Big stories

രാമഭജനം ചെയ്യുന്നവര്‍ മാത്രം ഈ രാജ്യത്ത് മതി, ടിപ്പു അനുയായികളെ കൊല്ലുകയോ കാട്ടിലേക്ക് തുരത്തുകയോ വേണം; വര്‍ഗീയ വിഷം തുപ്പി കര്‍ണാടക ബിജെപി നേതാവ്

രാമഭജനം ചെയ്യുന്നവര്‍ മാത്രം ഈ രാജ്യത്ത് മതി, ടിപ്പു അനുയായികളെ കൊല്ലുകയോ കാട്ടിലേക്ക് തുരത്തുകയോ വേണം; വര്‍ഗീയ വിഷം തുപ്പി കര്‍ണാടക ബിജെപി നേതാവ്
X

ബംഗളൂരു: വിദ്വേഷ പ്രസംഗങ്ങള്‍ക്ക് പേരുകേട്ട കര്‍ണാടക ബിജെപി നേതാവ് നളീന്‍കുമാര്‍ കട്ടീല്‍ വീണ്ടും വര്‍ഗീയ വിഷം തുപ്പി രംഗത്ത്. പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്റെ അനുയായികളെ കൊല്ലുകയോ കാട്ടിലേക്ക് തുരത്തുകയോ ചെയ്യണമെന്ന ആഹ്വാനവുമായാണ് ബിജെപി നേതാവ് രംഗത്തുവന്നിരിക്കുന്നത്. കൊപ്പല്‍ ജില്ലയിലെ യെലബുര്‍ഗയിലെ പഞ്ചായത്ത് ടൗണില്‍ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ''ഞങ്ങള്‍ ശ്രീരാമഭക്തരാണ്, ഹനുമാന്റെ ഭക്തരാണ്.

ഞങ്ങള്‍ ഹനുമാനോട് പ്രാര്‍ത്ഥിക്കുകയും പ്രണാമം അര്‍പ്പിക്കുകയും ചെയ്യുന്നു, ഞങ്ങള്‍ ടിപ്പുവിന്റെ പിന്‍ഗാമികളല്ല. ടിപ്പുവിന്റെ സന്തതികളെ അവരുടെ വീട്ടിലേക്ക് തിരിച്ചയക്കണം. നിങ്ങള്‍ ഹനുമാനോടാണോ ടിപ്പുവിനോടാണോ പ്രാര്‍ഥിക്കുന്നതെന്ന് ഞാന്‍ ഇവിടുത്തെ ജനങ്ങളോട് ചോദിക്കുന്നു. ഈ സംസ്ഥാനത്തിന് ഹനുമാന്‍ ഭക്തരോ ടിപ്പുവിന്റെ പിന്‍ഗാമികളോ ആവശ്യമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ടിപ്പുവിന്റെ തീവ്ര അനുയായികളായവര്‍ ഈ ഫലഭൂയിഷ്ഠമായ മണ്ണില്‍ ജീവിച്ചിരിക്കരുത്,'. അവര്‍ ഈ മണ്ണില്‍ ജീവിക്കാന്‍ യോഗ്യരല്ല.

അവരെ കൊല്ലുകയോ കാട്ടിലേക്ക് തുരത്തുകയോ ചെയ്യണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുത്വ സൈദ്ധാന്തികനായ വിനായക് സവര്‍ക്കറുടെയും ടിപ്പു സുല്‍ത്താന്റെയും പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് നേരത്തെ വിശേഷിപ്പിച്ച കട്ടീല്‍ ഈ ആഴ്ച രണ്ടാം തവണയാണ് പതിനെട്ടാം നൂറ്റാണ്ടിലെ മൈസൂര്‍ രാജാവിനെ പരാമര്‍ശിച്ച് വര്‍ഗീയ വിഷം തുപ്പുന്നത്. 2018 ലെ കര്‍ണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ടിപ്പു സുല്‍ത്താന്‍- ഹനുമാന്‍ വിഷയം എടുത്തിട്ടത്. ഒരു റാലിയില്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച യോഗി ആദിത്യനാഥ്, കര്‍ണാടക പഴയ വിജയനഗര സാമ്രാജ്യം ഭരിച്ച 'ഹനുമാന്റെ നാടാണ്' എന്ന് പറഞ്ഞിരുന്നു.

ഹനുമാനെയും വിജയനഗരത്തെയും ആരാധിക്കുന്നതിന് പകരം ടിപ്പു സുല്‍ത്താനെ ആരാധിക്കുന്ന കോണ്‍ഗ്രസ് എന്നത് ദൗര്‍ഭാഗ്യകരമാണെന്നും കര്‍ണാടക കോണ്‍ഗ്രസിനെ ഒറ്റയടിക്ക് പിരിച്ചുവിട്ടാല്‍ മറ്റാരും ടിപ്പു സുല്‍ത്താനെ ആരാധിക്കാന്‍ വരില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഹിന്ദുത്വര്‍ ടിപ്പു സുല്‍ത്താനെ കാണുന്നത് ആയിരങ്ങളെ ബലം പ്രയോഗിച്ച് മതപരിവര്‍ത്തനം ചെയ്ത ഒരു ഭ്രാന്തനായ സ്വേച്ഛാധിപതിയായാണ്. എന്നാല്‍, സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മുന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ജന്‍മവാര്‍ഷികം തുടര്‍ച്ചയായി രണ്ടുവര്‍ഷം ആഘോഷിച്ചിരുന്നു.

Next Story

RELATED STORIES

Share it