Sub Lead

കനത്ത മഴ; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും, നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

2398.38 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതിനാൽ ജലനിരപ്പ് ക്രമേണ ഉയരുകയാണ്.

കനത്ത മഴ; ഇടുക്കി ഡാം വീണ്ടും തുറന്നേക്കും, നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
X

ഇടുക്കി: ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഡാം വീണ്ടും തുറന്നേക്കുമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ശനിയാഴ്ച്ച വൈകിട്ട് 4 മണിക്ക് ശേഷമോ 14-ാം തീയതി രാവിലെ മുതലോ ചെറുതോണി ഡാമിന്‍റെ ഷട്ടർ തുറന്ന് 100 ക്യൂമെക്സ് വരെ നിയന്ത്രിത അളവിൽ ജലം പുറത്തേക്ക് ഒഴുക്കി വിടും. ചെറുതോണി ഡാമിന്‍റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്‍റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

2398.38 അടിയാണ് ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ ലഭിക്കുന്നതിനാൽ ജലനിരപ്പ് ക്രമേണ ഉയരുകയാണ്. ഇതോടെ ഡാമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും നേരത്തേ ജില്ലാ കലക്ടർ ജാഗ്രതാ നിർദേശം നൽകിയിരുന്നു.

റൂൾ കർവ് പ്രകാരം ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പും ഉയരുകയാണ്. നിലവില്‍ ജലനിരപ്പ് 139.05 അടിയാണ്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. നിലവിലെ റൂൾ കർവ് അനുസരിച്ച് 20–ാം തീയതി അണക്കെട്ടിൽ 141 അടി വെള്ളം സംഭരിക്കാം.

ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ തമിഴ്നാടിന് മുകളിലുള്ള ന്യൂനമർദ്ദത്തിന്‍റെ പ്രഭാവത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.


Next Story

RELATED STORIES

Share it