Sub Lead

കൊലയാളികളെയും സഹായം നല്‍കുന്നവരെയും ഒറ്റപ്പെടുത്തണം: കാന്തപുരം

കാസര്‍കോഡ് പഴയ കടപ്പുറത്ത് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ അബ്ദുര്‍റഹ്മാന്‍ ഔഫ് അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കൊലയാളികളെയും സഹായം നല്‍കുന്നവരെയും ഒറ്റപ്പെടുത്തണം: കാന്തപുരം
X

കാസര്‍കോഡ്: മനുഷ്യനെ കൊല്ലാന്‍ പഠിപ്പിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയും പ്രതിനിധാനം ചെയ്യുന്നത് നന്മയല്ലെന്നും കൊലയാളികളെയും അവര്‍ക്കു സഹായം നല്‍കുന്നവരെയും സമൂഹം ഒറ്റപ്പെടുത്തണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ് ല്യാര്‍. കാസര്‍കോഡ് പഴയ കടപ്പുറത്ത് മുസ് ലിം ലീഗ് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ അബ്ദുര്‍റഹ്മാന്‍ ഔഫ് അനുസ്മരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളുടെ പ്രത്യയശാസ്ത്രം ഹിംസയല്ല എന്ന വെറുംവാക്കില്‍ കാര്യമില്ല. ഓരോ പ്രവര്‍ത്തകനെയും ധര്‍മവും നീതിയും പഠിപ്പിക്കാന്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. മുസ്‌ലിം എന്നത് അചഞ്ചലമായ ധാര്‍മികത ഉള്‍ക്കൊള്ളുന്ന വിശ്വാസിയുടെ പേരാണ്. നിരപരാധിയെ കൊല്ലുന്നുവന്‍ ഭൂലോകത്തുള്ളവരെ സര്‍വ്വവും കൊല്ലുന്നവര്‍ക്ക് തുല്യവും, അത്ര വലിയ പാതകിയുമാണ് എന്ന് പഠിപ്പിച്ച മതമാണ് ഇസ്‌ലാം. ആ മതത്തിന്റെ സത്തയെ ഉള്‍ക്കൊള്ളാതെ, മതനാമത്തില്‍ നാട്ടില്‍ കാലുഷ്യം വിതക്കുന്നവര്‍ സമൂഹത്തിന്റ ശത്രുക്കളാണ്. അക്രമാസക്തരായ അനുയായികള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തണലില്‍ വളരുന്നത് അപകടകരമാണ്. കൊലകള്‍ ആവര്‍ത്തിക്കുന്നത് ഇത്തരം സാമൂഹിക ദ്രോഹികളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്കുന്നത് കൊണ്ടാണ്. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാവണം രാഷ്ട്രീയം. അബ്ദുറഹ്മാന്‍ ഔഫിന്റെ കൊലയാളികള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണം. കോഴിക്കോട് വച്ച് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പഴുതുകളില്ലാത്ത അന്വേഷണം നടത്തി കൊലയാളികള്‍ക്കും, അതിന്റെ ഗൂഢാലോചനകളില്‍ പങ്കെടുത്തുവര്‍ക്കും അര്‍ഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ട്.

മത പണ്ഡിതന്മാര്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പറയാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും അധികാരമില്ല. കൊവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം നല്ല നിലയിലായിരുന്നുവെന്ന് കേന്ദ്രവും പ്രതിപക്ഷവും എല്ലാം സമ്മതിച്ച കാര്യമാണ്. അതില്‍ പ്രത്യേകിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നാണു കരുതുന്നത്. അബ്ദുറഹ്മാന്‍ ഔഫ് കൊലപാതകക്കേസില്‍ തൃപ്തികരമായ നിലയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പുമായി നിലപാടെടുക്കാന്‍ തങ്ങളുടെത് രാഷ്ട്രീയ സംഘടനയല്ല. എന്നാല്‍ ആവശ്യമായ ഘട്ടങ്ങളില്‍ സാമൂഹികപരമായ കാര്യങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യക്തമായ നിലപാടെടുത്താല്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും കാന്തപുരം പറഞ്ഞു. തുടര്‍ന്ന് അബ്ദുറഹ്മാന്‍ ഔഫിന്റെ വീട് കാന്തപുരം സന്ദര്‍ശിച്ചു.

Isolate killers and helpers: Kanthapuram


Next Story

RELATED STORIES

Share it