Sub Lead

ഗസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം (വീഡിയോ)

ഗസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം (വീഡിയോ)
X

ഗസ സിറ്റി: ഗസയില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. റോക്കറ്റ് എന്‍ജിനുകള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഭൂഗര്‍ഭ സമുച്ഛയത്തെ ലക്ഷ്യമിട്ടാണ് വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഗസ മുനമ്പില്‍ ആക്രമണം നടത്തിയത്. ഫലസ്തീന്‍ പോരാളി സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗമായ എസെദീന്‍ അല്‍ഖസ്സാം ബ്രിഗേഡിന്റെ ഗസ മുനമ്പിലെ രണ്ട് സ്ഥലങ്ങളില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷം നടത്തിയതായി അനാഡോലു ഏജന്‍സി ലേഖകന്‍ റിപോര്‍ട്ട് ചെയ്തു. മധ്യ, തെക്കന്‍ ഗസയിലെ രണ്ട് സ്ഥലങ്ങളിലാണ് യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.

ആളപായമോ പരിക്കുകളോ ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം റിപോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച പുലര്‍ച്ചെയും ഗസയില്‍ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയിരുന്നു. സെന്‍ട്രല്‍ ഗസ്സയിലെ അല്‍ബുറൈജ് അഭയാര്‍ഥി ക്യാംപിലെ നിരവധി വീടുകള്‍ തകര്‍ന്നതായി ദൃക്ഷാസികള്‍ പറഞ്ഞു. ബുധനാഴ്ച രാത്രി ഗസയില്‍നിന്ന് തെക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതായും വീടിന് ഭാഗികമായി നാശനഷ്ടം സംഭവിച്ചതായും ഇസ്രായേല്‍ പോലിസ് അറിയിച്ചു. കൂടാതെ നാല് റോക്കറ്റുകള്‍ വ്യോമ പ്രതിരോധ സംവിധാനം നിര്‍വീര്യമാക്കിയതായും പോലിസ് വ്യക്തമാക്കി.

ഇസ്രായേലിന്റെ തെക്കന്‍ നഗരമായ സ്‌ഡെറോട്ടിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് വ്യോമാക്രമണം നടത്തിയതെന്ന് ഇസ്രായേലി ഡിഫന്‍സ് ഫോഴ്‌സ് (ഐഡിഎഫ്) ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞു. ആക്രമണം ഗസയിലെ റോക്കറ്റ് നിര്‍മാണ സംവിധാനത്തെ ബാധിച്ചതായാണ് റിപോര്‍ട്ടുകള്‍. ഗസ സിറ്റിയുടെ തെക്ക് സൈടൗണ്‍ പരിസരത്തുള്ള ഒരു സ്ഥലത്തേക്ക് യുദ്ധവിമാനങ്ങള്‍ രണ്ട് മിസൈലുകള്‍ വിക്ഷേപിക്കുകയും തീപ്പിടിത്തമുണ്ടാക്കുകയും ചെയ്തു.

തങ്ങളുടെ വസ്തുവകകള്‍ക്ക് സാരമായ നാശനഷ്ടം സംഭവിച്ചതായി സമീപവാസികളെ ഉദ്ധരിച്ച് വഫ ലേഖകന്‍ റിപോര്‍ട്ട് ചെയ്തു. റോക്കറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. അതിനിടെ, ഇന്ന് രാവിലെ വടക്കന്‍ ഗസ തീരത്ത് ഇസ്രായേല്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ നിരവധി ഷെല്ലുകള്‍ തൊടുത്തുവിട്ടു. സ്‌ഫോടനങ്ങളുണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. അധിനിവേശത്തെ ചെറുക്കാനും ജറുസലേമിനും അതിലെ ജനങ്ങള്‍ക്കുമുള്ള പിന്തുണ വര്‍ധിപ്പിക്കാനും ഫലസ്തീനികളെ പ്രോല്‍സാഹിപ്പിക്കുക മാത്രമേ ഇസ്രായേലിന്റെ ബോംബാക്രമണം സഹായിക്കൂ എന്നു ഹമാസ് വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it