Sub Lead

കനയ്യകുമാര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തി; ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് ?

ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

കനയ്യകുമാര്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തി; ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്ക് ?
X

ന്യൂഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും സിപിഐയുടെ യുവനേതാവുമായ കനയ്യകുമാര്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കനയ്യകുമാറിന്റെ കോണ്‍ഗ്രസ് പ്രവേശനം രാഹുലുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന റിപോര്‍ട്ടുകള്‍ അടുത്തിടെയായി വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലുമായുള്ള കൂടിക്കാഴ്ച.

അതേസമയം, ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും രാഷ്ട്രീയ ദലിത് അധികാര്‍ മഞ്ച് കണ്‍വീനറുമായ ജിഗ്‌നേഷ് മേവാനിയും കോണ്‍ഗ്രസിലേക്കെന്ന് സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. ജിഗ്‌നേഷ് കോണ്‍ഗ്രസ് നേതൃത്വവുമായി ആദ്യവട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് റിപോര്‍ട്ടുകള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ വഡ്ഗാം സീറ്റില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ് മേവാനിയെ സഹായിച്ചിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ ബേഗുസരായി മണ്ഡലത്തില്‍ മല്‍സരിച്ച കനയ്യകുമാര്‍ ബിജെപിയിലെ ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടിരുന്നു.

കനത്ത തോല്‍വി കനയ്യയ്ക്കു തിരിച്ചടിയായി. ബിഹാറില്‍ സിപിഐയുടെ അവശേഷിക്കുന്ന കോട്ടയാണ് ബെഗുസരായി. 2020 ഡിസംബറില്‍ പട്‌നയിലെ സിപിഐ ഓഫിസിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ കനയ്യയെ 2021 ഫെബ്രുവരിയില്‍ സിപിഐ നേതൃത്വം ശാസിച്ചിരുന്നു. കനയ്യകുമാര്‍ ജെഡിയുവില്‍ ചേരുമെന്ന് ഇടക്കാലത്ത് റിപോര്‍ട്ടുണ്ടായിരുന്നു. കനയ്യയെ പാര്‍ട്ടിയിലെടുക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ബിഹാറില്‍ കോണ്‍ഗ്രസിന്റെ ഘടകകക്ഷിയായ ആര്‍ജെഡിയുടെ നിലപാടും നിര്‍ണായകമാവും.

കുമാറിന് സിപിഐയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ചൊവ്വാഴ്ച അദ്ദേഹം ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി അറിയുന്നുവെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. കനയ്യകുമാറിന്റെ പുറത്താക്കലിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇക്കാര്യത്തില്‍ ഊഹാപോഹങ്ങള്‍ മാത്രമാണ് താന്‍ കേട്ടിട്ടുള്ളതെന്നാണ് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പ്രതികരിച്ചത്. ഈ മാസം ആദ്യം നടന്ന ഞങ്ങളുടെ പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അദ്ദേഹം ഉണ്ടായിരുന്നുവെന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ. അദ്ദേഹം സംസാരിച്ചു, ചര്‍ച്ചകളില്‍ പങ്കെടുത്തു- രാജ പറഞ്ഞു.

Next Story

RELATED STORIES

Share it