Sub Lead

കശ്മീരി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്

കശ്മീരി നേതാവ് യാസിന്‍ മാലിക്കിന് ജീവപര്യന്തം തടവ്
X

ന്യൂഡല്‍ഹി: സായുധപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കിയെന്നാരോപിച്ച് ചുമത്തിയ കേസില്‍ കശ്മീരി നേതാവ് യാസിന്‍ മാലിക്കിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡല്‍ഹിയിലെ പ്രത്യേക എന്‍ഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. യുഎപിഎയിലെ ഏഴ് വകുപ്പുകള്‍ പ്രകാരം യാസിന്‍ മാലിക് കുറ്റവാളിയാണെന്നാണ് കോടതി കണ്ടെത്തിയത്. 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കേസില്‍ പരമാവധി ശിക്ഷയായ വധശിക്ഷ വേണമെന്നായിരുന്നു എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

എന്നാല്‍, ഒന്നിനും വേണ്ടി യാചിക്കില്ലെന്നും കേസില്‍ കോടതിക്ക് തീരുമാനമെടുക്കാമെന്നും യാസിന്‍ മാലിക് പറഞ്ഞിരുന്നു. ഇരട്ട ജീവപര്യന്തം ശിക്ഷയും 10 വര്‍ഷം കഠിനതടവ് വീതമുള്ള അഞ്ച് ശിക്ഷകളുമാണ് വിധിച്ചത്. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതി- അഭിഭാഷകന്‍ ഉമേഷ് ശര്‍മ പറഞ്ഞു. വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ യാസിന്‍ മാലിക്കിന് അവസരമുണ്ട്. കഴിഞ്ഞ ദിവസമാണ് യാസിന്‍ മാലിക്ക് കേസില്‍ കുറ്റക്കാരനാണെന്ന് എന്‍ഐഎ കോടതി വിധിച്ചത്.

അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാരാണ് തനിക്ക് പാസ്‌പോര്‍ട്ട് നല്‍കിയത്. കുറ്റവാളിയാണെങ്കില്‍ ലോകം ചുറ്റി സഞ്ചരിക്കാനും സംസാരിക്കാനും അനുവദിച്ചിരുന്നത് എന്തിനാണെന്ന് വാദത്തിനിടെ മാലിക് ചോദിച്ചു. 1994ല്‍ ആയുധം ഉപേക്ഷിച്ചത് മുതല്‍ മഹാത്മാഗാന്ധിയുടെ തത്വങ്ങളാണ് താന്‍ പിന്തുടരുന്നത്. അന്ന് മുതല്‍ കശ്മീരില്‍ അഹിംസാ രാഷ്ട്രീയമാണ് താന്‍ ചെയ്യുന്നത്.

കഴിഞ്ഞ 28 വര്‍ഷമായി ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനങ്ങളിലോ അക്രമത്തിലോ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് ചൂണ്ടിക്കാണിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ അദ്ദേഹം വെല്ലുവിളിച്ചു. അങ്ങനെ കണ്ടെത്തിയാല്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും തൂക്കുകയര്‍ സ്വീകരിക്കാമെന്നും യാസിന്‍ മാലിക് പറഞ്ഞതായി അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. യാസിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ജെകെഎല്‍എഫ് (ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്) പാര്‍ട്ടിയെ 2019 മാര്‍ച്ചില്‍ നിരോധിച്ചിരുന്നു. യുഎപിഎ പ്രകാരം കേന്ദ്രസര്‍ക്കാരാണ് പാര്‍ട്ടിയെ ജമ്മു കശ്മീരില്‍ നിരോധിച്ചിരുന്നത്. അന്ന് യാസിന്‍ മാലിക്കിനെ അറസ്റ്റ് ചെയ്ത പോലിസ് ജമ്മു കോട് ബല്‍വാല്‍ ജയിലിലാണ് പാര്‍പ്പിച്ചിരുന്നത്.

Next Story

RELATED STORIES

Share it