Latest News

'കര്‍ണാടകയില്‍ ബുള്‍ഡോസര്‍ സംസ്‌കാരം ഇല്ല'; സത്യാവസ്ഥ അറിയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടരുതെന്ന് ഡി കെ ശിവകുമാര്‍

കര്‍ണാടകയില്‍ ബുള്‍ഡോസര്‍ സംസ്‌കാരം ഇല്ല; സത്യാവസ്ഥ അറിയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടരുതെന്ന് ഡി കെ ശിവകുമാര്‍
X

ബെംഗളൂരു: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജ് നടപടിയില്‍ സത്യാവസ്ഥ അറിയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടരുതെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് പ്രതികരണം. കര്‍ണാടകയില്‍ ബുള്‍ഡോസര്‍ രാജ് നടക്കുന്നുണ്ടെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, 'പിണറായി വിജയനെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ സത്യം അറിയാതെ സംസാരിച്ചത് നിര്‍ഭാഗ്യകരമാണ്. ബെംഗളൂരുവിലെ പ്രശ്നം എന്താണെന്ന് അദ്ദേഹം അറിയണം' എന്ന് അദ്ദേഹം പറഞ്ഞു.

'ഈ സ്ഥലം ഖരമാലിന്യ സംസ്‌കരണത്തിനുള്ള ഒരു ക്വാറിയാണ്. ഈ പ്രദേശത്ത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഞങ്ങള്‍ക്കും മനുഷ്യത്വമുണ്ട്. സര്‍ക്കാരും തദ്ദേശ നിയമസഭാംഗങ്ങളും അവരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാന്‍ അനുവദിച്ചിരുന്നു. അവിടെയുള്ളവരില്‍ കുറച്ചുപേര്‍ മാത്രമേ നാട്ടുകാരുള്ളൂ, ഇതൊരു ഖരമാലിന്യ സംസ്‌കരണ യൂണിറ്റാണ്.

പിണറായിയെപ്പോലുള്ള നേതാക്കള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടരുത്. ബെംഗളൂരുവിനെ ഞങ്ങള്‍ക്ക് നന്നായി അറിയാം. ഞങ്ങളുടെ ഭൂമി ഞങ്ങള്‍ സംരക്ഷിക്കും. അര്‍ഹതയുള്ള എല്ലാവര്‍ക്കും രാജീവ് ഗാന്ധി യോജന പ്രകാരം വീടുകള്‍ നല്‍കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,' അദ്ദേഹം പറഞ്ഞു.

കേസിന്റെ സത്യാവസ്ഥ അറിയാതെ ഇങ്ങനെ സംസാരിക്കരുതെന്ന് ഞാന്‍ പിണറായിയോട് അഭ്യര്‍ഥിക്കുന്നുവെന്നും ഞങ്ങള്‍ക്ക് ഒരു ബുള്‍ഡോസര്‍ സംസ്‌കാരവുമില്ലെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ഇത് ന്യൂനപക്ഷങ്ങളുടെയോ മറ്റെന്തെങ്കിലുമോ പ്രശ്‌നമല്ല. ആര്‍ക്കെങ്കിലും ഭൂമി ആവശ്യമുണ്ടെങ്കില്‍, അവര്‍ യോഗ്യരാണെങ്കില്‍, സര്‍ക്കാര്‍ അവര്‍ക്ക് വീട് നല്‍കും.

മറ്റ് സര്‍ക്കാരുകള്‍ക്ക് ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയും ഭവന മന്ത്രിയുമായ സമീര്‍ അഹമ്മദ് ഉള്‍പ്പെടെയുള്ള ഞങ്ങളുടെ സര്‍ക്കാര്‍ ദരിദ്രര്‍ക്കായി ലക്ഷക്കണക്കിന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. അര്‍ഹതയുള്ളവരെ അനുയോജ്യമായ രീതിയില്‍ പുനരധിവസിപ്പിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

സത്യം അറിയാതെ നമ്മുടെ സംസ്ഥാനത്തിന്റെ കാര്യങ്ങളില്‍ ഇടപെടരുത്. തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ ഇത്തരം രാഷ്ട്രീയ ഗിമ്മിക്കുകള്‍ നടത്തുകയാണ്. 'കര്‍ണാടകയില്‍ താമസിക്കുന്നവര്‍ക്കും രേഖകളുള്ളവര്‍ക്കും സംസ്ഥാന നിയമം അനുസരിച്ച് ആവശ്യമായ സഹായം നല്‍കും. ഇക്കാര്യത്തില്‍ വ്യക്തമായ റിപോര്‍ട്ട് നല്‍കാന്‍ താന്‍ ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it