Big stories

ഉച്ചഭാഷിണി നിയന്ത്രണം ബാങ്ക് വിളിയെ ബാധിക്കില്ല; വ്യക്തത വരുത്തി കര്‍ണാടക വഖഫ് ബോര്‍ഡ്

ഉച്ചഭാഷിണി നിയന്ത്രണം ബാങ്ക് വിളിയെ ബാധിക്കില്ല; വ്യക്തത വരുത്തി കര്‍ണാടക വഖഫ് ബോര്‍ഡ്
X

ബെംഗളൂരു: പള്ളികളിലും ദര്‍ഗകളിലും ഏര്‍പ്പെടുത്തിയ ഉച്ചഭാഷിണി നിരോധനം ബാങ്ക് വിളിയെ ബാധിക്കില്ലെന്ന് കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ്. ഇതുസംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായതോടെയാണ് വ്യക്തത വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സുബഹി ബാങ്കിനെ നിയന്ത്രിക്കാനുള്ള ആഹ്വാനമല്ല സര്‍ക്കുലറിലുള്ളതെന്നും വഖ്ഫ് ബോര്‍ഡ് അറിയിച്ചു. മുന്‍ സര്‍ക്കുലറിലെ ഉള്ളടക്കങ്ങള്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതിനാലാണ് വഖ്ഫ് ബോര്‍ഡ് സിഇഒ വൈ എം മുഹമ്മദ് യൂസഫ് ബുധനാഴ്ച പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചെന്നത് ശരിയല്ലെന്നും മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സുബഹി ബാങ്കിന് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക സംസ്ഥാന വഖഫ് ബോര്‍ഡ് പുറത്തിറക്കിയ പുതിയ സര്‍ക്കുലര്‍

നേരത്തേ, ശബ്ദമലിനീകരണത്തിന്റെ പേരില്‍ രാത്രി 10 മുതല്‍ രാവിലെ 6 വരെ പള്ളികളിലും ദര്‍ഗകളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ട് മാര്‍ച്ച് 9ന് കര്‍ണാടക സംസ്ഥാന വഖ്ഫ് ബോര്‍ഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം രാത്രി 10നും രാവിലെ 6നും ഇടയില്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് സംസ്ഥാനത്തെ എല്ലാ പള്ളികള്‍ക്കും ദര്‍ഗകള്‍ക്കും സര്‍ക്കുലറിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ഈ സമയത്തിനുള്ളിലാണ് സുബഹി ബാങ്ക് എന്നിരിക്കെ ആ സമയത്ത് ബാങ്ക് വിളിക്കുന്നതിനു ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനു വിലക്ക് ബാധകമാവുമെന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിവിധ മുസ്‌ലിം സംഘടനാ നേതാക്കള്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു.

ആദ്യം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മൂന്നാമതായി ബാങ്കുകള്‍ക്കും മരണം, ഖബറടക്കം, മാസപ്പിറവി തുടങ്ങിയവയ്ക്കും ഉച്ചഭാഷിണി ഉപയോഗിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്നലെ പുതുതായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നുണ്ട്. ഇത് വ്യാപകമായ രീതിയില്‍ തെറ്റിദ്ധാരണയ്ക്കിടയാക്കിയ പശ്ചാത്തലത്തിലാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതെന്നും അറിയിപ്പിലുണ്ട്. ശബ്ദനിയന്ത്രണത്തിനു വേണ്ടി രണ്ടു സമയങ്ങളിലായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതുപ്രകാരം പകല്‍ സമയം എന്നാല്‍ രാവിലെ ആറിനും രാത്രി പത്തിനും എന്നും രാത്രിസമയം എന്നാല്‍ രാത്രി 10നും രാവിലെ ആറിനും ഇടയിലുമെന്നാണ്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുതവല്ലിമാര്‍ക്കും മഹല്ല് ഭരണാധികാരികള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. സര്‍ക്കുലര്‍ തെറ്റിദ്ധാരണയ്ക്കിടയാക്കിയതിനാല്‍ വ്യക്തത വരുത്തിയ പുതിയ സര്‍ക്കുലര്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം അയക്കണമെന്നും വഖ്ഫ് ബോര്‍ഡ് സിഇഒ വൈ എം മുഹമ്മദ് യൂസഫ് അറിയിച്ചിട്ടുണ്ട്.

Karnataka Waqf board clarifies amid row over morning-azan circular

Next Story

RELATED STORIES

Share it