Sub Lead

രാഷ്ട്രീയ പ്രതിസന്ധി: ജാര്‍ഖണ്ഡില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരും

രാഷ്ട്രീയ പ്രതിസന്ധി: ജാര്‍ഖണ്ഡില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരും
X

റാഞ്ചി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ജാര്‍ഖണ്ഡില്‍ ഇന്ന് പ്രത്യേക നിയമസഭ സമ്മേളനം ചേരും. സഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനും സാധ്യത. മുഖ്യമന്ത്രിയുടെ അയോഗ്യത വിഷയത്തില്‍ തീരുമാനം നീളുന്ന സാഹചര്യത്തിലാണ് പ്രത്യേക സമ്മേളനം ചേരുന്നത്. ഛത്തീസ്ഗഡില്‍ ആയിരുന്ന യുപിഎ എംഎല്‍എമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ രാത്രിയോടെ റാഞ്ചിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

ഹേമന്ത് സോറനെ അയോഗ്യനാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ രമേഷ് ബെയ്‌സ് ഇനിയും തീരുമാനം പ്രഖ്യാപിച്ചിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം അറിയിക്കാമെന്നാണ് തന്നെ കാണാന്‍ എത്തിയ യുപിഎ പ്രതിനിധി സംഘത്തെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്.

81 അംഗ നിയമസഭയില്‍ ജെഎംഎം 30, കോണ്‍ഗ്രസ് 18, ആര്‍ജെഡി 1 എന്നിങ്ങനെയാണ് കക്ഷിനില. പ്രധാന പ്രതിപക്ഷമായ ബിജെപിക്ക് 26 എംഎല്‍എമാരാണുള്ളത്. കരിങ്കല്‍ ഖനിക്കു സോറന്‍ ഭരണ സ്വാധീനമുപയോഗിച്ച് അനുമതി പുതുക്കിയെടുത്തെന്ന പരാതിയിലാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ മുഖ്യമന്ത്രിക്കെതിരെ നടപടിക്കൊരുങ്ങുന്നത്. ജനപ്രാതിനിധ്യ നിയമത്തിലെ 9 എ വകുപ്പുപ്രകാരം ഹേമന്ത് സോറനെ അയോഗ്യനാക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.

അയോഗ്യനാക്കപ്പെടുന്ന സാഹചര്യത്തില്‍ ഹേമന്ത് സോറന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരുമെന്നതാണ് പ്രതിസന്ധി. ഇതോടൊപ്പം മന്ത്രിസഭയും പിരിച്ച് വിടേണ്ടി വരും. എന്നാല്‍ മത്സരിക്കാന്‍ വിലക്കില്ലെങ്കില്‍ വീണ്ടും മുഖ്യമന്ത്രിയായ ശേഷം വിശ്വാസ വോട്ടെടുപ്പില് വിജയിച്ച് ആറ് മാസത്തിനുളളില്‍ ഉപ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മാര്‍ഗവും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. എം എല്‍ എ ആയ ബാരായിത്തില്‍ നിന്ന് തന്നെ വീണ്ടും മത്സരിച്ച് ജയിച്ചാല്‍ അഴിമതി ആരോപണത്തെ ജനം തളളിയെന്ന വാദത്തിന് ബലമാകുമെന്നാണ് സോറന്റെയും പാര്‍ട്ടിയുടെയും കണക്ക് കൂട്ടല്‍.

Next Story

RELATED STORIES

Share it