Sub Lead

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ സഹായിച്ചെന്ന് ആരോപണം; സിപിഎം നേതാവിനെ പുറത്താക്കി

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ പേരില്‍ സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ മനോജ് സാക്ഷിയായി ഒപ്പിട്ടെന്നായിരുന്നു ആരോപണം

കൂടത്തായി കൊലപാതക പരമ്പര: ജോളിയെ സഹായിച്ചെന്ന് ആരോപണം; സിപിഎം നേതാവിനെ പുറത്താക്കി
X

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ സഹായിച്ചെന്ന് ആരോപണമുയര്‍ന്ന സിപിഎം നേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ മനോജിനെയാണ് പുറത്താക്കിയത്. പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കും വിധം പ്രവര്‍ത്തിച്ചതിനാണു പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നു പുറത്താക്കുന്നതെന്നു സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ പേരില്‍ സ്വത്തുകള്‍ മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ മനോജ് സാക്ഷിയായി ഒപ്പിട്ടെന്നായിരുന്നു ആരോപണം. ഭര്‍തൃപിതാവ് പൊന്നാമറ്റം ടോം തോമസിന്റെ പേരിലുള്ള സ്വത്ത് ജോളിയുടെ പേരിലാക്കി മാറ്റിയെഴുതിയ വ്യാജവില്‍പത്രത്തില്‍ പ്രദേശവാസികളോ റോയി തോമസിന്റെയോ ബന്ധുക്കള്‍ക്കുും പകരം ദൂരെനിന്നുള്ളവര്‍ സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് ശ്രദ്ധയില്‍പെട്ട പോലിസ് ഇതേക്കുറിച്ചും അന്വേഷണം നടത്തിയിരുന്നു. വിശദമായ അന്വേഷണത്തില്‍ പ്രാദേശിക സിപിഎം നേതാവും ഒരു ലീഗ് നേതാവും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൂടത്തായി സ്വദേശികളല്ലാത്ത ചൂലൂരില്‍ നിന്നും കുന്ദമംഗലത്ത് നിന്നുമുള്ളവരാണ് സാക്ഷികളായി വില്‍പ്പത്രത്തില്‍ ഒപ്പുവച്ചിരുന്നത്. വ്യാജ ഒസ്യത്തില്‍ സാക്ഷിയായി ഒപ്പിടാന്‍ മനോജ് ഒരു ലക്ഷം രൂപ ജോളിയില്‍നിന്ന് കൈപ്പറ്റിയെന്നാണ് പോലിസ് നല്‍കുന്ന സൂചന. തുക കൈമാറിയ ചെക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ അന്വേഷണസംഘം കണ്ടെത്തിയതായാണു വിവരം. തെളിവുകളെല്ലാം മനോജിനെതിരാണെന്ന് ഉറപ്പായതോടെയാണ് പാര്‍ട്ടി കടുത്ത നടപടിയിലേക്കു നീങ്ങിയതെന്നാണു വിവരം.

ജോളിയുടെ സമീപവാസിയായ ലീഗ് നേതാവിനെതിരേയും അന്വേഷണം നടക്കുന്നുണ്ട്. തഹസില്‍ദാരുമായി ബന്ധപ്പെട്ട് സ്വത്തുകള്‍ ജോളിയുടെ പേരില്‍ മാറ്റിയെഴുതാന്‍ സഹായിച്ച ലീഗ് നേതാവും ജോളിയും ബാങ്കില്‍ പണമിടപാട് നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലിസ് ശേഖരിച്ചതായാണു വിവരം.



Next Story

RELATED STORIES

Share it