Sub Lead

ഗസയില്‍ വംശഹത്യ തുടര്‍ന്ന് ഇസ്രായേല്‍; മരണം 10000 കടന്നു

ഗസയില്‍ വംശഹത്യ തുടര്‍ന്ന് ഇസ്രായേല്‍; മരണം 10000 കടന്നു
X

ഗസാ സിറ്റി: ഇസ്രായേല്‍ ഗസയ്ക്കു നേരെ നടത്തുന്ന വംശഹത്യ ഒരു മാസത്തിലേക്ക് കടക്കുമ്പോള്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 10000 പിന്നിട്ടു. ആശുപത്രികള്‍ക്കും ആംബുലന്‍സുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കുമെല്ലാം കണ്ണില്ലാത്ത ആക്രമണമാണ് ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തുന്നത്. ഇന്നത്തെ ആക്രമത്തില്‍ കൊല്ലപ്പെട്ടവര്‍ ഉള്‍പ്പെടെ മരണസംഖ്യ 10,022 പേര്‍ ആയതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 4,104 പേര്‍ കുട്ടികളും 2,641 പേര്‍ സ്ത്രീകളുമാണ്. ഒക്ടോബര്‍ ഏഴിനു ശേഷം നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റവരുടെ എണ്ണം 25,408 ആയി. കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ ഇസ്രായേല്‍ 18 ആക്രമണങ്ങള്‍ നടത്തിയതായാണ് റിപോര്‍ട്ട്. ഇതില്‍മാത്രം 252 പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഒക്‌ടോബര്‍ 7 മുതല്‍ ഇതുവരെ 192 ആരോഗ്യ പ്രവര്‍ത്തകരെ കൊലപ്പെടുത്തി. 32 ആംബുലന്‍സുകള്‍ നശിപ്പിച്ചു. 16 ആശുപത്രികള്‍ പ്രവര്‍ത്തനരഹിതമാക്കി. ആശുപത്രി ആക്രമണങ്ങള്‍ക്ക് ന്യായീകരണവുമായി ഇസ്രായേല്‍ സൈന്യം സാമൂഹിക മാധ്യമങ്ങളിലൂടെ നുണക്കഥകള്‍ ആവര്‍ത്തിക്കുകയാണ്. അല്‍ഷിഫ, ഇന്തോനേസ്യ ആശുപത്രിക്കു സമീപം ഹമാസിന്റെ തുരങ്കങ്ങള്‍ ഉണ്ടെന്ന് അവകാശപ്പെട്ടുള്ള വീഡിയോ പ്രചാരണങ്ങളാണ് നടക്കുന്നത്. അതിനിടെ, അല്‍റന്‍തീസി ആശുപത്രിക്ക് നേരെ ഇന്ന് രണ്ട് തവണ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. കാന്‍സര്‍ സെന്റര്‍, സ്‌പെഷ്യലൈസ്ഡ് ചില്‍ഡ്രന്‍സ് സെന്റര്‍ എന്നിവയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇതില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയിലെ സോളാര്‍ പാനലുകളും വാട്ടര്‍ ടാങ്കുകളുമെല്ലാം തകര്‍ന്നിട്ടുണ്ട്.

Next Story

RELATED STORIES

Share it