Sub Lead

കേരളം ഇന്ന് ബൂത്തിലേക്ക്; കൊവിഡ് നിയന്ത്രണം പാലിക്കണമെന്ന് മുന്നറിയിപ്പ്

കേരളം ഇന്ന് ബൂത്തിലേക്ക്; കൊവിഡ് നിയന്ത്രണം പാലിക്കണമെന്ന് മുന്നറിയിപ്പ്
X

മാവോവാദി ഭീഷണി നിലനില്‍ക്കുന്ന കണ്ണൂര്‍ ചെറുപുഴ പഞ്ചായത്തിലെ കോഴിച്ചാല്‍ ബൂത്തില്‍ ബിഎസ്എഫ് എസ്‌ഐ അമീര്‍ ഹൂസയ്‌ന്റെ നേതൃത്വത്തില്‍ ഒരുക്കിയ സുരക്ഷ


തിരുവനന്തപുരം: 15ാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വാശിയേറിയ പ്രചാരണങ്ങള്‍ക്കും ആരോപണ-പ്രത്യാരോപണങ്ങള്‍ക്കും ശേഷം നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. കൊവിഡ് മഹാമാരിയുടെ കാലത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനം വീണ്ടും നിയന്ത്രണങ്ങള്‍ പാലിച്ച് ബൂത്തിലെത്തുമ്പോള്‍ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്ന് പ്രത്യേകം അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെയാണ് വോട്ടെടുപ്പ്. നിയമസഭയിലേക്ക് 957 സ്ഥാനാര്‍ഥികളാണ് ജനവിധി കാത്ത് മല്‍സരരംഗത്തുള്ളത്.

സംസ്ഥാനത്ത് സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്‌നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്. പ്രചാരണത്തില്‍ ഏറ്റവും വിവാദമായ ഇരട്ടവോട്ട് തടയാന്‍ പ്രത്യേക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വൈകീട്ട് അവസാന മണിക്കൂറില്‍ വോട്ടുചെയ്യാന്‍ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.


കൊവിഡ്: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

വോട്ട് ചെയ്യാനായി വീട്ടില്‍ നിന്നിറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടുപോവരുത്.

രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കൈയില്‍ കരുതുക.

പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.

ആരോട് സംസാരിച്ചാലും ആറ് അടി സാമൂഹിക അകലം പാലിക്കണം.

പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുന്നിലും പിന്നിലും ആറ് അടി സാമൂഹിക അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്.

ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.

എല്ലാവരേയും തെര്‍മല്‍ സ്‌കാനിങ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.

തെര്‍മല്‍ സ്‌കാനറില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയര്‍ന്ന താപനില കണ്ടാല്‍ അവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാവുന്നതാണ്.

കൊവിഡ് രോഗികളും കൊവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളൂ.

പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യുവാന്‍ പോവുക. അവര്‍ ആള്‍ക്കൂട്ടത്തില്‍ പോവരുത്.

മറ്റ് ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.

വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് പോവുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.

പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.

അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.

വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ചുപോവുക.

വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.

എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശയുടെ 1056 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം.Next Story

RELATED STORIES

Share it