Sub Lead

പ്രകാശ് ബാബുവിനെ തള്ളി റവന്യൂ മന്ത്രി; സിപിഐയിലെ വിഭാ​ഗീയത കെ റെയിലിലൂടെ പുറത്തേക്ക്

കെ റെയിൽ സർവേ നടപടികൾ നിർത്തിവെക്കാൻ നയപരമായി സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ രാജൻ പ്രകാശ് ബാബുവിനെതിരേ രം​ഗത്തുവന്നത്.

പ്രകാശ് ബാബുവിനെ തള്ളി റവന്യൂ മന്ത്രി; സിപിഐയിലെ വിഭാ​ഗീയത കെ റെയിലിലൂടെ പുറത്തേക്ക്
X

കൊച്ചി: കെ റെയിൽ സർവ്വേ നടപടികൾ നിർത്തിവെക്കാൻ സർക്കാർ നയപരമായ തീരുമാനം എടുത്തിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. പാർട്ടിയുടെ അഭിപ്രായം എംഎൻ സ്മാരകത്തിൽ ചോദിക്കുന്നതാണ് നല്ലത്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ അഭിപ്രായം താൻ കേട്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. കെ റെയിൽ സർവേ നടപടികൾ നിർത്തിവെക്കാൻ നയപരമായി സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ രാജൻ പ്രകാശ് ബാബുവിനെതിരേ രം​ഗത്തുവന്നത്.

സർക്കാരിന് വേണ്ടി അഭിപ്രായം ഒട്ടേറെപ്പേർ പറയേണ്ടതില്ല. കാര്യങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ട്. ആളുകളെ ഭീഷണിപ്പെടുത്തിയോ ആശങ്കയിൽ നിർത്തിയോ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കാൻ വേണ്ടിയുള്ള സർവേയല്ല. സാമൂഹികാഘാതത്തിന്റെ വഴി കാണിച്ചുകൊടുക്കാനുള്ള അതിരടയാളപ്പെടുത്തൽ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും കെ രാജൻ പ്രതികരിച്ചു.

നേരത്തെ, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു രംഗത്തെത്തിയിരുന്നു. പദ്ധതിയെ എതിർക്കുന്നവർ എല്ലാവരും ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്നും ചില കാര്യങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമാധാനപരമായ അന്തരീക്ഷത്തിലേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കഴിയൂവെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.

കാനത്തിന്റെ വിശ്വസ്തനായ റവന്യൂ മന്ത്രി, സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ പ്രകാശ് ബാബുവിനെ തള്ളി രം​ഗത്തുവന്നത് സിപിഎം വിധേയത്വത്തിൽ നീങ്ങുന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സംരക്ഷിക്കാനുള്ള നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പോലിസ് അതിക്രമങ്ങളേയും ജനവിരുദ്ധ പദ്ധതികളേയും എന്നും എതിർത്തുപോന്ന നേതാവാണ് പ്രകാശ് ബാബു. പ്രകാശ് ബാബുവിനെ പരസ്യമായി തള്ളിയതോടെ കെ രാജൻ സിപിഐ നിലപാടിനെയാണ് തള്ളിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

സിപിഐ അസിസ്റ്റന്റ് സെക്രട്ടറി നിലപാട് പറഞ്ഞെങ്കിലും പാർട്ടി നിലപാട് എംഎൻ സ്മാരകത്തിൽ പോയി ചോദിക്കണമെന്നാണ് മന്ത്രി പറഞ്ഞത്. അസിസ്റ്റന്റ് സെക്രട്ടറിയെ സിപിഐ മന്ത്രി തന്നെ തള്ളിയതിലൂടെ സിപിഐയിലെ വിഭാ​ഗീയതയാണ് മറനീക്കി പുറത്തുവരുന്നത്. സിപിഐയിലെ സമ്മേളന കാലം ആരംഭിച്ചതോടെ വിഭാ​ഗീയത കൂടുതൽ രൂക്ഷമാവുകയാണെന്ന റിപോർട്ടുകളും പുറത്തുവരുന്നുണ്ട്.

Next Story

RELATED STORIES

Share it