Sub Lead

'വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്'; മമ്മൂട്ടിയെ പിന്തുണച്ച് കെ സി വേണുഗോപാല്‍

വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്; മമ്മൂട്ടിയെ പിന്തുണച്ച് കെ സി വേണുഗോപാല്‍
X

കോഴിക്കോട്: ചലച്ചിത്ര താരം മമ്മൂട്ടിക്കെതിരേയുള്ള വിദ്വേഷപ്രചാരണത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മമ്മൂട്ടിയെയും അദ്ദേഹത്തിന്റെ സിനിമ സംവിധാനം ചെയ്തവരുടെയും മതം നോക്കി കഴിഞ്ഞ കുറച്ചുദിവസമായി സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപ്രചാരണം നടക്കുന്നുണ്ട്. പുഴു സിനിമയുടെ സംവിധായികയുടെ ഭര്‍ത്താവ് മറുനാടന്‍ മലയാളിക്കു നല്‍കിയ അഭിമുഖത്തിനു പിന്നാലെയാണ് വന്‍തോതില്‍ വിദ്വേഷപ്രചാരണം നടക്കുന്നത്. മമ്മൂട്ടിയെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാന്‍ കഴിയില്ലെന്നും അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവര്‍ മാത്രമാണെന്നും മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പില്‍ നിന്നുടലെടുക്കുന്നതാണെന്നും കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സത്യന്‍ മാഷിന്റെ അവസാന സിനിമയായ ടഅനുഭവങ്ങള്‍ പാളിച്ചകളി'ല്‍ മിനിറ്റുകള്‍ മാത്രമുള്ള ഒരു കുഞ്ഞുസീനില്‍ നടന്‍ ബഹദൂറിന്റെ അരികില്‍ ആദ്യമായി വെള്ളിവെളിച്ചത്തില്‍ അങ്കലാപ്പോടെ നിന്ന ഇരുപതുകാരന്‍ പയ്യനില്‍ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാള്‍ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തില്‍ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയില്‍ മനോഹരമായ മേല്‍വിലാസം നല്‍കിയ അഭിനേതാക്കളുടെ കൂട്ടത്തില്‍ നില്‍പ്പുണ്ട് മമ്മൂട്ടി എന്ന പേര്. മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോbുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാbാനും 'പൊന്തന്‍മാട'യില്‍ അടിയാളരൂപമാbാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാന്‍ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവര്‍ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പില്‍ നിന്നുടലെടുക്കുന്നതാണ്. കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താന്‍ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനില്‍ക്കില്ല. അമ്പത് വര്‍ഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേല്‍ക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Next Story

RELATED STORIES

Share it