Big stories

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കെ വി തോമസ് ഇടതിനൊപ്പം ; ജോ ജോസഫിനായി പ്രചരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ്

മുഖ്യമന്ത്രിക്കൊപ്പം നാളെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ.2018 മുതല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനുള്ള സംഘടിതമായ ശ്രമം ഇവിടെ നടക്കുന്നുണ്ട്.ഇപ്പോഴും അതു തന്നെയാണ് നടന്നതെന്നും കെ വി തോമസ് പറഞ്ഞു.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: കെ വി തോമസ് ഇടതിനൊപ്പം ; ജോ ജോസഫിനായി  പ്രചരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ്
X

കൊച്ചി: കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കെ വി തോമസ് ഇടത്തേക്ക് തിരിയുന്നു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിനായി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും കെ വി തോമസ് പറഞ്ഞു.താന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ എങ്ങനെ പ്രചരണം നടത്തിയോ അതേ രീതിയില്‍ തന്നെ ആത്മാര്‍ഥമായി ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനായി പ്രചരണം നടത്തുമെന്നും കെ വി തോമസ് പറഞ്ഞു.

തൃക്കാക്കരയില്‍ ജോ ജോസഫ് ജയിക്കണമെന്നാണ് തന്റെ ആഗ്രഹം.ജയവും തോല്‍വിയും നിശ്ചയിക്കുന്നത് ജനങ്ങളാണ്.തിരഞ്ഞെടുപ്പില്‍ ജയവും പരാജയവുമൊക്കെയുണ്ടാകുമെന്നും കെ വി തോമസ് ചോദ്യത്തിന് മറുപടിയായി പറഞ്ഞു.പുതിയ പാര്‍ട്ടിയുണ്ടാക്കുമോയെന്ന ചോദ്യത്തിന് താന്‍ ഒരു പാര്‍ട്ടിയും ഉണ്ടാക്കില്ല.പക്ഷേ തന്റെ ആശയങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കും. വികസനമാണ് തന്റെ രാഷ്ട്രീയം.കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കെ വി തോമസ് പറഞ്ഞു.കോണ്‍ഗ്രസില്‍ നിന്നും തന്നെ പുറത്താക്കാന്‍ കഴിയുമെങ്കില്‍ പുറത്താക്കട്ടെ.2018 മുതല്‍ തന്നെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കാനുള്ള സംഘടിതമായ ശ്രമം ഇവിടെ നടക്കുന്നുണ്ട്.ഇപ്പോഴും അതു തന്നെയാണ് നടന്നതെന്നും കെ വി തോമസ് പറഞ്ഞു.

കണ്ണൂരില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ അപ്പോള്‍ പുറത്തെന്നായിരുന്നു ഇവര്‍ പറഞ്ഞത്.എന്നിട്ട് നടന്നോയെന്നും കെ വി തോമസ് ചോദിച്ചു.എ ഐ സി സി എടുക്കുന്ന തീരുമാനത്തെ എതിര്‍ക്കുന്ന കേരളത്തിലെ നേതൃത്വമാണ് കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു.താന്‍ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല.തന്നെ പാര്‍ട്ടിയില്‍ നിലനിര്‍ത്തണമെന്നായിരുന്നു ഐഐസിസിയുടെ തീരുമാനം.എ ഐ സി സിയേക്കാള്‍ വലുതാണോ ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വമെന്നും കെ വി തോമസ് ചോദിച്ചു.അകത്തുള്ളവരെ പുറത്താക്കാനാണ് ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും കെ വി തോമസ് പറഞ്ഞു.

കോണ്‍ഗ്രസ് ഒരു സംഘടന മാത്രമല്ല കാഴ്ചപ്പാടു കൂടിയാണ്.താന്‍ കോണ്‍ഗ്രസുകാരനാണ്. തന്റെ കാഴ്ചപ്പാടും തന്റെ ജീവിത രീതിയും വളര്‍ന്നു വന്ന സാഹചര്യവും കോണ്‍ഗ്രസിന്റേതാണ്.താന്‍ കോണ്‍ഗ്രസുകാരനല്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.കെ കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടു പോയിരുന്നു.കോണ്‍ഗ്രസിനെതിരെ പ്രചരണവും നടത്തിയിരുന്നു.എ കെ ആന്റണി ഇടതുമുന്നണിക്കൊപ്പം ഭരണത്തില്‍ പങ്കാളിയായിരുന്നു. താന്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് പറയുമ്പോള്‍ ഇതേ മുഖ്യമന്ത്രിക്കൊപ്പം ഡല്‍ഹിയില്‍ സമരത്തില്‍ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കാളിയായിട്ടുണ്ടെന്നും കെ വി തോമസ് പറഞ്ഞു.

വികസനോന്മുഖമായ തീരുമാനമെടുക്കുന്ന തിരഞ്ഞെടുപ്പു കൂടിയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്.വികസന കാര്യത്തില്‍ അന്ധമായ രാഷ്ട്രീയ എതിര്‍പ്പ് ഗുണം ചെയ്യില്ലെന്നും കെ വി തോമസ് പറഞ്ഞു.തൃക്കാക്കരയ്ക്ക് മാത്രമല്ല കേരളത്തിന്റെ വികസനത്തിനായി കാഴ്ചപ്പാട് വേണം.കേരളത്തിന്റെ വികസനത്തിന് കൂടുതല്‍ സംവിധാനം അനിവാര്യമാണെന്നും കെ വി തോമസ് പറഞ്ഞു.കെ റെയില്‍ മാത്രമല്ല.എക്‌സ് ഹൈവേ അടക്കം കേരളത്തിന് വേണമെന്നും കെ വി തോമസ് പറഞ്ഞു.നെടുമ്പാശേരി എയര്‍പോര്‍ട്്,കൊച്ചി മെട്രോ അടക്കം ഇവിടെ വന്നത് എങ്ങനെയാണെന്ന് എല്ലാവരും ഓര്‍ക്കണമെന്നും കെ വി തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it