Sub Lead

ഇന്ധനവില വര്‍ധനവിനെതിരേ ആളിക്കത്തി ജനരോഷം; ഖസാക്കിസ്താന്‍ സര്‍ക്കാര്‍ രാജിവച്ചു

ഇന്ധനവില വര്‍ധനവിനെതിരേ ആളിക്കത്തി ജനരോഷം; ഖസാക്കിസ്താന്‍ സര്‍ക്കാര്‍ രാജിവച്ചു
X

നൂര്‍ സുല്‍ത്താന്‍: ഇന്ധനവില കുത്തനെ വര്‍ധിപ്പിച്ചതിനെതിരേ ആളിക്കത്തിയ ജനരോഷത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഖസാക്കിസ്താന്‍ സര്‍ക്കാര്‍ രാജിവച്ചൊഴിഞ്ഞു. ആയിരക്കണക്കിന് ജനങ്ങള്‍ സര്‍ക്കാരിനെതിരേ പ്രതിഷേധവുമായി തെരുവിലിറങ്ങിയതിനെത്തുടര്‍ന്ന് പലയിടത്തും അക്രമസംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയില്‍ വാഹനങ്ങള്‍ കത്തിച്ചതിനെത്തുടര്‍ന്ന് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലിസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

മേയറുടെ ഓഫിസിലേക്ക് ഇരച്ചുകയറാനെത്തിയ നൂറുകണക്കിന് പ്രതിഷേധക്കാരെ തടയാനാണ് അല്‍മാട്ടിയിലെ പോലിസ് കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡുകളും പ്രയോഗിച്ചതെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. പ്രതിഷേധം തണുപ്പിക്കാനോ ജനങ്ങളെ നിയന്ത്രിക്കാനോ സാധിക്കാതെ വന്നതിനാല്‍ രാജിവയ്ക്കുന്നതായി പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവ് അറിയിച്ചു. പ്രസിഡന്റിന്റെ രാജി സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ടോക്കയേവ് അലിഖാന്‍ സ്‌മൈലോവിനെ ആക്ടിങ് പ്രധാനമന്ത്രിയായി നിയമിച്ചതായി പ്രസിഡന്റിന്റെ ഓഫിസ് കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷം നിയന്ത്രണാതീതമായതിനെത്തുടര്‍ന്ന് കസാകിസ്താന്‍ പ്രസിഡന്റ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. മധ്യേഷ്യയിലെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലും പ്രതിഷേധം അക്രമാസക്തമായ പടിഞ്ഞാറന്‍ മാംഗിസ്‌റ്റോ പ്രവിശ്യയിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇവിടങ്ങളില്‍ മുഴുരാത്രി കര്‍ഫ്യുവും ആള്‍ക്കൂട്ട നിരോധനവും ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം ആരംഭിച്ചത് മുതല്‍ 200ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും 95 പോലിസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മംഗ്‌സ്‌റ്റോവ് മേഖലയിലുള്ളവര്‍ വാഹനങ്ങളുടെ പ്രധാന ഇന്ധനമായി എല്‍പിജിയെയാണ് ആശ്രയിക്കുന്നത്.

ഗ്യാസോലില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ വില കുറവായതിനാലാണ് ജനങ്ങള്‍ എല്‍പിജിയെ ആശ്രയിക്കുന്നത്. എല്‍പിജി വിലപരിധി അധികൃതര്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഇന്ധനവില വന്‍തോതില്‍ കൂടുകയായിരുന്നു. ഇന്ധന വിലയിലെ കുതിച്ചുചാട്ടം ഭക്ഷണമടക്കമുള്ള മറ്റ് ജീവിതചെലവുകളെയും സാരമായി ബാധിച്ചു. കൊവിഡ് കാലത്തെ പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ജനങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയായി.

ഖസാക്കിസ്താനിലെ ഏറ്റവും വലിയ നഗരമായ അല്‍മാട്ടിയിലെ പ്രധാന ചത്വരത്തില്‍ ചൊവ്വാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തു. അല്‍മാട്ടിയിലെ സമീപപ്രദേശങ്ങളിലും മണിക്കൂറുകളോളം പോലിസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇന്ധനവില കുതിച്ചുയര്‍ന്നതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രതിഷേധ പ്രകടനങ്ങള്‍ ഷാനോസെനിലെ മങ്‌സ്‌റ്റോ ഓയില്‍ ഹബ്ബിലാണ് ആദ്യം നടന്നത്.

തുടര്‍ന്ന് പ്രവിശ്യാകേന്ദ്രമായ അക്തൗ, ടെങ്ങിഷെവ്‌റോയില്‍ വര്‍ക്കര്‍ ക്യാംപ് തുടങ്ങി മാംഗ്‌സ്‌റ്റോവിലെയും പടിഞ്ഞാറന്‍ കസാക്കിസ്ഥാന്റെയും മറ്റ് ഭാഗങ്ങളിലേക്കും പ്രകടനങ്ങള്‍ വ്യാപിച്ചു. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് എല്‍പിജി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുമെന്ന് ടോകയേവ് ചൊവ്വാഴ്ച ഒരു ട്വീറ്റില്‍ അറിയിച്ചിരുന്നു. എന്നാല്‍, ജനങ്ങള്‍ പ്രതിഷേധത്തില്‍നിന്ന് പിന്‍മാറാന്‍ തയ്യാറാവാതിരുന്നതോടെയാണ് രാജിവയ്ക്കാന്‍ ടോകയേവ് സര്‍ക്കാര്‍ തീരുമാനിച്ചത്.

Next Story

RELATED STORIES

Share it