Sub Lead

ജമ്മു കശ്മീര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ ലഡാക്കില്‍നിന്നുള്ള രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകര്‍ സുപ്രിംകോടതിയില്‍

നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടിയാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

ജമ്മു കശ്മീര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേ  ലഡാക്കില്‍നിന്നുള്ള രാഷ്ട്രീയ-മാധ്യമ പ്രവര്‍ത്തകര്‍ സുപ്രിംകോടതിയില്‍
X
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രത്തിന്റെ തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി ലഡാക്കിലെ രണ്ട് രാഷ്ട്രീയ പ്രവര്‍ത്തകരും ഒരു മാധ്യമപ്രവര്‍ത്തകനും സുപ്രിംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചതായി ബാര്‍ ആന്റ് ബെഞ്ച് റിപോര്‍ട്ട് ചെയ്തു. നിലവില്‍ കോടതിയുടെ പരിഗണനയിലുള്ള കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടിയാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.


നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ മുഹമ്മദ് അക്ബര്‍ ലോണ്‍, ഹസ്‌നൈന്‍ മസൂദി എന്നിവര്‍ 2019ല്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുമതി തേടി ഖമര്‍ അലി അഖൂണ്‍, അസ്ഗര്‍ അലി കര്‍ബലൈ, സജ്ജാദ് ഹുസൈന്‍ എന്നിവരാണ് സുപ്രിംകോടതിയെ സമീപിച്ചത്.

ജമ്മു കശ്മീര്‍ നിയമസഭ പിരിച്ചുവിടുന്നതിന് മുമ്പ് കാര്‍ഗില്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു അഖൂണ്‍. ലഡാക്കിലെ കാര്‍ഗില്‍ ജില്ലയിലെ ഒരു കോണ്‍ഗ്രസ് നേതാവാണ് കര്‍ബലൈ, ഗ്രേറ്റര്‍ ലഡാക്ക് ദിനപത്രത്തിന്റെ പത്രാധിപരാണ് ഹുസൈന്‍.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നിയമം ജമ്മു കശ്മീരിന്റെ 'നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ് ഘടനയെ ഇല്ലാതാക്കുകയും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്തതായി ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടി.

2019 ആഗസ്ത് 5നാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്രം റദ്ദാക്കിയത്. തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു. നിരവധി രാഷ്ട്രീയ നേതാക്കളെ തടഞ്ഞുവയ്ക്കുകയും കര്‍ഫ്യൂവും ഇന്റര്‍നെറ്റ് ഉപരോധവും മേഖലയില്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.കേന്ദ്രത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്ന രണ്ട് ഡസനോളം ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it