Sub Lead

കര്‍ണാടക: വിമത കോണ്‍ഗ്രസ് എംഎല്‍എ തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടുദിവസം മുമ്പാണ് റോഷന്‍ ബെയ്ഗ് എംഎല്‍എ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്

കര്‍ണാടക: വിമത കോണ്‍ഗ്രസ് എംഎല്‍എ തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍
X

ബെംഗളൂരു: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കെ കോണ്‍ഗ്രസ് വിമത എംഎല്‍എയെ തട്ടിപ്പുകേസില്‍ പോലിസ് കസ്റ്റഡിയിലെടുത്തു. 2000 കോടിയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ജ്വല്ലറി ഉടമയില്‍ നിന്ന് 400 കോടി കൈപ്പറ്റിയെന്ന കേസിലാണ് റോഷന്‍ ബെയ്ഗ് എംഎല്‍എയെ പ്രത്യേകാന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തുകയും അച്ചടക്ക നടപടിക്കു വിധേയനാവുകയും ചെയ്ത റോഷന്‍ ബെയ്ഗിനെ ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മുംബൈയിലേക്ക് പോവാനിരിക്കെയാണ് പിടികൂടിയത്. മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ പിഎ സന്തോഷും ബിജെപി എംഎല്‍എ യോഗേശ്വറും കൂടെയുണ്ടായിരുന്നുവെന്നും പോലിസിനെ കണ്ടപ്പോള്‍ ഇവര്‍ കടന്നുകളയുകയായിരുന്നുവെന്നും മുഖ്യമന്ത്രി കുമാരസ്വാമി ട്വിറ്ററിലൂടെ അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് രണ്ടുദിവസം മുമ്പാണ് റോഷന്‍ ബെയ്ഗ് എംഎല്‍എ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ മോശം ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം, മുസ്‌ലിംകള്‍ ബിജെപിയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്റ് ചെയ്യുകയായിരുന്നു. ഫലം പുറത്തുവന്ന ശേഷം ഒരാഴ്ച പിന്നിട്ടപ്പോഴാണ് റോഷന്‍ ബെയ്ഗിനെതിരേ ആരോപണവുമായി ജ്വല്ലറി തട്ടിപ്പ് കേസിലെ പ്രധാനപ്രതി വെളിപ്പെടുത്തല്‍ നടത്തിയത്. നിക്ഷേപകരുടെ 2000 കോടിയോളം രൂപയുമായി കടന്നുകള്ള ഐഎംഎ ജ്വല്ലറി ഉടമ മുഹമ്മദ് മന്‍സൂര്‍ ഖാനാണ് മുന്‍ മന്ത്രി കൂടിയായ റോഷന്‍ ബെയ്ഗിനെതിരെ 400 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് ആരോപിച്ചത്. പോലിസ് കസ്റ്റഡിയിലെടുത്ത റോഷന്‍ ബെയ്ഗിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. അതേസമയം, മുഖ്യമന്ത്രി കുമാരസ്വാമി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു.




Next Story

RELATED STORIES

Share it