Sub Lead

സിസ്റ്റര്‍ അഭയ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട കേസില്‍ വിധി നാളെ

അന്വേഷണം ഏറ്റെടുത്ത് 16 വര്‍ഷത്തിനു ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് അറസ്റ്റിലായത്.

സിസ്റ്റര്‍ അഭയ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട കേസില്‍ വിധി നാളെ
X

കോട്ടയം: ബിസിഎം കോളജ് രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ തിരുവനന്തപുരം സിബിഐ കോടതി നാളെ വിധി പറയും. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്ത് കോണ്‍വന്റ് വളപ്പിലെ കിണറ്റില്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അന്വേഷണം ഏറ്റെടുത്ത് 16 വര്‍ഷത്തിനു ശേഷമാണ് സിബിഐ പ്രതികളെ അറസ്റ്റ് ചെയ്തത്. ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് അറസ്റ്റിലായത്. പ്രതികളുടെ നാര്‍ക്കോ അനാലസിസ്റ്റ് ടെസ്റ്റിന്റ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ആദ്യത്തെ മൂന്നു പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം, അഭയ കണ്ടതിനെത്തുടര്‍ന്ന് തലക്കടിച്ചു കൊലപ്പെടുത്തി കിണറ്റിലിട്ടെന്നാണ് സിബിഐ കേസ്. അഭയയുടെ ഇന്‍ക്വസ്റ്റില്‍ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ അഗസ്റ്റിനെ നാലാം പ്രതിയാക്കിയിരുന്നു. സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പേ അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു.

തുടരന്വേഷണത്തില്‍ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി. സാമുവലിനെ പ്രതിയാക്കി. ക്രൈം ബ്രാഞ്ച് മുന്‍ എസ്പി കെ ടി മൈക്കിളിനെ സിബിഐ കോടതിയും പ്രതിചേര്‍ത്തു. സാമുവല്‍ മരിച്ചതിനാല്‍ കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കി.

ഫാ.ജോസ് പുതൃക്കയിലിന്റെയും കെ ടി മൈക്കളിന്റെയും വിടുതല്‍ ഹര്‍ജി പരിഗണിച്ച് പ്രതിസ്ഥാനത്തു നിന്നും കോടതി പിന്നീട് അവരെ ഒഴിവാക്കി. ഫാ. തോമസ് കോട്ടൂര്‍,സിസ്റ്റര്‍ ഹെഫി എന്നിവരാണ് വിചാരണ നേരിട്ടത്.

2019 ഓഗസ്റ്റ് 26ന് ആണ് അഭയ കേസിന്റെ വിചാരണ ആരംഭിച്ചത്. വിചാരണ ആരംഭിച്ച ശേഷവും പല തവണ തടസ്സപ്പെട്ടു. വിചാരണ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സുപ്രിം കോടതിയെ വരെ സമീപിച്ചു. സംഘടിതമായ എതിര്‍പ്പുകള്‍ മറികടന്നാണ് തിരുവനന്തപുരം കോടതിയില്‍ സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചപ്പോള്‍ നിര്‍ണായക സാക്ഷികള്‍ പലരും കൂറുമാറി.

ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈം ബ്രാഞ്ചിന് കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. 1993 മാര്‍ച്ച് 29ന് ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി. തോമസിനായിരുന്നു അന്വേഷണ ചുമതല. ഇതിനിടയില്‍ കേസിലെ പല നിര്‍ണ്ണായക തെളിവുകളും ക്രൈംബ്രാഞ്ച് നശിപ്പിച്ചിരുന്നു.

അഭയയുടെ ഡയറിയും വസ്ത്രങ്ങളും നശിപ്പിക്കപ്പെട്ടവയില്‍ ഉണ്ടായിരുന്നു. കേസ് അന്വേഷിച്ച സിബിഐ ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐ എസ്പി വി ത്യാഗരാജന്‍ ആവശ്യപ്പെട്ടതായി വാര്‍ത്താസമ്മേളനത്തില്‍ വര്‍ഗീസ് പി തോമസ് വെളിപ്പെടുത്തി.

