Sub Lead

കത്‌വ, ഉന്നാവോ ഫണ്ട് വകമാറ്റിയെന്ന പരാതി: പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരേ കേസെടുത്ത് ഇഡി

യൂത്ത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് സി കെ സുബൈര്‍ ഒന്നാം പ്രതിയും പി കെ ഫിറോസ് രണ്ടാം പ്രതിയുമായാണ് കേസെടുത്തിരിക്കുന്നത്.

കത്‌വ, ഉന്നാവോ ഫണ്ട് വകമാറ്റിയെന്ന പരാതി: പി കെ ഫിറോസിനും സി കെ സുബൈറിനുമെതിരേ കേസെടുത്ത് ഇഡി
X

കോഴിക്കോട്: കത്‌വ, ഉന്നാവോ ഫണ്ട് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനും യൂത്ത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് സി കെ സുബൈറിനുമെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. യൂത്ത് ലീഗിന്റെ മുന്‍ അഖിലേന്ത്യാ നേതാവ് സി കെ സുബൈര്‍ ഒന്നാം പ്രതിയും പി കെ ഫിറോസ് രണ്ടാം പ്രതിയുമായാണ് കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ചുവരുത്തി പി കെ ഫിറോസിനെ ഇഡി ചോദ്യം ചെയ്യും. നോട്ടീസ് അയച്ച് വിളിച്ചുവരുത്തിയാവും ചോദ്യം ചെയ്യുക.

കത്‌വയിലും ഉന്നാവോയിലും ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് ഒരുകോടിയോളം രൂപ പിരിച്ചിരുന്നു. പള്ളികളില്‍നിന്നും പ്രവാസികളില്‍നിന്നും മറ്റുമായിരുന്നു പിരിവ്. ഇത് കൃത്യമായി പെണ്‍കുട്ടികളുടെ കുടുംബത്തിന് ലഭിച്ചില്ലെന്നും വലിയ തോതില്‍ വകമാറ്റിയതായുമായാണ് ആരോപണമുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിക്കുകയും ഇപ്പോള്‍ കേസെടുക്കുകയും ചെയ്തത്. ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സി കെ സുബൈറിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

15 ലക്ഷം രൂപയോളം വകമാറ്റി ചെലവഴിച്ചതായി ചോദ്യം ചെയ്യലില്‍ വ്യക്തമാവുകയും ചെയ്തു. എന്നാല്‍, പിരിച്ച തുകയില്‍ വലിയ ഭാഗവും യൂത്ത് ലീഗ് ദേശീയ ഭാരവാഹികളും സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് അടക്കമുള്ളവരും തട്ടിയതായി മുന്‍ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലമാണ് ആരോപണമുന്നയിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ നേരത്തെ പി കെ ഫിറോസിനെതിരേയും സി കെ സുബൈറിനെതിരേയും കുന്ദമംഗലം പോലിസും കേസെടുത്തിരുന്നു.

ഐപിസി 420 പ്രകാരമാണ് കേസെടുത്തിരുന്നത്. കത്‌വ, ഉന്നാവോ പെണ്‍കുട്ടികളുടെ കുടംബങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതിനായി ഏകദിന ഫണ്ട് സമാഹരണം നടത്താന്‍ 2018 ഏപ്രില്‍ 19,20 തിയ്യതികളില്‍ സി കെ സുബൈര്‍ പത്രത്തില്‍ പരസ്യം കൊടുത്ത് പണം പിരിച്ചുവെന്നായിരുന്നു കേസ്. കോഴിക്കോട് പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ അക്കൗണ്ടിലൂടെ ഒരുകോടിയോളം രൂപ പിരിച്ചെടുത്തത് വകമാറ്റി ചെലവഴിച്ചെന്നും 15 ലക്ഷം രൂപ രണ്ടാം പ്രതിയായ പി കെ ഫിറോസ് മറ്റ് ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് വഞ്ചിച്ചുവെന്നുമാണ് പരാതിയില്‍ ആരോപിച്ചിരുന്നത്.

Next Story

RELATED STORIES

Share it