Sub Lead

ഗസയില്‍ ഇസ്രയേലികളായ ബന്ദികളെ ഇസ്രയേല്‍ സൈന്യം വെടിവച്ച് കൊന്നു; അബദ്ധത്തിലെന്ന് വിശദീകരണം

ഗസയില്‍ ഇസ്രയേലികളായ ബന്ദികളെ ഇസ്രയേല്‍ സൈന്യം വെടിവച്ച് കൊന്നു; അബദ്ധത്തിലെന്ന് വിശദീകരണം
X

ഗസാ സിറ്റി: തൂഫാനുല്‍ അഖ്‌സയക്കിടെ ഹമാസ് പോരാളികള്‍ ബന്ദികളാക്കിയ മൂന്ന് ഇസ്രായേല്‍ പൗരന്‍മാരെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. ഒക്‌ടോബര്‍ അവസാനമാണ് ഗസയില്‍ മൂന്ന് ബന്ദികളെ കൊലപ്പെടുത്തിയതെന്നാണ് ഇപ്പോള്‍ സമ്മതിച്ചിരിക്കുന്നത്. ഹമാസ് അംഗങ്ങളാണെന്ന് കരുതിയാണ് വെടിവച്ചതെന്നും എന്നാല്‍ ബന്ദികളാണെന്ന് പിന്നീടാണ് മനസ്സിലായതെന്നുമാണ് ഇസ്രായേല്‍ സൈന്യത്തിന്റെ വിശദീകരണം. ജെറുസലേമിനെ ലക്ഷ്യമിട്ട് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിനു പിന്നാലെയാണ് സൈന്യം അബദ്ധത്തില്‍ വെടിവച്ചു കൊന്നതെന്നും സൈന്യം വ്യക്തമാക്കി. ഇസ്രായേല്‍ പൗരന്‍മാരായ യോതം ഹെയിം(28), സമര്‍ ഫവാദ് തലല്‍ക(22), അലോം ഷംരിസ്(26) എന്നിവരാണ് കൊല്ലപ്പെട്ടത്. ഒക്ടോബര്‍ ഏഴിനാണ് ഇവരുള്‍പ്പെടെ 200ലേറെ പേരെ ഹമാസ് ബന്ദികളാക്കിയത്. പിന്നീട് രക്ഷപ്പെട്ട് ഓടിയവരാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവയ്പില്‍ കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ സൈന്യം ഏറ്റെടുക്കുന്നതായി സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു.

സംഭവം അതീവ ദുഃഖകരമാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഗസയില്‍ വെടിനിര്‍ത്തണമെന്ന ആവശ്യം ശക്തമാവുകയും യുദ്ധം തുടരുന്നതില്‍ ഇസ്രായേലില്‍ ഭിന്നത രൂക്ഷമാവുകയും ചെയ്തതിനു പിന്നാലെയാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്. നേരത്തേ, ബന്ദികളെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നതായി ഹമാസും വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇസ്രായേല്‍ ഇക്കാര്യം സമ്മതിച്ചിരുന്നില്ല. യുദ്ധം 70 ദിവസം പിന്നിടുമ്പോള്‍ സിവിലിയന്‍മാരെ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തുന്നത് തുടരുകയാണ്. ഗസയില്‍ കൊല്ലപ്പെട്ട ഫലസ്തീന്‍കാരുടെ എണ്ണം 19,000 കവിഞ്ഞു. എന്നാല്‍, ഇസ്രായേല്‍ സൈന്യത്തിനും ഈയിടെ കനത്ത നാശമുണ്ടാവുന്നതായി റിപോര്‍ട്ടുകളുണ്ട്. അല്‍ഖസ്സാം ബ്രിഗ്രേഡ് ഉള്‍പ്പെടെയുള്ളവരുടെ ആക്രമണത്തില്‍ ദിനംപ്രതി നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെടുന്നുണ്ടെങ്കിലും അവര്‍ കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഈയിടെ ഇസ്രായേല്‍ സൈനികര്‍ തമ്മിലുണ്ടായ വെടിവയ്പിലും 10ഓളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൗഹൃദ വെടിവയ്പ് എന്നാണ് ഇസ്രായേല്‍ അധിനിവേശം ഇതിനെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ഏഴിന് ഹമാസ് മുന്നറിയിപ്പില്ലാതെ നടത്തിയ മിന്നലാക്രമണത്തില്‍ 1200ലേറെ പേരാണ് മരിച്ചത്. ഏകദേശം 250 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it