Sub Lead

യുഎപിഎ അറസ്റ്റ്: യുവാക്കളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്‍; വിധി നാളെ

യുഎപിഎ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും നിലവില്‍ യുഎപിഎ ചുമത്തി തന്നെയാണുള്ളതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

യുഎപിഎ അറസ്റ്റ്: യുവാക്കളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കാതെ പ്രോസിക്യൂഷന്‍; വിധി നാളെ
X

കോഴിക്കോട്: പന്തീരാങ്കാവില്‍ മാവോവാദി ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി പോലിസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തില്ല. യുഎപിഎ പ്രത്യേക കോടതി കൂടിയായ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കേസ് പരിഗണനയ്ക്കുവന്നപ്പോള്‍ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്ന തരത്തില്‍ യാതൊരു വാദവും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായില്ല. യുഎപിഎ പിന്‍വലിക്കുന്ന കാര്യത്തില്‍ സര്‍ക്കാരില്‍നിന്ന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ലെന്നും നിലവില്‍ യുഎപിഎ ചുമത്തി തന്നെയാണുള്ളതെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

അതേസമയം, വാദം കേട്ട കോടതി നാളെ വിധി പറയുമെന്ന് വ്യക്തമാക്കി. അഡ്വ. എം കെ ദിനേശനാണ് പ്രതികള്‍ക്കുവേണ്ടി ഹാജരായത്. നിരപരാധികളെയാണ് പോലിസ് അറസ്റ്റുചെയ്തിരിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്ക് നിരോധിത സംഘടനകളുമായി ഒരു ബന്ധവുമില്ല. പോലിസ് ഹാജരാക്കിയ തെളിവുകള്‍ വിപണിയില്‍ വര്‍ഷങ്ങളായി ലഭ്യമായതാണ്. പോലിസ് പിടിച്ചെടുത്ത ഒ അബ്ദുറഹ്മാന്റെ പുസ്തകം മാവോവാദത്തെ എതിര്‍ക്കുന്നതാണെന്നും പ്രതിഭാഗം വാദിച്ചു. യുഎപിഎ നിലനില്‍ക്കില്ലെന്ന് വാദിച്ച പ്രതിഭാഗം, പിടിയിലായവര്‍ ഏതുദിവസും കോടതിയില്‍ ഹാജരാവാന്‍ തയ്യാറാണെന്നും വാദിച്ചു. പ്രതികളുടെ പക്കല്‍നിന്ന് പിടികൂടിയ പുസ്തകങ്ങള്‍ കോടതിയില്‍ ഹാജരാക്കി. ഇതൊക്കെ എന്താണെന്ന് കോടതി പ്രതിഭാഗത്തോട് ചോദിച്ചു.

പ്രതികളുടെ പക്കല്‍നിന്നും കണ്ടെടുത്ത നോട്ടീസുകളും കോടതിയില്‍ പോലിസ് ഹാജരാക്കിയിരുന്നു. പുസ്തകങ്ങള്‍ വായിക്കാന്‍ വേണ്ടി എടുത്തതാവാമെന്നാണ് പ്രതിഭാഗം കോടതിയില്‍ പറഞ്ഞത്. പുതിയ ഒരു തെളിവും പ്രോസിക്യൂഷന്‍ ഇന്ന് ഹാജരാക്കിയില്ലെന്ന് പ്രതിഭാഗം വക്കീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതെത്തുടര്‍ന്ന് ഇരുവിഭാഗം അഭിഭാഷകരുടെ സമ്മതത്തോടെ ഹരജി പരിഗണിക്കുന്നത് കോടതി മാറ്റുകയായിരുന്നു. കൂടാതെ, വിദ്യാര്‍ഥികള്‍ക്കെതിരേ യുഎപിഎ ചുമത്തിയത് പ്രത്യേക കോടതിക്ക് നീക്കംചെയ്യാമെന്ന വാദവും പ്രതിഭാഗം അഭിഭാഷകന്‍ ഉന്നയിച്ചു. ഇക്കാര്യത്തിലും പോലിസിനോട് വിവരം തേടിയ ശേഷം വിശദീകരണം നല്‍കാമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. അതേസമയം, ജാമ്യാപേക്ഷ പരിഗണനയ്ക്കുവന്നപ്പോള്‍ പോലിസ് പുതിയ റിപോര്‍ട്ടുകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ല. എഡിജിപിയുടെ റിപോര്‍ട്ട് വന്ന ശേഷമായിരിക്കും പോലിസ് പുതിയ റിപോര്‍ട്ട് നല്‍കുക.

Next Story

RELATED STORIES

Share it