Sub Lead

ബാങ്കിനെതിരേ ഹനുമാന്‍ ചാലിസ; കര്‍ണാടകയില്‍ പ്രകോപനവുമായി ശ്രീരാമസേന

ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെതിരേ ആയിരത്തിലധികം ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലിസയും സുപ്രഭാത പ്രാര്‍ഥനകളും നടത്തിയതായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് അവകാശപ്പെട്ടു.

ബാങ്കിനെതിരേ ഹനുമാന്‍ ചാലിസ; കര്‍ണാടകയില്‍ പ്രകോപനവുമായി ശ്രീരാമസേന
X

ബംഗളൂരു: മഹാരാഷ്ട്രയില്‍ തുടക്കമിട്ട ഉച്ചഭാഷിണി വിവാദം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ച് സംഘപരിവാര്‍. തിങ്കളാഴ്ച പുലര്‍ച്ചെ പള്ളിയില്‍ ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വായിച്ച് പ്രകോപനവുമായി ശ്രീരാമസേന രംഗത്തുവന്നു. ബെലഗാവിയിലെ ശ്രീരാമസേന പ്രവര്‍ത്തകരാണ് ഹനുമാന്‍ ചാലിസ വായിക്കുന്നതിന് നേതൃത്വം നല്‍കിയത്.

ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെതിരേ ആയിരത്തിലധികം ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലിസയും സുപ്രഭാത പ്രാര്‍ഥനകളും നടത്തിയതായി ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക് അവകാശപ്പെട്ടു. ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമായി ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നതിനെതിരേ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ പ്രചാരണം ശക്തമാക്കുമെന്ന് മുത്തലിക് പറഞ്ഞു.

പുലര്‍ച്ചെയുള്ള ബാങ്ക് വിളി കാരണം രോഗികളും വിദ്യാര്‍ഥികളും ബുദ്ധിമുട്ടുകയാണ്. കോണ്‍ഗ്രസ് മുസ്‌ലിംകളെ നിയമത്തിന് അതീതരാക്കി. നിയമങ്ങള്‍ എപ്പോഴും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ബംഗളൂരുവിലെ ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ തയ്യാറെടുത്ത പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. വിഷയം വര്‍ഗീയ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നതിനാല്‍ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയതായി പോലിസ് അറിയിച്ചു. ഹിജാബ് വിവാദം, ക്ഷേത്രോല്‍സവങ്ങളില്‍ നിന്ന് മുസ്‌ലിം വ്യാപാരികളെ വിലക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ക്ക് ശേഷം ഉച്ചഭാഷിണി വിവാദവും കര്‍ണാടകയെ സംഘര്‍ഷഭരിതമാക്കും.

Next Story

RELATED STORIES

Share it