Sub Lead

ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്ന്; മലയാളി ക്രിസ്ത്യന്‍ ദമ്പതികള്‍ കുടകില്‍ അറസ്റ്റില്‍

ചൊവ്വാഴ്ച വൈകുന്നേരമാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി മേഖലയില്‍ എത്തിയത്. ആദിവാസി വിഭാഗത്തില്‍ പെട്ട പണിയറവര മുത്തയുടെയും കുടുംബത്തിന്റെയും വീട് ഇവര്‍ സന്ദര്‍ശിച്ചിരുന്നു.

ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്ന്; മലയാളി ക്രിസ്ത്യന്‍ ദമ്പതികള്‍ കുടകില്‍ അറസ്റ്റില്‍
X

കോഴിക്കോട്: ആദിവാസികളെ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് മലയാളി ദമ്പതികളെ അറസ്റ്റ് ചെയ്തു. കുടകിലെ കുട്ടയിലാണ് സംഭവം. മാനന്തവാടി സ്വദേശികളായ കുര്യച്ചന്‍, സെല്‍വി എന്നിവരാണ് അറസ്റ്റിലായത്. കേസെടുത്ത ശേഷം ദമ്പതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ചൊവ്വാഴ്ച വൈകുന്നേരമാണ് ദമ്പതികള്‍ കേരളത്തില്‍ നിന്ന് കുട്ടയിലെ ആദിവാസി മേഖലയില്‍ എത്തിയത്. ആദിവാസി വിഭാഗത്തില്‍ പെട്ട പണിയറവര മുത്തയുടെയും കുടുംബത്തിന്റെയും വീട് ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ക്രിസ്ത്യാനികളാകാന്‍ ഇവര്‍ വീട്ടുകാരെ പ്രേരിപ്പിച്ചെന്നാണ് ആരോപണം. ചില ഹിന്ദു സംഘടനകളാണ് കുട്ട പോലിസില്‍ വിവരമറിയിച്ചത്. പോലിസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. നേരത്തെയും ഈ മേഖലയില്‍ മതപരിവര്‍ത്തനം നടന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ നിയമമായ സെക്ഷന്‍ 295 എ പ്രകാരമാണ് പ്രതികള്‍ക്കെതിരേ കേസെടുത്തതെന്ന് പോലിസ് വൃത്തങ്ങള്‍ അറിയിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്തു. ''അടുത്തിടെ പാസാക്കിയ മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന്റെ ഗസറ്റ് വിജ്ഞാപനം ഇതുവരെ ഞങ്ങളുടെ അടുത്ത് എത്തിയിട്ടില്ല. അതുകൊണ്ട് പ്രതികള്‍ക്കെതിരേ പഴയ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പുതുതായി പാസാക്കിയ മതപരിവര്‍ത്തന വിരുദ്ധ നിയമം ഉപയോഗിച്ചായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക'', പോലിസ് പറഞ്ഞു.

മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശിലെ നേമുച്ച് ജില്ലയിലെ ജവാദ് തഹസിലിലെ ആരാധനാലയത്തില്‍ കഴിഞ്ഞ ഒക്ടോബറില്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു. പുരോഹിതനെയും ഒരു വിശ്വാസിയെയും മുഖംമൂടി ധരിച്ച ആളുകളെത്തി ആക്രമിക്കുകയും ചെയ്തിരുന്നു. ഹിന്ദുക്കളെ ഇസ്‌ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതില്‍ ആരാധനാലയത്തിന് പങ്കുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ലഘുലേഖ ഉപേക്ഷിച്ചാണ് ഹിന്ദുത്വര്‍ കടന്നു കളഞ്ഞത്.

മതപരിവര്‍ത്തനം ആരോപിച്ച് റായ്പൂരില്‍ പാസ്റ്ററെ പോലിസ് സ്‌റ്റേഷനില്‍ വച്ച് അക്രമികള്‍ മര്‍ദ്ദിച്ചതും കഴിഞ്ഞ വര്‍ഷമാണ്. മതപരിവര്‍ത്തനം സംബന്ധിച്ച പരാതിയില്‍ ചോദ്യം ചെയ്യാനായി പോലിസ് പാസ്റ്ററെ വിളിച്ചുവരുത്തിയതായിരുന്നു. ഇവിടേയ്ക്ക് ആക്രമികളായ ഹിന്ദുത്വര്‍ എത്തുകയായിരുന്നു.

ഗുജറാത്ത് സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് ഹാദിയ കേസ് പരിഗണിച്ചുകൊണ്ട് ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലൗ ജിഹാദ് തടയാനെന്ന പേരിലാണ് ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ നിയമം നടപ്പാക്കിയത്. എന്നാല്‍ ഈ നിയമം പ്രഥമദൃഷ്ട്യാ തന്നെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ ബലപ്രയോഗമോ വശീകരണമോ വഞ്ചനാപരമായ മാര്‍ഗങ്ങളോ ഇല്ലാതെ നടക്കുന്ന മിശ്ര വിവാഹങ്ങള്‍ക്ക് ബാധകമാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

രണ്ട് വിശ്വാസത്തില്‍ ഉള്‍പെട്ട പ്രായപൂര്‍ത്തിയായവര്‍ സമ്മതത്തോടെയും വശീകരണമില്ലാതെയും വഞ്ചനപരമായിട്ടല്ലാതെയും വിവാഹം കഴിക്കുന്നതിനെ നിയമവിരുദ്ധമായ മതപരിവര്‍ത്തന വിവാഹങ്ങള്‍ എന്ന് വിളിക്കാനാവില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. ഗുജറാത്ത് സര്‍ക്കാരിന്റെ മതസ്വാതന്ത്ര്യ (ഭേദഗതി) നിയമം വ്യക്തപരമായി മതവും ഇഷ്ടങ്ങളും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യത്തെ ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.

Next Story

RELATED STORIES

Share it