Sub Lead

കഠ് വ കൂട്ടബലാല്‍സംഗക്കൊല: വിധി അല്‍പസമയത്തിനകം; കോടതിയില്‍ വന്‍ സുരക്ഷ

നാടോടി സമുദായമായ ബക്കര്‍വാലുകളെ കഠ്‌വയിലെ രസാന ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കുകയെന്ന ലക്ഷ്യത്തോടെ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എട്ടു ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ച ശേഷം തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്

കഠ് വ കൂട്ടബലാല്‍സംഗക്കൊല: വിധി അല്‍പസമയത്തിനകം; കോടതിയില്‍ വന്‍ സുരക്ഷ
X

ശ്രീനഗര്‍: ജമ്മുവിലെ കഠ്‌വയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ വിധി പ്രസ്താവത്തിനുള്ള നടപടികള്‍ തുടങ്ങി. കുറ്റാരോപിതായ എഴുപേരും രാവിലെ 10.38ഓടെ പഠാന്‍കോട്ടിലെ ജില്ലാ സെഷന്‍സ് കോടതിയിലെത്തി. കോടതിക്കു ചുറ്റും വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ആയിരത്തിലേറെ പോലിസ് ഉദ്യോഗസ്ഥരെയും സുരക്ഷാ സേനക്കാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. കേസില്‍ നാല് പോലിസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ടുപേരാണ് പ്രതികള്‍.

2018 ജനുവരിയിലാണ് രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ബലാല്‍സംഗക്കൊലപാതകം നടന്നത്. നാടോടി സമുദായമായ ബക്കര്‍വാലുകളെ കഠ്‌വയിലെ രസാന ഗ്രാമത്തില്‍ നിന്ന് ആട്ടിയോടിക്കുകയെന്ന ലക്ഷ്യത്തോടെ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി എട്ടു ദിവസത്തോളം ലൈംഗികമായി പീഡിപ്പിച്ച ശേഷം തലയില്‍ കല്ലിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മുഖ്യ ഗൂഢാലോചകന്‍ കൂടിയായ ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സാഞ്ജി റാമിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലാണ് പീഡനം നടന്നതെന്ന് ജമ്മു കശ്മീര്‍ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. സാഞ്ജി റാമിന്റെ മകന്‍ വിശാല്‍, പ്രായപൂര്‍ത്തിയാവാത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ ദീപക് കജൂരിയ എന്നിവര്‍ കുറ്റകൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തതായാണു കുറ്റപത്രത്തില്‍ പറയുന്നത്. കേസ് ആദ്യം അന്വേഷിച്ച എസ്‌ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പോലിസ് ഓഫിസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ക്കെതിരേ തെളിവുനശിപ്പിക്കാന്‍ കൂട്ടുനിന്നതിനു കേസെടുത്തിരുന്നു.

പ്രമാദമായ കേസിലെ കുറ്റപത്രം കഠ്‌വ കോടതിയില്‍ സമര്‍പ്പിക്കുന്നതിനെ ഒരുകൂട്ടം അഭിഭാഷകര്‍ എതിര്‍ത്തിരുന്നു. തുടര്‍ന്ന് സുപ്രിംകോടതി ഇടപെട്ടാണ് കേസിലെ വിചാരണ നടപടികള്‍ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്കു മാറ്റിയത്. കോടതി ഉത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടത്തിയത്. ആകെ 275 തവണ വാദം കേട്ട കേസില്‍ 132 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രായം സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ തുടങ്ങിയിട്ടില്ല. കേസിലെ പ്രതികള്‍ക്കു വേണ്ടി ബിജെപി എംഎല്‍എയുടെ നേതൃത്വത്തില്‍ ദേശീയപതാകയേന്തി പ്രകടനം നടത്തിയത് ഏറെ വിവാദമായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേരളത്തില്‍ ഉള്‍പ്പെടെ വ്യാപക പ്രതിഷേധത്തിനു കാരണമാക്കിയ കഠ്‌വ കേസിലെ വിധിയെ രാജ്യം ഉറ്റുനോക്കുകയാണ്.
Next Story

RELATED STORIES

Share it