Sub Lead

പാഠപുസ്തകങ്ങളിലെ കാവിവത്കരണം;കര്‍ണാടകയില്‍ പാഠപുസ്തക അവലോകന സമിതി പിരിച്ചുവിട്ടു

ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം പാഠപുസ്തക അവലോകന സമിതി ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു

പാഠപുസ്തകങ്ങളിലെ കാവിവത്കരണം;കര്‍ണാടകയില്‍ പാഠപുസ്തക അവലോകന സമിതി പിരിച്ചുവിട്ടു
X

ബംഗളൂരു: പാഠപുസ്തക പരിഷ്‌കരണം വിവാദമായ സാഹചര്യത്തില്‍ കര്‍ണാടകയില്‍ പാഠപുസ്തക അവലോകന കമ്മിറ്റി പിരിച്ചുവിട്ട് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് കമ്മിറ്റി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേ സമയം കമ്മിറ്റിക്ക് എതിരായ ആരോപണങ്ങള്‍ ഉയര്‍ന്നതിനാലല്ല,ഏല്‍പ്പിച്ച ജോലികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ സാഹചര്യത്തിലാണ് കമ്മിറ്റി പിരിച്ച് വിട്ടതെന്ന് ബസവരാജ് ബൊമ്മെ പറഞ്ഞു.ബംഗളൂരു സ്ഥാപകനായ കെംപെ ഗൗഡയെക്കുറിച്ചുള്ള ഒരു അധ്യായം പാഠപുസ്തകത്തില്‍ പുതുതായി ചേര്‍ത്തിട്ടുണ്ടെന്നും ബൊമ്മൈ അറിയിച്ചു.

ബിജെപി സര്‍ക്കാര്‍ സംസ്ഥാനത്തെ വിദ്യാഭ്യാസത്തെ കാവിവത്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.പാഠപുസ്തകങ്ങളില്‍ തെറ്റായ തിരുത്തല്‍ നടത്തിയതിന് അവലോകന കമ്മിറ്റി തലവന്‍ രോഹിത് ചക്രതീര്‍ത്ഥയെ പുറത്താക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു.

ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം പാഠപുസ്തക അവലോകന സമിതി ഉള്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു.സ്വാതന്ത്ര്യ സമര സേനാനികള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയായിരുന്നു ഹെഡ്‌ഗേവാറിന്റെ പ്രസംഗം ഉള്‍പ്പെടുത്തിയത്.പാഠപുസ്തകത്തില്‍ ബസവണ്ണയെക്കുറിച്ച് തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും, വസ്തുതാപരമായ പിഴവുകള്‍ ഉണ്ടെന്നും നേരത്തേ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതെല്ലാം നിഷേധിക്കുകയായിരുന്നു.

അവലോകന സമിതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് നിരവധി എഴുത്തുകാരും,ചിന്തകരും രംഗത്തെത്തിയിരുന്നു.പ്രതിഷേധത്തിന്റെ ഭാഗമായി ചിലര്‍ സര്‍ക്കാര്‍ സമിതികളില്‍ നിന്ന് രാജി വച്ചിരുന്നു.

കര്‍ണാടകയില്‍ ബിജെപി അധികാരത്തില്‍ വന്ന ശേഷം 2020ല്‍ രോഹിത് ചക്രതീര്‍ത്ഥയുടെ നേതൃത്വത്തില്‍ രൂപീകരിച്ച റിവിഷന്‍ കമ്മിറ്റിയോട് ഭാഷ, സാമൂഹ്യശാസ്ത്ര പാഠപുസ്തകങ്ങള്‍ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ആറ് മുതല്‍ 10 വരെ ക്ലാസുകളിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകങ്ങളും ഒന്ന് മുതല്‍ 10 വരെയുള്ള കന്നഡ ഭാഷാ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചു.

എന്നാല്‍, വിപ്ലവകാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഭഗത് സിങ്, മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താന്‍, ലിംഗായത്ത് സാമൂഹിക പരിഷ്‌കര്‍ത്താവ് ബസവണ്ണ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ പെരിയോര്‍, സാമൂഹ്യ പരിഷ്‌കര്‍ത്താവ് ശ്രീ നാരായണ ഗുരു എന്നിവരെക്കുറിച്ചുള്ള അധ്യായങ്ങള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്യുകയാണുണ്ടായത്.

Next Story

RELATED STORIES

Share it