Sub Lead

''കത്തോലിക്കാ സന്യാസിനികള്‍ ശിരോവസ്ത്രം ധരിക്കുമ്പോള്‍ മറ്റ് സമുദായങ്ങളിലെ കുട്ടികള്‍ക്ക് അനുമതി നിഷേധിക്കുന്നത് ധാര്‍മ്മികമായി ന്യായീകരിക്കാനാവില്ല'': ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്മെന്റും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും

കത്തോലിക്കാ സന്യാസിനികള്‍ ശിരോവസ്ത്രം ധരിക്കുമ്പോള്‍ മറ്റ് സമുദായങ്ങളിലെ കുട്ടികള്‍ക്ക് അനുമതി നിഷേധിക്കുന്നത് ധാര്‍മ്മികമായി ന്യായീകരിക്കാനാവില്ല: ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്മെന്റും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും
X

കൊച്ചി: കേരളത്തിലെ കത്തോലിക്കാ സ്ഥാപനങ്ങളില്‍ വര്‍ധിച്ചുവരുന്ന സാമുദായിക സംഘര്‍ഷങ്ങളിലും ഈ വിഷയങ്ങളില്‍ സഭാ നേതൃത്വം പുലര്‍ത്തുന്ന നിസംഗതയിലും ആശങ്ക പ്രകടിപ്പിച്ച് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്മെന്റും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കത്തയച്ചു. കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ചില സമീപകാല പ്രവണതകള്‍ ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരത്തിനും ക്രൈസ്തവ സമൂഹത്തിന്റെ ഭാവിക്കും ദോഷകരമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കത്തോലിക്കാ സ്ഥാപനങ്ങളില്‍ സൃഷ്ടിക്കപ്പെടുന്ന വിഭാഗീയ പ്രശ്‌നങ്ങളും, അതിനോട് സംസ്ഥാന സഭാ നേതൃത്വം പുലര്‍ത്തുന്ന നിസ്സംഗതയും അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്ന വിഷയങ്ങളായി മാറിയിരിക്കുകയാണെന്ന് കത്ത് പറയുന്നു.

കത്തിലെ പ്രധാന വിഷയങ്ങള്‍:

പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദം: എറണാകുളം പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ഒരു മുസ്ലിം വിദ്യാര്‍ഥിനി ഹിജാബ് ധരിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദവും, സ്‌കൂള്‍ അധികൃതര്‍ കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കുകയും പൊതുജന പ്രതിഷേധം കാരണം സ്‌കൂള്‍ അടച്ചിടുകയും ചെയ്ത സംഭവവും കത്തില്‍ എടുത്തുപറയുന്നു. ഇത് മറ്റ് കുട്ടികളില്‍ ഭീതിയുണ്ടാക്കുകയും വിഷയത്തിന് മുസ്ലിം-ക്രിസ്ത്യന്‍ സംഘര്‍ഷത്തിന്റെ മാനം നല്‍കുകയും ചെയ്തു. മൂവാറ്റുപുഴ നിര്‍മ്മല കോളജിലും പൈങ്ങോട്ടൂര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളുകളിലും മുന്‍പുണ്ടായ സമാന സംഭവങ്ങളും കത്തില്‍ പരാമര്‍ശിക്കുന്നു.

ഇരട്ടത്താപ്പും ധാര്‍മ്മിക ഉത്തരവാദിത്വവും: കത്തോലിക്കാ സന്യാസിനികള്‍ ശിരോവസ്ത്രം ധരിക്കുമ്പോള്‍, മറ്റ് സമുദായങ്ങളിലെ കുട്ടികള്‍ക്ക് സമാനമായ വസ്ത്രധാരണ രീതിക്ക് അനുമതി നിഷേധിക്കുന്നത് ധാര്‍മ്മികമായി ന്യായീകരിക്കാനാവാത്തതാണെന്ന് കത്ത് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം മാനിക്കാന്‍ കത്തോലിക്കാ സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും കത്തില്‍ പറയുന്നു.

രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍: ഉത്തരേന്ത്യയില്‍ ഹിന്ദുത്വ ശക്തികളില്‍ നിന്ന് ക്രൈസ്തവര്‍ വെല്ലുവിളികള്‍ നേരിടുമ്പോള്‍, കേരളത്തിലെ ചില കത്തോലിക്കാ മെത്രാന്മാരും രൂപതാ നേതൃത്വങ്ങളും ബോധപൂര്‍വം മുസ്ലിം വിരുദ്ധ വികാരം വളര്‍ത്തി ഹിന്ദുത്വ ശക്തികള്‍ക്ക് സഹായം ചെയ്യുന്നതായി കത്തില്‍ ആരോപിക്കുന്നു. ഇത് ദേശീയതലത്തിലെ ക്രൈസ്തവ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും കത്ത് മുന്നറിയിപ്പ് നല്‍കുന്നു.

വിദ്വേഷ പ്രചാരണങ്ങള്‍: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉള്‍പ്പെടെയുള്ള ചില ബിഷപ്പുമാരുടെയും രൂപതാ മാധ്യമങ്ങളുടെയും കീഴിലുള്ള വൈദികരും അല്‍മായ നേതാക്കളും മുസ്ലിം സമുദായത്തിനെതിരെ നിരന്തരമായി വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നത് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 'ലൗ ജിഹാദ്', 'നാര്‍ക്കോട്ടിക് ജിഹാദ്' തുടങ്ങിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

പ്രധാന ആവശ്യങ്ങള്‍:

കേരളത്തിലെ കത്തോലിക്കാ മെത്രാന്മാര്‍ നടത്തുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ദേശീയ മെത്രാന്‍ സഭ ഇടപെടണം.

വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്ന വൈദികരെയും അല്‍മായ നേതാക്കളെയും നിയന്ത്രിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കണം.

കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മറ്റ് മതവിശ്വാസികളെയും അവരുടെ ആചാരങ്ങളെയും ഉള്‍ക്കൊള്ളാന്‍ വ്യക്തമായ ഒരു ഏകീകൃത നയരേഖ രൂപീകരിക്കണം.

സംഘര്‍ഷങ്ങള്‍ക്ക് പകരം ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഭാ നേതൃത്വം മുന്‍കൈയെടുക്കണം.

ഇന്ത്യയുടെ ബഹുസ്വരതയും ക്രൈസ്തവ സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കാന്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്ന് കത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.

കത്തില്‍ ഒപ്പിട്ടവര്‍:

ഫെലിക്‌സ് ജെ പുല്ലുടന്‍

ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്മെന്റ് പ്രസിഡന്റ്,

ജോസഫ് വെളിവില്‍,

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍, പ്രസിഡന്റ്.

Next Story

RELATED STORIES

Share it