സഭയുടെ സമ്മര്‍ദ്ധം മൂലം അന്ന് പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവും കേസ് തേയ്ച്ച് മായ്ച്ച് കളയാന്‍ ശ്രമിച്ചതായും വര്‍ഗീസ് തോമസ് വെളിപ്പെടുത്തിയിരുന്നു. 1994 മാര്‍ച്ച് 17ന് സിബിഐ ജോയിന്റ് ഡയറക്ടര്‍ എം എല്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണച്ചുമതല നല്‍കി.

പുതിയ സിബിഐ സംഘം അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണവും നടത്തി. തുടര്‍ന്ന് 1996 നവംബര്‍ 26ന് കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സിബിഐയുടെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കില്‍. ഈ റിപോര്‍ട്ട് തള്ളിയ കോടതി സിബിഐയ്ക്കു നേരെ രൂക്ഷമയ വിമര്‍ശനം ഉന്നയിച്ചു.

സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാന്‍ സിബിഐയ്ക്കു വീണ്ടും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്ന് 1999 ജൂലൈ 12ന് കൊലപാതകം തന്നെ എന്നു സിജെഎം കോടതിയില്‍ സിബിഐ റിപോര്‍ട്ട് നല്‍കി. നിര്‍ണായക തെളിവുകളെല്ലാം പോലിസ് നശിപ്പിച്ചതിനാല്‍ പ്രതികളെ പിടിക്കാനായില്ലെന്നു സിബിഐ വാദം.

2000ജൂണ്‍ 23ന് പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാന്‍ സിബിഐയ്ക്ക് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശം നല്‍കി. ബ്രെയ്ന്‍ ഫിംഗര്‍ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശിച്ചു. ഇതിനി ശേഷം 2001 മേയ് 18ന് അഭയ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സിബിഐയ്ക്കു ഹൈക്കോടതി നിര്‍ദേശം നല്‍കി.

2001ഓഗസ്റ്റ് 16ന് സിബിഐ ഡിഐജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിനു കോട്ടയത്തെത്തി. പിന്നീട് 2005 ഓഗസ്റ്റ് 30ന് കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സിബിഐ മൂന്നാം തവണയും സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

അന്വേഷണം അവസാനിപ്പിക്കാന്‍ കോടതി തയാറായില്ല. പോലിസ് തെളിവു നശിപ്പിച്ചു എന്നു പറഞ്ഞു കൈകഴുകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടയില്‍ 2007ല്‍ അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമായി.

കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരുന്ന റജിസ്റ്ററില്‍ നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്നു കോടതിയില്‍ പോലിസ് സര്‍ജന്‍ റിപ്പോര്‍ട്ട് നല്‍കി. 2007 മേയ് 22ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി.

2008ല്‍ അഭയക്കേസില്‍ സിബിഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസന്വേഷിച്ചിരുന്ന അഗര്‍വാളിന്റെ പല നടപടികളും ശരിയല്ലെന്ന് നിരീക്ഷിച്ച കോടതി അഗര്‍വാളിനെതിരേ തല്‍ക്കാലം നടപടി ഇല്ലെന്നും പറഞ്ഞു. കേസ് അന്വേഷിക്കേണ്ടത് സിബിഐയുടെ കൊച്ചി യൂനിറ്റ് ആയിരിക്കണമെന്നും നിര്‍ദ്ദേശിച്ചു.

അവസാനത്തെ അന്വേഷണ സംഘം വളരെ പെട്ടെന്ന് തന്നെ തെളിവുകള്‍ ശേഖരിക്കുകയും പ്രതികളെന്ന് സംശയിക്കുന്ന ഫാ.ജോസ് പുതൃക്ക, ഫാ.തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരെ അറസ്റ്റ് ചെയ്യുകയും കോടതിക്ക് മുമ്പില്‍ ഹാജരാക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it