Sub Lead

ചാരക്കേസിലെ ഗൂഢാലോചന: സിബിഐ നിയമാനുസൃതം അന്വേഷിക്കട്ടെയെന്ന് സുപ്രിംകോടതി

കേസിലെ പ്രതികള്‍ക്ക് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചാരക്കേസിലെ ഗൂഢാലോചന: സിബിഐ നിയമാനുസൃതം അന്വേഷിക്കട്ടെയെന്ന് സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ഐസ്ആര്‍ഒ ചാരക്കേസിനു പിന്നിലെ ഗൂഢാലോചനയില്‍ ജസ്റ്റിസ് ഡികെ ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാകരുതെന്ന് സുപ്രിം കോടതി. കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ സിബിഐ സ്വന്തമായി അന്വേഷിച്ച് തെളിവുകള്‍ കണ്ടെത്തണമെന്ന് സുപ്രിം കോടതി നിര്‍ദേശിച്ചു. കേസിലെ പ്രതികള്‍ക്ക് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ അധികാരം ഉണ്ടായിരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഡികെ ജയിന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട്, കേസില്‍ പ്രതിയാക്കപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, സഞ്ജയ് ഖന്ന എന്നിവരുടെ നിരീക്ഷണം.

'റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോസിക്യൂഷനിലേക്കു നീങ്ങാന്‍ സിബിഐക്കാവില്ല. അവര്‍ അന്വേഷിച്ചു വസ്തുതകള്‍ പുറത്തുകൊണ്ടുവരട്ടെ, നിയമാനുസൃതമായ അന്വേഷണം നടക്കട്ടെ'' കോടതി പറഞ്ഞു.

ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അതിനാല്‍ റിപ്പോര്‍ട്ടിന്റെ കോപ്പി പ്രതികള്‍ക്കു ലഭ്യമാക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. റിപ്പോര്‍ട്ട് പ്രാഥമിക വിവരം മാത്രമാണെന്ന് കോടതി പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ നടപടിയൊന്നുമുണ്ടാവില്ലെന്ന് കോടതി വ്യക്തമാക്കി.

റിപ്പോര്‍ട്ട് പരിശോധിച്ച് വേണ്ട നടപടിയെടുക്കാനാണ് മുന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നതെന്ന് കോടതി പറഞ്ഞു. കേസെടുത്ത് അന്വേഷിക്കാന്‍ സിബിഐ തീരുമാനിച്ച സാഹചര്യത്തില്‍ പുതിയ ഉത്തരവ് ഇക്കാര്യത്തില്‍ നല്‍കേണ്ടതില്ലെന്ന് ബെഞ്ച് വിലയിരുത്തി. നിയമപരമായി ലഭിക്കേണ്ട പരിഹാരത്തിനായി പ്രതികള്‍ക്കു കീഴ്‌ക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് അറിയിച്ചു.

ജയിന്‍ സമിതി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങള്‍ ഉള്ളതിനാലാണ് ഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ ഇതുവരെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യാത്തതെന്ന് സിബിഐ സുപ്രിം കോടതിയെ അറിയിച്ചു. എന്നാല്‍ എഫ്‌ഐആര്‍ അപ്ലോഡ് ചെയ്യാന്‍ കോടതി അനുമതി നല്‍കി. തുടര്‍ന്ന് ഇന്നുതന്നെ എഫ്‌ഐആര്‍ അപ്ലോഡ് ചെയ്യുമെന്ന് സിബിഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനാല്‍ ജസ്റ്റിസ് ജയിന്‍ സമിതിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. സമിതിയെ നിലനിര്‍ത്തുകയാണെങ്കില്‍ അംഗങ്ങള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കേണ്ടി വരുമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസ് ജയിന്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോടതി നന്ദി രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it