Sub Lead

നവകേരള സദസിനിടയിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

നവകേരള സദസിനിടയിലെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരായ കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു
X

കൊച്ചി: നവകേരള സദസ്സിനിടയിലെ 'രക്ഷാപ്രവര്‍ത്തന' പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം സിജെഎം കോടതിയിലുള്ള കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. സിജെഎം കോടതി ഉത്തരവിനെതിരെ പിണറായി വിജയന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരനായ മുഹമ്മദ് ഷിയാസ് കേസില്‍ സാക്ഷിയല്ലെന്ന് പിണറായി വാദിച്ചു. ആരോപിക്കപ്പെടുന്ന പ്രധാന കുറ്റകൃത്യങ്ങള്‍ നടന്നത് കോടതിയുടെ അധികാരപരിധിക്ക് പുറത്താണെന്നും അതിനാല്‍ നടപടിയെടുക്കാന്‍ എറണാകുളം സിജെഎം കോടതിക്ക് അധികാരമില്ലെന്നുമാണ് വാദിച്ചത്. തുടര്‍ന്ന് ജസ്റ്റിസ് വി ജി അരുണ്‍ കേസില്‍ മൂന്നു മാസത്തെ സ്റ്റേ അനുവദിക്കുകയായിരുന്നു. ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിനും മുഹമ്മദ് ഷിയാസിനും നോട്ടിസ് അയയ്ക്കാനും നിര്‍ദേശിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന നവകേരള സദസ് യാത്രക്കിടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും മര്‍ദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പ്രതിഷേധക്കാര്‍ വാഹനത്തിനടിയില്‍ വീഴാതിരിക്കാന്‍ 'രക്ഷാപ്രവര്‍ത്തന'മാണു നടത്തിയത് എന്നും അത്തരം പ്രവര്‍ത്തനം തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. തുടര്‍ന്നാണ് മുഹമ്മദ് ഷിയാസ് സിജെഎം കോടതിയില്‍ പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it