Sub Lead

കാസ്ഗഞ്ച് കസ്റ്റഡി കൊലപാതകം: മലക്കംമറിഞ്ഞ് യുപി പോലിസ്

അൽതാഫുമായുള്ള യുവതിയുടെ പ്രണയ ബന്ധത്തെ എതിർക്കാനാണ് യുവതിയുടെ ബന്ധുക്കൾ കള്ളക്കേസ് നൽകിയതെന്ന വിവരമാണ് വെളിച്ചത്തായത്.

കാസ്ഗഞ്ച് കസ്റ്റഡി കൊലപാതകം: മലക്കംമറിഞ്ഞ് യുപി പോലിസ്
X

കാസ്‌ഗഞ്ച്: കാസ്‌ഗഞ്ച് കസ്റ്റഡി കൊലപാതകക്കേസിലെ പുതിയ സംഭവവികാസത്തിൽ, കാണാതായ പെൺകുട്ടിക്ക് പ്രായപൂർത്തിയായതാണെന്ന് പോലിസ്. യുവതിക്കും അൽതാഫിനും പരസ്പരം അറിയാവുന്നതിനാൽ നവംബർ 9 ന് പോലിസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ 22 കാരനായ അൽതാഫിനെതിരായ തട്ടിക്കൊണ്ടുപോകൽ കുറ്റം ഒഴിവാക്കുമെന്നും പോലിസ് പറഞ്ഞു.

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ അൽതാഫിനെ കഴിഞ്ഞയാഴ്ച ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 363, 366 എന്നിവ പ്രകാരമായിരുന്നു ഇയാൾക്കെതിരേ കേസെടുത്തിരുന്നത്. നവംബർ 9-നാണ് അൽതാഫിനെ പോലിസ് സ്‌റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തറയിൽ നിന്ന് രണ്ടടി മുകളിലുള്ള ടോയ്‌ലറ്റ് വാട്ടർ പൈപ്പിൽ ജാക്കറ്റിന്റെ ചരട് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നുവെന്നായിരുന്നു പോലിസ് അവകാശപ്പെട്ടത്.

തിങ്കളാഴ്ച പ്രാദേശിക കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. വെള്ളിയാഴ്ച കാസ്ഗഞ്ച് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് യുവതിയെ കണ്ടെത്തിയതെന്നാണ് പോലിസ് അവകാശവാദം. ഇതോടെ അൽതാഫുമായുള്ള യുവതിയുടെ പ്രണയ ബന്ധത്തെ എതിർക്കാനാണ് യുവതിയുടെ ബന്ധുക്കൾ കള്ളക്കേസ് നൽകിയതെന്ന വിവരമാണ് വെളിച്ചത്തായത്.

പ്രായപൂർത്തിയാകാത്തവളാണെന്ന് യുവതിയുടെ പിതാവ് പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ യുവതിക്ക് 19 വയസ്സുണ്ടെന്ന് കണ്ടെത്തി. നേരത്തെ അൽതാഫിനെതിരേ എഫ്‌ഐആറിൽ ചേർത്തിരുന്ന തട്ടിക്കൊണ്ടുപോകൽ വകുപ്പ് നീക്കം ചെയ്യും. മജിസ്‌ട്രേറ്റിന് മുമ്പാകെ നൽകിയ മൊഴിയുടെ പകർപ്പ് ലഭിച്ചാൽ തുടർനടപടികൾ പരിഗണിക്കുമെന്ന് കാസ്ഗഞ്ച് എസ്പി ബോത്രെ രോഹൻ പ്രമോദ് പറഞ്ഞു.


Next Story

RELATED STORIES

Share it