Cricket

മൂന്നാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്ക 117 ന് പുറത്ത്; മാര്‍ക്രമിന് അര്‍ധസെഞ്ചുറി

മൂന്നാം ട്വന്റി-20യില്‍ ദക്ഷിണാഫ്രിക്ക 117 ന് പുറത്ത്; മാര്‍ക്രമിന് അര്‍ധസെഞ്ചുറി
X

ധരംശാല: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ 118 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ദക്ഷിണാഫ്രിക്ക. 20 ഓവറില്‍ 117 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി. പ്രോട്ടീസ് ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ അര്‍ധസെഞ്ചുറി തികച്ച എയ്ഡന്‍ മാര്‍ക്രം മാത്രമാണ് തിളങ്ങിയത്. ഒരോ മല്‍സരംവീതം ജയിച്ച് ഇരുടീമുകളും 1-1ന് തുല്യനിലയിലാണ്. പരമ്പരയില്‍ മുന്നിലെത്തുകയാണ് ടീമുകളുടെ ലക്ഷ്യം.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെത് മോശം തുടക്കമായിരുന്നു. ഏഴുറണ്‍സിനിടെ തന്നെ ടീമിന് മൂന്നുവിക്കറ്റുകള്‍ നഷ്ടമായി. റീസ ഹെന്‍ഡ്രിക്സ്(0), ക്വിന്റണ്‍ ഡി കോക്ക്(1), ഡെവാള്‍ഡ് ബ്രവിസ്(2) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. എന്നാല്‍ നായകന്‍ എയ്ഡന്‍ മാര്‍ക്രമാണ് ടീമിനായി അല്‍പ്പമെങ്കിലും പൊരുതിയത്. മറുവശത്ത് പ്രോട്ടീസ് വിക്കറ്റുകള്‍ ഒന്നൊന്നായി ഇന്ത്യ വീഴ്ത്തി.

ട്രിസ്റ്റണ്‍ സ്റ്റബ്സ്(9), കോര്‍ബിന്‍ ബോഷ്(4), മാര്‍ക്കോ യാന്‍സന്‍(2) എന്നിവരും വേഗം കൂടാരം കയറി. 20 റണ്‍സെടുത്ത ഡൊണോവന്‍ ഫെരെയ്ര മാര്‍ക്രമിന് പിന്തുണ നല്‍കി. അര്‍ധസെഞ്ചുറിയോടെ മാര്‍ക്രം പ്രോട്ടീസ് സ്‌കോര്‍ നൂറുകടത്തി. താരം 61 റണ്‍സെടുത്ത് പുറത്തായി. ഒടുവില്‍ 117 റണ്‍സിന് ടീം ഓള്‍ഔട്ടായി.ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

അസുഖബാധിതനായ അക്‌സര്‍ കളിക്കുന്നില്ല. അതേസമയം വ്യക്തിപരമായ കാരണങ്ങളാല്‍ ബുംറ നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. പകരം ഹര്‍ഷിത് റാണയും കുല്‍ദീപ് യാദവും ടീമിലെത്തി. മലയാളി താരം സഞ്ജു സാംസണ്‍ ഈ മല്‍സരത്തിലും ആദ്യപതിനൊന്നിലില്ല. മൂന്നു മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. ഡേവിഡ് മില്ലര്‍, ജോര്‍ജ് ലിന്‍ഡെ, സിപാംല എന്നിവര്‍ക്ക് പകരം കോര്‍ബിന്‍ ബോഷ്,ആന്റിച്ച് നോര്‍ക്യെ, ട്രിസ്റ്റണ്‍ സ്റ്റബ്സ് എന്നിവര്‍ ടീമിലെത്തി.



Next Story

RELATED STORIES

Share it