Sub Lead

അര്‍ബുദത്തെ അതിജീവിച്ചു, പുത്രന്‍മാര്‍ താഴെയിട്ടു; കോടിയേരിയുടേത് അപ്രതീക്ഷിത പടിയിറക്കം

മാലപ്പടക്കം പോലെ പ്രതിസന്ധികള്‍ എത്തിയപ്പോഴും ചിരിച്ചുകൊണ്ട് മാധ്യമങ്ങളെ കൈകാര്യം ചെയ്തിരുന്ന കോടിയേരിക്കു പക്ഷേ, സ്വന്തം പുത്രന്‍മാര്‍ നല്‍കിയത് എന്നും പരിഹാസവും നോവും വേദനകളുമായിരുന്നു.

അര്‍ബുദത്തെ അതിജീവിച്ചു, പുത്രന്‍മാര്‍ താഴെയിട്ടു; കോടിയേരിയുടേത് അപ്രതീക്ഷിത പടിയിറക്കം
X

കോഴിക്കോട്: 'ചിരിക്കുന്ന കമ്മ്യൂണിസ്റ്റ്' എന്നായിരുന്നു കരുത്തുള്ള കമ്മ്യൂണിസ്റ്റുകളുടെ നാടായ കണ്ണൂരില്‍ നിന്നു സിപിഎമ്മിന്റെ അമരത്തെത്തിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങള്‍ നല്‍കിയ വിശേഷണം. വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടിയെ കാര്‍ക്കശ്യക്കാരുടെ കൂടാരമെന്ന് ധ്വനിപ്പിക്കുന്ന വിധത്തിലാണ് ഈ തലക്കെട്ട് നല്‍കിയതെങ്കിലും സിപിഎം കേരള ഘടകത്തെ നയിച്ചവരുമായി താരമത്യം ചെയ്യുമ്പോള്‍ കോടിയേരിക്ക് അനുയോജ്യമായ വിശേഷണം തന്നെയായിരുന്നു അത്.

മാലപ്പടക്കം പോലെ പ്രതിസന്ധികള്‍ എത്തിയപ്പോഴും ചിരിച്ചുകൊണ്ട് മാധ്യമങ്ങളെ കൈകാര്യം ചെയ്തിരുന്ന കോടിയേരിക്കു പക്ഷേ, സ്വന്തം പുത്രന്‍മാര്‍ നല്‍കിയത് എന്നും പരിഹാസവും നോവും വേദനകളുമായിരുന്നു. നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ സിപിഎമ്മിനെ മുന്നില്‍നിന്ന് നയിച്ച കോടിയേരിയുടെ പടിയിറക്കം അപ്രതീക്ഷിതമായിട്ടാണ്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ വളര്‍ന്ന് പാര്‍ട്ടിയിലും അധികാരത്തിലും നിരവധി തവണ കുഞ്ചിക സ്ഥാനങ്ങളിലിരുന്നിട്ടും മന്ത്രിയെന്ന നിലയിലൊ വ്യക്തിയെന്ന നിലയിലൊ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലൊ കറപുരളാത്ത വ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പക്ഷെ, അദ്ദേഹത്തിന്റെ രണ്ടു ആണ്‍മക്കളം വഴിവിട്ട ബന്ധങ്ങളിലൂടെ ആ ശുഭ്രവസ്ത്രത്തിലേക്ക് അഴുക്കെറിയാന്‍ മല്‍സരിക്കുന്നതാണ് സംസ്ഥാനം കണ്ടത്.

പാര്‍ലമെന്ററി രംഗത്തും സംഘടനാ രംഗത്തും തിളങ്ങി നില്‍ക്കുമ്പോഴും മക്കള്‍ ഉയര്‍ത്തിയ വിവാദങ്ങളില്‍പെട്ട് ഉഴലുകയായിരുന്നു പലപ്പോഴും കോടിയേരി. തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന അതി നിര്‍ണ്ണായക ഘട്ടത്തില്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കൊണ്ട് അസാധാരണ നീക്കമാണ് അദ്ദേഹം നടത്തിയത്. കാന്‍സറിനെ ആത്മവീര്യം കൊണ്ട് നേരിട്ട് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കോടിയേരിക്ക് കടുത്ത പ്രഹരമാണ് കൃത്യമായ ഇടവേളകളില്‍ ഇരു ആണ്‍മക്കളും നല്‍കിയത്.

