Sub Lead

കണ്ണൂര്‍ ഡിവൈഎസ് പി സമരക്കാരെ ചവിട്ടുന്നുവെന്ന് കെ സുരേന്ദ്രന്‍; ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ട് പോലിസ്

തെറ്റിദ്ധാരണാജനകമായ പ്രസ്തുത ഫോട്ടോയ്ക്കു ചുവടെ അശ്ലീലവും ഭീഷണിയും കലര്‍ത്തി സോഷ്യല്‍ മീഡിയ വഴി കമന്റ് ചെയ്തവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് അറിയിച്ചു

കണ്ണൂര്‍ ഡിവൈഎസ് പി സമരക്കാരെ ചവിട്ടുന്നുവെന്ന് കെ സുരേന്ദ്രന്‍; ചിത്രത്തിന്റെ വീഡിയോ പുറത്തുവിട്ട് പോലിസ്
X

കണ്ണൂര്‍: കണ്ണൂരില്‍ പ്രതിഷേധത്തിനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ഡിവൈഎസ് പി പി പി സദാനന്ദന്‍ ചവിട്ടുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഫേസ് ബുക്കിലൂടെ പങ്കുവച്ച ചിത്രത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന് കണ്ണൂര്‍ പോലിസ്. കഴിഞ്ഞ ദിവസം നടന്ന യുവമോര്‍ച്ച സമരം അക്രമാസക്തമായതോടെ ഏതായും യുവമോര്‍ച്ചക്കാര്‍ ഡിവൈഎസ് പി പി പി സദാനന്ദന്റെ ലാത്തി പിടിച്ചുവാങ്ങാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹം തിരിച്ചുവാങ്ങുന്നതാണ് ചവിട്ടുകയാണെന്ന വിധത്തില്‍ കെ സുരേന്ദ്രന്‍ പ്രചരിപ്പിച്ചത്. മാത്രമല്ല, ഡിവൈഎസ് പി പി പി സദാനന്ദനെതിരേ മോശമായ രീതിയിലാണ് സുരേന്ദ്രന്‍ ഫേസ് ബുക്കിലൂടെ പരിചയപ്പെടുത്തുന്നതും.

ഇത് ഡിവൈ എസ് പി സദാനന്ദന്‍. കണ്ണൂരില്‍ പ്രതിഷേധത്തിനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ചവിട്ടുന്ന ചിത്രമാണിത്. എന്നും സിപിഎമ്മിന്റെ അടിമയും ബിജെപിയോട് കടുത്ത വിരോധവും വെച്ചുപുലര്‍ത്തുന്ന പോലിസിലെ സിപിഎം നേതാവ്. ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളെ രക്ഷിക്കാന്‍ നേരത്തേ നടത്തിയ കുല്‍സിതനീക്കം വലിയ വിവാദമായിരുന്നു. ഇത്തരം പോലിസുകാരുടെ ബലത്തിലാണ് കേരളത്തില്‍ സിപിഎം എല്ലാ നെറികേടുകളും നടത്തുന്നത്. ഇന്ന് ഇതേ പോലിസുകാരുടെ കണ്‍മുന്നിലാണ് സമരക്കാരെ ഡിഫി ഗൂണ്ടകള്‍ മാരകായുധങ്ങളുമായി അക്രമിച്ചത്. ഇത്തരം നരാധമന്‍മാരുടെ എല്ലാ അതിക്രമങ്ങളും അതിജീവിച്ചാണ് ഞങ്ങളുടെ ഓരോ പ്രവര്‍ത്തകനും പൊരുതുന്നത്. ആയിരം സദാനന്ദന്‍മാര്‍ വിചാരിച്ചാലും ഞങ്ങള്‍ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നതാണ് ഞങ്ങളെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാക്കുന്നത് എന്നായിരുന്നു സുരേന്ദ്രന്റെ പോസ്റ്റ്. പിന്നാലെ നിരവധി ബിജെപി, സംഘപരിവാര്‍ അനുകൂലികള്‍ സദാനന്ദനെതിരേ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് കമ്മന്റിടുകയും ചെയ്തു. ഇതോടെയാണ് ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുന്ന വീഡിയോയുമായി കണ്ണൂര്‍ പോലിസ് ഫേസ് ബുക്കിലൂടെ തന്നെ രംഗത്തെത്തിയത്.

തെറ്റിദ്ധാരണജനകമായ ഫോട്ടോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് പോലിസ് വ്യക്തമാക്കിയിട്ടുള്ളത്. പ്രതിഷേധ മര്‍ച്ചിനിടെ ഡി വൈഎസ്പി അടിവയറ്റില്‍ ചവിട്ടിയെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന ഫോട്ടോയുടെ യഥാര്‍ത്ഥ വസ്തുത മറച്ചുവച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു പോലിസിനെ സമൂഹ ഇടങ്ങളില്‍ അവമതിപ്പുണ്ടാക്കുന്നതിന് വേണ്ടി ശ്രമം നടക്കുന്നതിനാലാണ് സംഭവത്തിന്റെ ഒറിജിനല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുന്നതെന്ന് പോലിസ് വ്യക്തമാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിനിടെ ഡി വൈഎസ്പിയുടെ ലാത്തിയില്‍ കയറി പിടിച്ചപ്പോള്‍ അത് വിടുവിക്കാനുള്ള സ്വാഭാവിക പ്രതികരണം മാത്രമാണ് അതെന്ന് കാണാവുന്നതാണ്. അതിനു മുമ്പെയും ശേഷവും പോലിസുകാരെക്കൊണ്ട് സംയമനം പാലിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത് എന്ന കാര്യം വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാവും. തെറ്റിദ്ധാരണാജനകമായ പ്രസ്തുത ഫോട്ടോയ്ക്കു ചുവടെ അശ്ലീലവും ഭീഷണിയും കലര്‍ത്തി സോഷ്യല്‍ മീഡിയ വഴി കമന്റ് ചെയ്തവര്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലിസ് അറിയിച്ചു.

K Surendran says Kannur DySP is trampling on protesters; Police reveals fact by video




Next Story

RELATED STORIES

Share it