Sub Lead

കെ-റെയില്‍: മാമലയിലും സര്‍വേക്കല്ല് പിഴുതെറിഞ്ഞു; പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഉന്തും തള്ളും

പ്രതിഷേധങ്ങള്‍ക്കിടെ താത്കാലികമായി നിര്‍ത്തി വച്ചിരുന്ന കെ-റെയില്‍ സര്‍വേ ഇന്ന് രാവിലെയായിരുന്നു പുനരാരംഭിച്ചത്. നട്ടാശേരിയിലാണ് ഉദ്യോഗസ്ഥരെത്തി സര്‍വേ ആരംഭിച്ചത്. ഇതുവരെ പന്ത്രണ്ടിടത്ത് കല്ലിട്ടതായാണ് വിവരം.

കെ-റെയില്‍: മാമലയിലും സര്‍വേക്കല്ല് പിഴുതെറിഞ്ഞു; പ്രതിഷേധക്കാരും പോലിസും തമ്മില്‍ ഉന്തും തള്ളും
X

കൊച്ചി: എറണാകുളം മാമലയില്‍ കെ റെയില്‍ സര്‍വേയ്ക്കിടെ പ്രതിഷേധം. സര്‍വേ കല്ല് സ്ഥാപിക്കാന്‍ മാമലയിലെത്തിയ ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു. പിന്നാലെ പോലിസുകാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പോലിസ് ഗോ ബാക്ക് വിളികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പ്രദേശത്ത് നേരത്തെ സ്ഥാപിച്ച കല്ലുകള്‍ നാട്ടുകാര്‍ പിഴുതെറിഞ്ഞു. പ്രതിഷേധം കനത്തതോടെ സര്‍വേ നടപടികള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

പ്രതിഷേധങ്ങള്‍ക്കിടെ താത്കാലികമായി നിര്‍ത്തി വച്ചിരുന്ന കെ-റെയില്‍ സര്‍വേ ഇന്ന് രാവിലെയായിരുന്നു പുനരാരംഭിച്ചത്. നട്ടാശേരിയിലാണ് ഉദ്യോഗസ്ഥരെത്തി സര്‍വേ ആരംഭിച്ചത്. ഇതുവരെ പന്ത്രണ്ടിടത്ത് കല്ലിട്ടതായാണ് വിവരം. കുഴിയാലിപ്പടിയില്‍ സര്‍വേയ്ക്കെത്തിയ തഹസില്‍ദാരടക്കമുള്ള ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ കനത്ത പോലിസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പോലിസുകാര്‍ സര്‍വേ കല്ലിന് സംരക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ കല്ല് പിഴുതെറിഞ്ഞു. നട്ടാശേരിക്ക് പുറമെ എറണാകുളം പിറവത്തും സര്‍വെ തടയുന്നതിനായി നാട്ടുകാര്‍ സംഘം ചേര്‍ന്നിട്ടുള്ളതായാണ് ലഭിക്കുന്ന വിവരം.

സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനുള്ള തീരുമാനം റവന്യു വകുപ്പിന്റേതാകാം എന്ന കെ റെയിലിന്റെ വാദം റവന്യു മന്ത്രി കെ രാജന്‍ തള്ളി. കല്ലിടാന്‍ റവന്യു വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. "ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്തമില്ലാതെ ഓരോന്ന് പറയരുത്, അത്തരത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായ മറുപടി നല്‍കും," മന്ത്രി കൂട്ടിച്ചേര്‍ത്തു.

"ബലപ്രയോഗത്തിലൂടെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കില്ല. റവന്യു ഉദ്യോഗസ്ഥർ ഒരു ഘട്ടത്തിലും ബലപ്രയോഗം നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനപ്പുറം കൂടുതലായി ഒന്നും പറയാനില്ല," കെ രാജന്‍ പറഞ്ഞു. സാധാരണ ജനം സിൽവ‍ർ ലൈൻ പദ്ധതിയെ തിരിച്ചറിയുകയും അതിനൊപ്പം നിൽക്കുകയും ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Next Story

RELATED STORIES

Share it