Sub Lead

'ജയ് ശ്രീറാം വിളിക്കത്തവരെ ഖബര്‍സ്ഥാനിലയക്കൂ'; പ്രതിഷേധത്തിനൊടുവില്‍ ഗായകന്‍ അറസ്റ്റില്‍

സംഭവം ശ്രദ്ധയില്‍പ്പെട്ട രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനായ തെഹ്‌സീന്‍ പൂനെവാലെ ഇത് ഡല്‍ഹി പോലിസിനെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ പരാതി നല്‍കുകയായിരുന്നു

ജയ് ശ്രീറാം വിളിക്കത്തവരെ ഖബര്‍സ്ഥാനിലയക്കൂ; പ്രതിഷേധത്തിനൊടുവില്‍ ഗായകന്‍ അറസ്റ്റില്‍
X

ന്യൂഡല്‍ഹി: 'ജയ് ശ്രീറാം വിളിക്കത്തവരെ ഖബര്‍സ്ഥാനിലയക്കൂ' എന്ന വരികളോടു കൂടിയ പ്രകോപനഗാനം ആല്‍ബത്തില്‍ പാടി അഭിനയിച്ചയാളെ പ്രതിഷേധത്തിനൊടുവില്‍ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ വരുണ്‍ ബാഹര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെ മാന്‍കപൂരിലെ ബാന്ദ്ര വില്ലേജില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഗാനത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്നും ന്യൂനപക്ഷങ്ങളെയും പിന്നാക്ക ജാതിക്കാരെയും ആക്രമിക്കാന്‍ പ്രചോദനം നല്‍കുന്നുവെന്നും ആരോപിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലിസ് നടപടി. ഇക്കഴിഞ്ഞ ജൂലൈ 23നാണ് സ്ത്രീകളെ മോശക്കാരാക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങളോടു കൂടിയ വീഡിയോ ഗാനം യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. കാവി നിറത്തിലുള്ള കൂര്‍ത്ത ധരിച്ച വരുണ്‍ ബാഹര്‍ പാട്ട് പാടുമ്പോള്‍, ഒരൂകൂട്ടം യുവതീയുവാക്കള്‍ നൃത്തം ചെയ്യുന്നുണ്ട്. ഗാനത്തിന് അകമ്പടിയായി വാളുകളേന്തിയും മറ്റും ഹിന്ദുത്വര്‍ ഭീഷണിപ്പെടുത്തുന്നതും മറ്റുമായ ദൃശ്യങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല, പാട്ടിലെ ഖബര്‍സ്ഥാന്‍ എന്ന പരാമര്‍ശം എത്തുമ്പോള്‍ മുസ് ലിംകളെ മറവ് ചെയ്യുന്ന ഖബര്‍സ്ഥാനും കാണിക്കുന്നുണ്ട്. ഹിന്ദിയിലുള്ള ഗാനത്തില്‍, കാവി ധരിക്കുന്നവര്‍ മറ്റുള്ളവരേക്കാള്‍ മികച്ചവരാണെന്നും അവരുടെ നെഞ്ചുയര്‍ത്തിയാണ് അവര്‍ നടക്കുന്നതെന്നും പറയുന്നുണ്ട്. ആരെങ്കിലും ജയ് ശ്രീറാം പറയുന്നില്ലെങ്കില്‍ അവരെ ഖബര്‍സ്ഥാനിലേക്കയക്കൂ എന്നും കൊലവിളിയുയര്‍ത്തുന്നു. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിപ്പിക്കപ്പെട്ടതോടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു.

ആള്‍ക്കൂട്ട ആക്രമണങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമാണ് വീഡിയോയിലെ ഗാനങ്ങളെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. സംഭവം ശ്രദ്ധയില്‍പ്പെട്ട രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകനായ തെഹ്‌സീന്‍ പൂനെവാലെ ഇത് ഡല്‍ഹി പോലിസിനെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ പരാതി നല്‍കുകയായിരുന്നു. ആല്‍ബം നിര്‍മാതാക്കള്‍ക്കെതിരേ ഐപിസി 153(എ), 295(എ) എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും വീഡിയോ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതാണെന്നും നടപടിയെടുക്കാതിരുന്നാല്‍ സുപ്രിംകോടതി നിര്‍ദേശം ലംഘിക്കലാവുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ആദ്യം പോലിസ് കേസെടുക്കുകയോ നടപടിയെടുക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന് തെഹ്‌സീന്‍ പൂനെവാലെ വീണ്ടും ട്വിറ്ററിലൂടെ പരാതി നല്‍കിയതോടെയാണ് പോലിസ് നടപടികളിലേക്കു നീങ്ങിയത്. രണ്ടാമത്തെ ട്വിറ്ററില്‍, ആല്‍ബം നിര്‍മാതാക്കള്‍ക്കെതിരേ കേസെടുക്കുന്നില്ലെങ്കില്‍ ഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫിസിനു മുന്നില്‍ വീഡിയോഗാനം പാടി പ്രതിഷേധിക്കുമെന്ന് അറിയിക്കുകയായിരുന്നു. ഇതോടെയാണ്, ഗാനം ആലപിച്ച് അഭിനയിച്ച വരുണ്‍ ബാഹറിനെതിരേ പലയിടത്തുമായി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്നും പോലിസ് അറിയിച്ചു.







Next Story

RELATED STORIES

Share it