Sub Lead

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്

പൗരത്വ ഭേദഗതി നിയമത്തിനെതിരേ കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക്
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്തെ കേരളം യോജിച്ച പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നു. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10നു സത്യഗ്രഹം ആരംഭിക്കും. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെയും മതനിരപേക്ഷതയുടെയും മൂല്യങ്ങളെ കശാപ്പു ചെയ്യുന്ന പൗരത്വ ഭേദഗതി നിയമം ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് കേരളം ഒറ്റക്കെട്ടായി പ്രതികരണത്തിലേക്ക് നീങ്ങുന്നത്. സാംസ്‌കാരിക, കലാ, സാഹിത്യ മേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പെടെ സത്യഗ്രഹത്തെ അഭിസംബോധന ചെയ്യും. ജനാധിപത്യ സംരക്ഷണത്തിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലും സംഘടനകളിലുംപെട്ടവര്‍ അഭിവാദ്യം അര്‍പ്പിക്കും. നവോത്ഥാന സമിതി പ്രവര്‍ത്തകരും സമരത്തില്‍ പങ്കാളികളാവും.

പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംഘപരിവാര്‍ അജണ്ടയ്ക്കു വിധേയമായി എന്‍ഡിഎ സര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭത്തിനും ജനരോഷത്തിനും കാരണമായിരിക്കുകയാണ്. മതത്തിന്റെ പേരില്‍ പൗരന്മാരെ വേര്‍തിരിച്ച് വ്യത്യസ്ത തട്ടുകളിലാക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ വലിയതോതില്‍ ആശങ്ക പടരുന്നു. ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാനാവാത്തതാണെന്നും കേരളം വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നിലനില്‍പ്പിന് ഭരണഘടനയും അതിന്റെ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. അതിനായുള്ള കേരളത്തിന്റെ ഒറ്റക്കെട്ടായ ശബ്ദമാണ് യോജിച്ച പ്രക്ഷോഭവേദിയില്‍ ഉയരുക. ഈ പ്രക്ഷോഭത്തോടും അതുയര്‍ത്തുന്ന മുദ്രാവാക്യത്തോടും മുഴുവന്‍ ജനവിഭാഗങ്ങളുടെയും സഹകരണമുണ്ടാവണമെന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നറിയിച്ചു.




Next Story

RELATED STORIES

Share it