്‍സെക്കന്ററി വിദ്യാഭ്യാസ ഡയറക്ടര്‍ ബി.എസ് തിരുമേനിയെ പൊതുവിദ്യാഭ്യാസ ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ പൊതുഭരണം (എ.ഐ.എസ്) വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി മാറ്റി നിയമിക്കും. ജലനിധി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല ഇദ്ദേഹം വഹിക്കും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ജാഫര്‍ മാലികിന് ആസൂത്രണ സാമ്പത്തിക കാര്യ ഡെപ്യൂട്ടി സെക്രട്ടറി, സി.പി.എം.യു ഡയറക്ടര്‍ എന്നീ വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കാന്‍ തീരുമാനിച്ചു. പത്തനംതിട്ട എ.ഡി.എം വി.ആര്‍. പ്രേംകുമാറിനെ ഹയര്‍സെക്കന്ററി ഡയറക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. അസാപ് സി.ഇ.ഒയുടെ അധിക ചുമതല തുടര്‍ന്നും അദ്ദേഹം വഹിക്കും.

Next Story

RELATED STORIES

Share it