Sub Lead

കണ്ണൂര്‍ ബോംബ് ആക്രമണം: കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം

അക്രമിസംഘം എതിര്‍സംഘത്തിനെതിരേ ആദ്യമെറിഞ്ഞ നാടന്‍ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമതെറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയില്‍തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.

കണ്ണൂര്‍ ബോംബ് ആക്രമണം: കൊല്ലപ്പെട്ട ജിഷ്ണു ബോംബുമായി എത്തിയ സംഘത്തിലെ അംഗം
X

കണ്ണൂര്‍: വിവാഹഘോഷങ്ങള്‍ക്കിടെയുണ്ടായ ബോംബേറില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ വഴിത്തിരിവ്. ബോംബേറില്‍ തലയോട്ടി പൊട്ടിച്ചിതറി കൊല്ലപ്പെട്ട ജിഷ്ണു (26) ബോംബുമായി എത്തിയ സംഘത്തിലെ അംഗമാണെന്നാണ് നാട്ടുകാരും പോലിസ് വെളിപ്പെടുത്തിയിരിക്കുന്നത്.

പട്ടാപ്പകല്‍ കല്യാണവീട്ടില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കെ വാനില്‍ ബോംബുമായെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു.

കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇരുവിഭാഗത്തേയും അനുനയിപ്പിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നു. എന്നാല്‍, ഇതിന്റെ പകയടങ്ങാതെ ഒരുസംഘം ബോംബുമായി വിവഹദിനമായ ഇന്ന് വീണ്ടും എത്തുകയായിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടടയിലെ മനോരമ ഓഫിസിന് സമീപം കല്ല്യാണവീടിനോട് ചേര്‍ന്നാണ് അക്രമമുണ്ടായത്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) വാണ് കൊല്ലപ്പെട്ടത്. അക്രമിസംഘം എതിര്‍സംഘത്തിനെതിരേ ആദ്യമെറിഞ്ഞ നാടന്‍ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമതെറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയില്‍തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു.സ്‌ഫോടനത്തില്‍ തലയോട്ടി പൊട്ടിച്ചിതറിയ ജിഷ്ണു തല്‍ക്ഷണം മരിച്ചു. ശരീരഭാഗങ്ങള്‍ മീറ്ററുകള്‍ അകലെ വരെ ചിന്നിച്ചിതറിയിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് മൃതദേഹം അവിടെനിന്ന് മാറ്റിയത്.

സ്‌ഫോടനത്തില്‍ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.

ബോംബേറിന് ശേഷം അക്രമി സംഘം ട്രാവലറില്‍ കയറി രക്ഷപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു.ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് ബോംബേറും തുടര്‍ന്നു സ്‌ഫോടനവുമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കണ്ടെടുത്തു.

പരേതനായ ബാലകണ്ടി മോഹനനന്‍, ശ്യാമള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. സഹോദരന്‍: മേഘുല്‍. അക്രമി സംഘത്തിന് ബോംബുകള്‍ എവിടെനിന്ന് ലഭിച്ചുവെന്നതിനെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Next Story

RELATED STORIES

Share it