Latest News

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും കോടതി നോട്ടീസ്

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതി: ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എക്കും കോടതി നോട്ടീസ്
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും നോട്ടീസ്. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ ദേവിനും കോടതി നോട്ടീസ് അയച്ചു. കേസില്‍ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നിന്ന് ഇവരെ ഒഴിവാക്കിയതിനെതിരേ യദു നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടല്‍. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെതാണ് നടപടി. കേസില്‍ വിശദീകരണം നല്‍കാനാണ് കോടതി നോട്ടീസ് അയച്ചത്.

നേരത്തെ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആര്യ രാജേന്ദ്രന്റെ സഹോദരന്‍ അരവിന്ദിനെ മാത്രമാണ് പ്രതിയാക്കിയിരുന്നത്. ആര്യയെയും സച്ചിന്‍ ദേവിനെയും ഉള്‍പ്പെടെയുള്ളവരെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ നടപടി തള്ളണമെന്നും ഇവരെ കൂടി കേസില്‍ പ്രതി ചേര്‍ക്കണമെന്നുമാണ് യദുവിന്റെ ആവശ്യം. മേയറും എംഎല്‍എയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

കേസിലെ ഏറ്റവും നിര്‍ണ്ണായകമായ തെളിവായ ബസ്സിലെ സിസിടിവി മെമ്മറി കാര്‍ഡ് നശിപ്പിച്ചത് അന്നത്തെ കണ്ടക്ടര്‍ സുബിനാണെന്ന് യദു തന്റെ പുതിയ ഹരജിയില്‍ ആരോപിക്കുന്നു. ആര്യ രാജേന്ദ്രന്റെയും സച്ചിന്‍ ദേവിന്റെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സുബിന്‍ ഇത് ചെയ്തതെന്നും, അതിനാല്‍ സുബിനെ കൂടി പ്രതിയാക്കി പുനരന്വേഷണം നടത്തി പുതിയ കുറ്റപത്രം സമര്‍പ്പിക്കണമെന്നും യദു ആവശ്യപ്പെട്ടു. സച്ചിന്‍ ദേവ് എംഎല്‍എ ബസ്സിനുള്ളില്‍ കയറി അക്രമം കാണിച്ചതിന്റെ ദൃശ്യങ്ങള്‍ ഈ മെമ്മറി കാര്‍ഡില്‍ ഉണ്ടായിരുന്നുവെന്നും യദു ആരോപിക്കുന്നുണ്ട്.

2024 ഏപ്രിലില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം പട്ടം പ്ലാമൂടുവച്ച് മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നല്‍കാത്തതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. മേയര്‍ക്കൊപ്പം ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയും വാഹനത്തിലുണ്ടായിരുന്നു. അന്നുരാത്രിതന്നെ മേയര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. മേയര്‍ക്കും എംഎല്‍എ സച്ചിന്‍ദേവിനുമെതിരേ ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതിനും കേസുണ്ട്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.

ആര്യ രാജേന്ദ്രന്റെ ഒപ്പമുള്ളവര്‍ തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ ആരോപണം. മേയറാണെന്ന് അറിയാതെയാണ് ആര്യയുമായി തര്‍ക്കിച്ചത്. അവര്‍ ഇടതുവശത്തുകൂടെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു. സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കടത്തിവിടാതിരുന്നതെന്നും പിഎംജിയിലെ വണ്‍വേയില്‍ അവര്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ സ്ഥലം നല്‍കാന്‍ സാധിക്കില്ലായിരുന്നുവെന്നുമാണ് സംഭവത്തെക്കുറിച്ച് ഡ്രൈവര്‍ യദു അന്ന് വിശദീകരിച്ചത്. സംഭവത്തില്‍ മേയര്‍ക്കെതിരേ കേസെടുക്കാന്‍ പോലിസ് ആദ്യം വിമുഖത കാണിച്ചിരുന്നുവെന്നും പിന്നീട് കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പോലിസിന്റെ അന്വേഷണം പക്ഷപാതപരമായിരുന്നുവെന്നും, മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതില്‍ പോലിസ് പരാജയപ്പെട്ടുവെന്നും യദു ആരോപിക്കുന്നു.

Next Story

RELATED STORIES

Share it