Sub Lead

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ്;22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് മോചനം

മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസ്;22 വര്‍ഷങ്ങള്‍ക്ക് ശേഷം മണിച്ചന് മോചനം
X

തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മണിച്ചന് മോചനം.മണിച്ചനെ മോചിപ്പിക്കാനുള്ള ഫയലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. മണിച്ചന്‍ ഉള്‍പ്പെടെ 33 തടവുകാരെയാണ് മോചിപ്പിക്കുന്നത്.

മദ്യ ദുരന്ത കേസില്‍ 22 വര്‍ഷമാണ് മണിച്ചന്‍ ജയിലില്‍ കഴിഞ്ഞത്. നേരത്തെ, തടവുകാരെ മോചിപ്പിക്കാന്‍ വേണ്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഫയല്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. 64 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിന് ശേഷം, 33 ആക്കി ചുരുക്കിയതില്‍ വിശദീകരണം ചോദിച്ചായിരുന്നു ഗവര്‍ണര്‍ ഫയല്‍ മടക്കിയത്.വിദഗ്ധ സമിതി വിശദ പരിശോധന നടത്തിയതിന് ശേഷമാണ് 33 ആക്കി ചുരുക്കിയതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. 20 വര്‍ഷം തടവ് പിന്നിട്ടവരെയും പ്രായാധിക്യം ഉള്ളവരെയും രോഗികളെയും ആണ് പരിഗണിച്ചത് എന്നായിരുന്നു വിശദീകരണം. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ ഫയലില്‍ ഒപ്പിടുകയായിരുന്നു.

മണിച്ചന്റെ ജയിൽമോചനം ആവശ്യപ്പെട്ട് ഭാര്യ ഉഷ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. മന്ത്രിസഭയുടെ ഉപദേശമനുസിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന പേരറിവാളൻ കേസിലെ ഉത്തരവ് മണിച്ചന്റെ മോചനത്തിലും പരിഗണിക്കാൻ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.

2000 ഒക്ടോബര്‍ 21നാണ് കല്ലുവാതുക്കല്‍ വിഷ മദ്യ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ 31 പേര്‍ മരിക്കുകയും,6 പേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും,500 പേര്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയും ചെയ്തിരുന്നു.മണിച്ചന്റെ വീട്ടിലെ ഭൂഗര്‍ഭ അറയിലാണ് വ്യാജ മദ്യം സൂക്ഷിച്ചിരുന്നത്.ഈ മദ്യം കഴിച്ചവരാണ് ദുരന്തത്തിന് ഇരയായത്.മണിച്ചന്‍, ഹയറുന്നിസ, മണിച്ചന്റെ ഭാര്യ ഉഷ, സഹോദരന്മാരായ കൊച്ചനി, വിനോദ് കുമാര്‍, എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഹയറുന്നിസ ജയില്‍ ശിക്ഷ അനുഭവിക്കവേ 2009ല്‍ മരിച്ചു.മണിച്ചന്റെ സഹോദരങ്ങളക്ക് ശിക്ഷാ ഇളവ് നല്‍കി കഴിഞ്ഞവര്‍ഷം വിട്ടയച്ചിരുന്നു.

അന്നത്തെ നായനാര്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവമായിരുന്നു കല്ലുവാതുക്കല്‍ വിഷ മദ്യ ദുരന്തം.ആരോപണങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വരെ നീണ്ടിരുന്നു.ചിറയിന്‍കീഴ്, വാമനപുരം, വര്‍ക്കല റെയ്ഞ്ചുകള്‍ നിയന്ത്രിച്ചിരുന്ന അബ്കാരി ചന്ദ്രനെന്ന മണിച്ചനും ഭരണകക്ഷി ഉന്നതരുമായുള്ള ബന്ധം ഓരോന്നായി പുറത്തുവന്നിരുന്നു.കള്ളുഷാപ്പിന്റെ മറവില്‍ നടന്ന വ്യാജ വാറ്റിനും മദ്യ കച്ചവടത്തിനും രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശയുണ്ടായിരുന്നുവെന്ന് ക്രൈം ബ്രാഞ്ച് ഐജി സിബി മത്യൂസ് കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it