Sub Lead

കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു

ആദ്യത്തെ ആറുമാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കും. ബാക്കിയുള്ള കാലയളവില്‍ ലീഗ് ഏറ്റെടുക്കും. ഡെപ്യൂട്ടി മേയര്‍ പദവി പി കെ രാഗേഷിനു തന്നെ നല്‍കും.

കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിന് കളമൊരുങ്ങുന്നു
X

കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ ഒറ്റവോട്ട് പിന്തുണയോടെ ഇടതുപക്ഷം ഭരിക്കുന്ന കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസപ്രമേയത്തിന് കളമൊരുങ്ങുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു കനത്ത തിരിച്ചടി നേരിട്ടതിനു പിന്നാലെ കണ്ണൂര്‍ കോര്‍പറേഷന്‍ കൂടി നഷ്ടപ്പെടാനുള്ള സാധ്യതയേറി. പി കെ രാഗേഷുമായി കെ സുധാകരന്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഭരണമാറ്റത്തിനുള്ള നീക്കം വിജയത്തിലെത്തുന്നത്. എന്നാല്‍, ഇനിയുള്ള വര്‍ഷം മേയര്‍ സ്ഥാനത്തെ ചൊല്ലി മുസ്‌ലിംലീഗ്-കോണ്‍ഗ്രസ് തര്‍ക്കം കാരണം നീണ്ടുപോയ ഭരണമാറ്റം ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തോടെ ഒഴിവായതായാണു വിവരം. ഭരണമാറ്റം എന്ന ലക്ഷ്യംനേടാന്‍ മേയര്‍ പദവിയെന്ന ആവശ്യത്തിന്‍മേല്‍ വിട്ടുവീഴ്ച ചെയ്യാന്‍ മുസ്‌ലിംലീഗ് ജില്ലാ നേതൃത്വം തീരുമാനിച്ചതായാണു സൂചന. അന്തിമ തീരുമാനമെടുക്കാന്‍ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിക്കു വിട്ടതായാണ് ലീഗ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

നേരത്തേ, കോണ്‍ഗ്രസിലുണ്ടായ തര്‍ക്കങ്ങളാണ് കോര്‍പറേഷന്‍ രൂപീകരിച്ച ആദ്യത്തില്‍ തന്നെ യുഡിഎഫിന് ഭരണം നഷ്ടപ്പെടാന്‍ കാരണം. നഗരസഭയായിരുന്നപ്പോള്‍ പതിറ്റാണ്ടുകളോളം യുഡിഎഫ് ഭരിച്ചിരുന്ന കണ്ണൂര്‍ കോര്‍പറേഷനായപ്പോള്‍ കെ സുധാകരന്‍-പി കെ രാഗേഷ് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധിക്കിടയാക്കിയത്. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പള്ളിക്കുന്ന് സഹകരണ ബാങ്കിലെ തര്‍ക്കം, ഒരുകാലത്ത് ഒരേ ചേരിയിലായിരുന്ന പി കെ രാഗേഷും കെ സുധാകരനും തമ്മില്‍ തെറ്റാന്‍ കാരണമായി. ലീഗിനെതിരേ രാഗേഷ് വിഭാഗം ശക്തമായി നിലകൊണ്ടതോടെ കോണ്‍ഗ്രസ് രാഗേഷിനും അനുയായികള്‍ക്കും സീറ്റ് നിഷേധിക്കുകയും ചെയ്തു. എന്നാല്‍, ഏവരെയും ഞെട്ടിച്ച് വിമതനായി മല്‍സരിച്ച പി കെ രാഗേഷ് വിജയിക്കുകയും യുഡിഎഫിനും എല്‍ഡിഎഫിനും തുല്യമായ സീറ്റുകള്‍ ലഭിക്കുകയുമായിരുന്നു. ഇതോടെ ഭരണം പിടിക്കാന്‍ രാഗേഷിന്റെ പിന്തുണ ആവശ്യമായി വന്നു. എന്നാല്‍, കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യാതിരുന്നതോടെ, മേയര്‍ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച് പി കെ രാഗേഷ് ഡെപ്യൂട്ടി മേയര്‍ പദവിയിലെത്തി. ഒടുവില്‍, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ തന്നെ നേരിട്ട് പി കെ രാഗേഷുമായി ചര്‍ച്ച നടത്തി തന്നെ പിന്തുണയ്ക്കുന്ന ഐക്യജനാധിപത്യ സംരക്ഷണ സമിതിയെ യുഡിഎഫിനൊപ്പം കൂട്ടി. ഇതോടെയാണ് മഞ്ഞുരുക്കം തുടങ്ങിയത്. എന്നാല്‍, ഭരണമാറ്റമുണ്ടായാല്‍ മേയര്‍ പദവി പങ്കിടണമെന്നും ആദ്യടേം ആര്‍ക്കു നല്‍കണമെന്നതും സംബന്ധിച്ച് ലീഗ്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ തമ്മില്‍ ധാരണയാവാത്തതിനാല്‍ തീരുമാനം വൈകുകയായിരുന്നു. ഇതിനിടെയാണ് ജില്ലാ ലീഗ് നേതൃത്വം ചേര്‍ന്ന് അനുകൂല തീരുമാനത്തിലെത്തിയത്. ലീഗ് യോഗത്തില്‍ ഭിന്നാഭിപ്രായങ്ങളുയര്‍ന്നെങ്കിലും ഭരണമാറ്റത്തിനു വേണ്ടി തല്‍ക്കാലം വിട്ടുവീഴ്ച ചെയ്യണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം ലഭിക്കുകയായിരുന്നു. ഇതനുസരിച്ച് ആദ്യത്തെ ആറുമാസം മേയര്‍ സ്ഥാനം കോണ്‍ഗ്രസിന് നല്‍കും. ബാക്കിയുള്ള കാലയളവില്‍ ലീഗ് ഏറ്റെടുക്കും. ഡെപ്യൂട്ടി മേയര്‍ പദവി പി കെ രാഗേഷിനു തന്നെ നല്‍കും. ഇതോടെ കണ്ണൂര്‍ കോര്‍പറേഷനില്‍ അവിശ്വാസ പ്രമേയത്തിനു കളമൊരുങ്ങുകയാണ്. അവിശ്വാസ പ്രമേയം പാസായാല്‍ വനിതാ സംവരണമുള്ള മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണന്‍ എത്താനാണു സാധ്യത. അടുത്ത കാലയളവില്‍ ലീഗ് പ്രതിനിധിയായി സി സീനത്തിനും സാധ്യതയുണ്ട്.



Next Story

RELATED STORIES

Share it