Latest News

ടി പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍; ആര്‍ക്കും കിട്ടാത്ത ആനുകൂല്യങ്ങളെന്ന് കെ കെ രമ

സ്വാഭാവിക നടപടിയെന്ന് ജയില്‍ വകുപ്പ്

ടി പി വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍; ആര്‍ക്കും കിട്ടാത്ത ആനുകൂല്യങ്ങളെന്ന് കെ കെ രമ
X

കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വീണ്ടും പരോള്‍. പ്രതികളായ മുഹമ്മദ് ഷാഫിക്കും ഷിനോജിനുമാണ് 15 ദിവസത്തെ പരോള്‍ അനുവദിച്ചത്. രണ്ടുപേരും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. വര്‍ഷാവസാനം നല്‍കുന്ന സ്വാഭാവിക പരോളെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരേ എംഎല്‍എയും ടി പി ചന്ദ്രശേഖറിന്റെ ഭാര്യയുമായ കെ കെ രമ രംഗത്തെത്തി. പ്രതികള്‍ക്ക് ഇഷ്ടം പോലെ പരോള്‍ നല്‍കുകയാണെന്നും എന്ത് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണിതെന്നും രമ ചോദിച്ചു. ഈ ഭരണകാലയളവ് അവസാനിക്കാന്‍ പോകുമ്പോള്‍ തങ്ങള്‍ സംരക്ഷിക്കുന്നുണ്ടെന്ന് തെളിയിക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാരെന്നും അവര്‍ പറഞ്ഞു. ആര്‍ക്കും കിട്ടാത്ത ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്നും പ്രതികള്‍ക്ക് കൈക്കൂലി വാങ്ങി സഹായം ചെയ്ത ഡിഐജി വിനോദ് കുമാറിനെതിരേ നടപടി എടുക്കുന്നില്ലെന്നും രമ പറഞ്ഞു.

ജയില്‍ച്ചട്ടം അനുസരിച്ചാണ് പരോള്‍ അനുവദിച്ചത്. തിരഞ്ഞെടുപ്പായതിനാല്‍ ആര്‍ക്കും പരോള്‍ നല്‍കിയിരുന്നില്ല, ഇപ്പോള്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം പരോള്‍ നല്‍കിയെന്നും ജയില്‍ വകുപ്പ് പറഞ്ഞു. കഴിഞ്ഞദിവസം ടി പി കേസിലെ നാലാം പ്രതിയായ ടി കെ രജീഷിനും പരോള്‍ ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ രജീഷിന് രണ്ടു തവണയാണ് പരോള്‍ ലഭിച്ചത്. 30 ദിവസത്തെ പരോളാണ് നേരത്തെ അനുവദിച്ചിരുന്നത്. ആയുര്‍വേദ ചികില്‍സയൊക്കെ കഴിഞ്ഞ് ഈ മാസം ഏഴിനാണ് രജീഷ് തിരിച്ചെത്തിയത്.

ഒരു മാസം ജയിലില്‍ കിടക്കുന്നവര്‍ക്ക് അഞ്ചു ദിവസത്തെ പരോളുണ്ട്. അതുപോലെ ഒരു വര്‍ഷം ജയിലില്‍ കഴിയുന്നവര്‍ക്ക് 60 ദിവസം പരോള്‍ ലഭിക്കുമെന്നതാണ് ജയില്‍ ചട്ടം. തിരഞ്ഞെടുപ്പായതു കൊണ്ട് തന്നെ കഴിഞ്ഞ രണ്ടു മാസമായി ആര്‍ക്കും പരോള്‍ നല്‍കിയിരുന്നില്ല. 31 ആകുമ്പോഴേക്ക് സമയം അവസാനിക്കുന്നതു കൊണ്ട് പരമാവധി ആളുകള്‍ ആവശ്യപ്പെട്ടതു പോലെ പരോള്‍ അനുവദിക്കുന്നുവെന്നായിരുന്നു ജയില്‍ വകുപ്പ് നല്‍കുന്ന വിശദീകരണം.

Next Story

RELATED STORIES

Share it