മകന്‍ തെറ്റു ചെയ്തതിന് അച്ഛനെന്തു പിഴച്ചുവെന്ന 'കാപ്‌സ്യൂളിന്‍' കൂടുതല്‍കാലം നില്‍ക്കാന്‍ കഴിയില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അദ്ദേഹം അവധിയാവശ്യപ്പെട്ടതും പാര്‍ട്ടി അതംഗീകരിച്ച് നല്‍കിയതും. മകന്‍ അഴിക്കുള്ളില്ലായത് മയക്കുമരുന്ന് കേസിനായതിനാല്‍ തന്നെ കോടിയേരി മാറണമെന്നത് ധാര്‍മ്മികമായി അനിവാര്യതയായി മാറിയിരുന്നു.

ഒരാള്‍ സൃഷ്ടിക്കുന്ന തലവേദന ഒന്നടങ്ങുമ്പോഴേക്കും മറ്റേയാള്‍ അതിലും വലുതുമായെത്തുന്ന കാഴ്ചയായിരുന്നു കണ്ടിരുന്നത്. 2015ലാണ് കോടിയേരി ആദ്യമായി സംസ്ഥാന സെക്രട്ടറി ആകുന്നത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി 2018ല്‍ അദ്ദേഹം രണ്ടാമതും പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്രാവശ്യം വിവാദങ്ങളുടെ ഒരു പരമ്പര തന്നെയാണ് അദ്ദേഹത്തെ കാത്തിരുന്നത്.

ബിനോയ് വന്‍ തുക വാങ്ങി മുങ്ങിയെന്ന ദുബായ് കമ്പനി പരാതിയായിരുന്നു കോടിയേരിയെ പിടിച്ചുകുലുക്കിയ വിവാദങ്ങളിലൊന്ന്. ജാസ് എന്ന കമ്പനിയാണ് ബിനോയ്‌ക്കെതിരെ പരാതിയുമായി എത്തിയത്. ജാസ് ഉടമ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി കേരളത്തിലെത്തുകയും ചെയ്തു. കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പ് നടത്തിയാണ് ഇതില്‍നിന്ന് ബിനോയ് രക്ഷപ്പെട്ടത്.

2019-ല്‍ ബിനോയ്‌ക്കെതിരെ പീഡനപരാതിയുമായി ബിഹാര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തിയത് വീണ്ടും കോടിയേരിക്ക് വന്‍ നാണക്കേട് സൃഷ്ടിച്ചിരുന്നു. ഇത് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

ലൈംഗിക ആരോപണ പരാതി കുറച്ചൊന്നുമല്ല കോടിയേരി ബാലകൃഷ്ണനെ കുഴക്കിയത്. അന്നും പക്ഷേ പാര്‍ട്ടിയും ഭാഗ്യവും കോടിയേരിക്കൊപ്പം നിന്നു. കേസ് നിയമയുദ്ധത്തിലേക്ക് നീണ്ടതോടെ കോടതി തീരുമാനിക്കെട്ടെ എന്ന സാങ്കേതികത കോടിയേരിക്ക് തുണയായി. ഡി.എന്‍.എ. ഫലം പുറത്തുവരുന്നത് വരെ ബിനോയിയെ വിശ്വസിക്കാനായിരുന്നു കോടിയേരിയുടെയും പാര്‍ട്ടിയുടെയും തീരുമാനം.

2020ല്‍ അച്ഛനെ നാണക്കേടിലേക്ക് തള്ളിവിടാനുള്ള നിയോഗം ബിനീഷിനായിരുന്നു. മയക്കുമരുന്നു കേസിലാണ് ബിനീഷ് ഉള്‍പ്പെട്ടത്. തുടര്‍ന്ന് കോടിയേരി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ബിനീഷിന്റെ വീട്ടിലേക്ക് ഇഡിയും ആദായനികുതിയും പരിശോധന നടത്തിയതോടെ ഇതോടെ കോടിയേരി ബാലകൃഷ്ണന്‍ എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് പാര്‍ട്ടി തീര്‍ത്ത എല്ലാ പ്രതിരോധവും അഴിഞ്ഞുവീണു.

മകന്‍ ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചുവെന്നും ബിനീഷ് ഒരു വ്യക്തിയാണെന്നും ആ വ്യക്തിയുടെ തീരുമാനങ്ങള്‍ക്ക് കോടിയേരിക്ക് പങ്കില്ലെന്നും പാര്‍ട്ടി അവസാന നിമിഷവും നിലപാട് എടുത്തെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ അനിവാര്യമായ സ്ഥാനമൊഴിയല്‍ തിരഞ്ഞെടുക്കുകയായിരുന്നു. സിപിഎമ്മില്‍ ഏറെ അടുപ്പമുള്ള നേതാക്കളാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ഈ ആത്മബന്ധത്തിലൂടെ വീണ്ടുംതിരിച്ചുവരാമെന്ന ആത്മവിശ്വാസത്തിലാണ് കോടിയേരി.

Next Story

RELATED STORIES

Share it