Sub Lead

ഇമാം ജമീല്‍ അബ്ദുല്ല അല്‍ അമീന്‍ അന്തരിച്ചു

ഇമാം ജമീല്‍ അബ്ദുല്ല അല്‍ അമീന്‍ അന്തരിച്ചു
X

വാഷിങ്ടണ്‍: യുഎസിലെ വെള്ള വംശീയതക്കെതിരെ 1960കളില്‍ സായുധപോരാട്ടത്തിന് ആഹ്വാനം ചെയ്ത ബ്ലാക്ക് പവര്‍ മുന്‍ ആക്ടിവിസ്റ്റ് ഇമാം ജമീല്‍ അബ്ദുല്ല അല്‍ അമീന്‍ അന്തരിച്ചു. പോലിസുകാരനെ വെടിവച്ചു കൊന്ന കേസില്‍ 2000ത്തില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നോര്‍ത്ത് കരോലിനയിലെ ജയിലില്‍ ആയിരുന്നു അദ്ദേഹത്തെ പാര്‍പ്പിച്ചിരുന്നത്. മരിക്കുമ്പോള്‍ 82 വയസായിരുന്നു.

എച്ച് റാപ് ബ്രൗണ്‍ എന്ന പേരില്‍ അറിയപ്പെട്ട അദ്ദേഹം 1960കളില്‍ ബ്ലാക്ക് പവര്‍ ആക്ടിവിസ്റ്റായിരുന്നു. പൗരാവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി പ്രതിഷേധിച്ചിരുന്ന വിഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി വെള്ള വംശീയതയെ സായുധമായി നേരിടണമെന്ന ധാരയുടെ ഭാഗമായിരുന്നു ബ്രൗണ്‍. ആറ് അടി അഞ്ച് ഇഞ്ച് പൊക്കമുണ്ടായിരുന്ന ബ്രൗണ്‍ വലിയ ബൂട്ട് ധരിച്ച് ഏഴ് അടി ഉയരമാണ് കാണിച്ചത്. ''കറുത്ത തൊലിയുള്ളവരാണ് അമേരിക്ക നിര്‍മിച്ചത്. കറുത്തവരോട് നീതി പാലിച്ചില്ലെങ്കില്‍ അമേരിക്കയെ ചാരമാക്കണം.''-1967ല്‍ അദ്ദേഹം പ്രഖ്യാപിച്ചു. ഇതോടെ യുഎസിലെ നൂറോളം നഗരങ്ങളില്‍ പ്രതിഷേധം ശക്തമായി.

1971ല്‍ ന്യൂയോര്‍ക്ക് സിറ്റി പോലിസുമായുണ്ടായ ഏറ്റുമുട്ടലില്‍ അദ്ദേഹത്തിന് വെടിയേറ്റു. ആ കേസില്‍ അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ടു. 1976ല്‍ പരോളില്‍ ഇറങ്ങിയപ്പോള്‍ ഇസ്‌ലാം സ്വീകരിച്ചു. കമ്മ്യൂണിറ്റി മസ്ജിദ് എന്ന പേരില്‍ ഒരു പള്ളിയും സ്ഥാപിച്ചു. പിന്നീട് ബിസിനസുകാരനും സമുദായ നേതാവുമായി പ്രവര്‍ത്തിച്ചു. പക്ഷേ, യുഎസ് ഭരണകൂടം അദ്ദേഹത്തെ നിരീക്ഷിക്കുന്നത് തുടര്‍ന്നു. 2000 മാര്‍ച്ച് 16ന് അറസ്റ്റ് വാറന്‍ഡുമായി ഒരു സംഘം പോലുസുകാര്‍ വീട്ടിലെത്തി. അന്ന് നടന്ന വെടിവയ്പ്പില്‍ ഒരു പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഈ കേസില്‍ പരോള്‍ ഇല്ലാതെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ജയിലില്‍ കഴിയവെ 2014 ജൂലൈ പതിനെട്ടിന് അദ്ദേഹത്തിന് മള്‍ട്ടിപ്പിള്‍ മൈലോമ സ്ഥിരീകരിച്ചു. അതിന്റെ തുടര്‍ച്ചയായാണ് മരണം സംഭവിച്ചത്.


Next Story

RELATED STORIES

Share it