Sub Lead

കൊവിഡിനെ നേരിടാന്‍ സാനിറ്റൈസര്‍ വാച്ചുമായി കെഎസ് ഡിപി

സാധാരണ വാച്ച് പോലെ സാനിറ്റൈസര്‍ കൈയില്‍കെട്ടി നടക്കാമെന്നതാണ് പ്രധാന ആകര്‍ഷണം

കൊവിഡിനെ നേരിടാന്‍ സാനിറ്റൈസര്‍ വാച്ചുമായി കെഎസ് ഡിപി
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ ബ്രേക്ക് ദി ചെയിന്‍, തുപ്പരുത് തോറ്റുപോകും, ഫേസ് മാസ്‌ക് ധരിക്കല്‍ തുടങ്ങിയ പദ്ധതികള്‍ക്കു പിന്നാലെ സാനിറ്റൈസര്‍ വാച്ച് വിപണിയിലിറക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കെഎസ് ഡിപി രംഗത്ത്. വൈറസ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കുന്നതിനൊപ്പം കൈകള്‍ ഇടയ്ക്കിടെ ശുചീകരിക്കുകയാണ് മാര്‍ഗമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കൈയില്‍ കെട്ടി നടക്കാവുന്ന സാനിറ്റൈസര്‍ വാച്ച് രംഗത്തിറക്കുന്നത്. ശ്രീചിത്ര മെഡിക്കല്‍ ഡിവൈസസ് ഗവേഷകരാണ് പുത്തന്‍ ആശയവുമായി മുന്നോട്ടുവന്നത്. സാധാരണ വാച്ച് പോലെ സാനിറ്റൈസര്‍ കൈയില്‍കെട്ടി നടക്കാമെന്നതാണ് പ്രധാന ആകര്‍ഷണം. ഒരു കൈ നിവര്‍ത്തിപ്പിടിച്ച് മറ്റേ കൈ കൊണ്ട് അമര്‍ത്തിയായില്‍ കൈയിലേക്ക് സാനിറ്റൈസര്‍ വരും. എവിടെ പോവുകയാണെങ്കിലും ജോലിക്കിടയിലും യാത്രയ്ക്കിടയിലുമെല്ലാം അനായാസം കൈകള്‍ വൃത്തിയാക്കാന്‍ ഇതുവഴി സാധിക്കും. ഈ മാസം അവസാനത്തോടെ സാനിറ്റൈസര്‍ വാച്ച് വിപണിയിലിറക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ഇതുസംബന്ധിച്ച് കേരളാ സ്‌റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്(കെഎസ്ഡിപി) എന്‍ജിനീയറിങ് ഡിവഷനും ശ്രീചിത്രയിലെ ഡയറക്ടറും മുതിര്‍ന്ന ഗവേഷകരുമായും ചര്‍ച്ച നടത്തി. ധനമന്ത്രി തോമസ് ഐസക്കിന്റെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. വാണിജ്യാടിസ്ഥാനത്തില്‍ സാനിറ്റൈസര്‍ വാച്ച് നിര്‍മിക്കാനാണ് കെഎസ്ഡിപി ലക്ഷ്യമിടുന്നത്. ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ടുമായി ചര്‍ച്ച നടത്തി ധാരണാ പത്രം ഒപ്പുവയ്ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

ശ്രീചിത്രയിലെ ബ്ലഡ് ബാഗ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക തരം പിവിസി കൊണ്ടാണ് സാനിറ്റൈസര്‍ വാച്ച് നിര്‍മിക്കുന്നത്. ഉപയോഗശേഷം, അടപ്പ് തുറന്ന് സാനിറ്റൈസര്‍ നിറച്ച് വീണ്ടും ഉപയോഗിക്കാമെന്നത് ഏറെ ഉപകാരപ്രദമാവും. 200 രൂപയോളം വില വരുമെന്നാണു കണക്കുകൂട്ടല്‍. ഈ മാസം അവസാനത്തോടെ കെഎസ് ഡിപിയുടെ പുതിയ മെഡിക്കല്‍ ഡിവൈസസ് ഡിവിഷന്‍ സാനിറ്റൈസര്‍ വാച്ച് വിപണിയിലിറക്കുമെന്നാണു പ്രതീക്ഷ.


Next Story

RELATED STORIES

Share it