Sub Lead

കെ റെയില്‍ പദ്ധതി: ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് ശശി തരൂര്‍; കെപിസിസിയുടെ ഭീഷണി തള്ളി തത്വാധിഷ്ഠിത നിലപാടെന്ന്

സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് ചര്‍ച്ച സംഘടിപ്പിക്കുന്നതിനെ കുറിച്ച് തരൂര്‍ ആലോചിക്കുന്നുണ്ട്.

കെ റെയില്‍ പദ്ധതി: ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് ശശി തരൂര്‍; കെപിസിസിയുടെ ഭീഷണി തള്ളി തത്വാധിഷ്ഠിത നിലപാടെന്ന്
X

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കാന്‍ യോഗം വിളിക്കണമെന്ന് ശശി തരൂര്‍ എംപി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പദ്ധതിയില്‍ ആശങ്കയറിയിച്ച ജനങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും കെ റെയില്‍ പ്രതിനിധികളേയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്തണമെന്ന നിര്‍ദ്ദേശമാണ് തരൂര്‍ മുന്നോട്ട് വച്ചിട്ടുള്ളത്. പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ട യുഡിഎഫ് എംപിമാരുടെ സംഘത്തിനൊപ്പവും തരൂര്‍ ചേര്‍ന്നില്ല. മുന്നണി തീരുമാനത്തിനൊപ്പം നില്‍ക്കുന്നതാണ് രാഷ്ട്രീയ മര്യാദയെന്നാണ് എന്‍ കെ പ്രേമചന്ദ്രന്‍ എംപി തരൂരിന്റെ നിലപാടിനോട് പ്രതികരിച്ചത്. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായ ശശി തരൂര്‍ എംപിയുടെ നീക്കങ്ങളും പ്രതികരണങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. കെ റെയിലില്‍ പദ്ധതിയില്‍ യുഡിഎഫ് രണ്ടാം ഘട്ട പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പദ്ധതിയില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതികാണിക്കരുതെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കെ റെയിലിനുവേണ്ടിയുള്ള സ്ഥലം ബലം പ്രയോഗിച്ച് ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം.

വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്തത് പലതും ഒളിച്ച് വെക്കാനുള്ളത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കെ റെയില്‍ വിഷയത്തിലെ കെപിസിസി തീരുമാനത്തിനെതിരായ നിലപാടില്‍ ശശി തരൂരിനെതിരെ കടുത്ത വിമര്‍ശനമാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉന്നയിച്ചത്. ആഗോള പൗരനാണെങ്കിലും കാര്യങ്ങള്‍ തിരിച്ചറിയാന്‍ ശശി തരൂരിന് കഴിയുന്നില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു. അടുത്ത തവണ തരൂര്‍ മല്‍സരിക്കാനിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടി കളയണം. ശശി തരൂര്‍ നിലപാട് തിരുത്തണം. കൊലക്കേസില്‍ പ്രതിയാക്കാന്‍ സിപിഎം കിണഞ്ഞ് ശ്രമിച്ചപ്പോള്‍ ശശി തരൂരിന് ഒപ്പം നിന്നത് കോണ്‍ഗ്രസാണ് എന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കെ റെയില്‍ വിവാദത്തില്‍ കെപിസിസിയുടെ ഭീഷണി ശശി തരൂര്‍ തള്ളിയിരുന്നു. ജനാധിപത്യത്തില്‍ തത്വാധിഷ്ഠിത നിലപാടുകള്‍ക്ക് സ്ഥാനമുണ്ടെന്നും മുഖ്യമന്ത്രിയുടെ അനൂകൂലിയായി തന്നെ ചിത്രീകരിക്കാന്‍ നീക്ക നടക്കുന്നുണ്ടെന്നും തരൂര്‍ തിരിച്ചടിച്ചിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയിലെ ആശങ്ക പരിഹരിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചില്ലെങ്കില്‍ സ്വന്തം നിലക്ക് ചര്‍ച്ച സംഘടിപ്പിക്കുന്നതിനെ കുറിച്ച് തരൂര്‍ ആലോചിക്കുന്നുണ്ട്.

Next Story

RELATED STORIES

Share it