Sub Lead

അഞ്ചുടി ഇസ് ഹാഖ് വധം: തെളിവെടുപ്പിനിടെ വാളും മഴുവും കണ്ടെടുത്തു

ഇസ്ഹാഖിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സ്വരൂപിച്ച ഒരു കോടി രൂപ നാളെ കൈമാറും.

അഞ്ചുടി ഇസ് ഹാഖ് വധം: തെളിവെടുപ്പിനിടെ വാളും മഴുവും കണ്ടെടുത്തു
X

താനൂര്‍: മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ അഞ്ചുടി ഇസ് ഹാഖ് വധക്കേസില്‍ പോലിസ് കസ്റ്റഡിയില്‍ വിട്ട പ്രതികളുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ കൊലപാതകത്തിന് ഉപയോഗിച്ച മഴുവും വാളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഞ്ചുടി സ്വദേശികളായ ചീമ്പാളിന്റെ പുരക്കല്‍ ഷഹദാദ്, ഏനീന്റെപുരക്കല്‍ മുഹമ്മദ് സഫീര്‍, ചേക്കാമടത്ത് മുഹമ്മദ് സഹവാസ്, പൗറകത്ത് സുഹൈല്‍ എന്നിവരെയാണ് തിങ്കളാഴ്ച്ച അഞ്ചു ദിവസത്തേക്ക് കോടതി പോലിസ് കസ്റ്റഡിയില്‍ വിട്ടത്. മുഹമ്മദ് സഫീര്‍, മുഹമ്മദ് സഹവാസ് എന്നിവരുമായാണ് ഇന്നലെ പോലിസ് അഞ്ചുടിയില്‍ തെളിവെടുപ്പ് നടത്തിയത്. കാനോലി കനാലിന്റെ ഭാഗത്ത് പൊന്തകാട്ടിലെ ഓലഷെഡില്‍ നിന്നു സ്റ്റീല്‍ വാള്‍ കണ്ടെടുത്തു. സഫീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ ഇയാളുടെ സാന്നിധ്യത്തില്‍ ഇവിടെ തെളിവെടുപ്പ് നടത്തിയത്. സഹവാസിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെളിവെടുപ്പിലാണ് കനോലി കനാലിന് സമീപത്തെ കാട്ടില്‍നിന്നു വെട്ടാന്‍ ഉപയോഗിച്ച മഴു കണ്ടെടുത്തത്. ഇസ് ഹാഖിനെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച മൂന്ന് വാളുകള്‍, രണ്ട് മഴു, ഒരു ഇരുമ്പുപൈപ്പ് എന്നിവയാണ് ഇതുവരെ പോലിസിന് കണ്ടെടുക്കാനായത്. മറ്റു രണ്ട് പ്രതികളുമായുള്ള തെളിവെടുപ്പ് നാളെ നടക്കും. നാലുപേരെയും കസ്റ്റഡി കാലാവധി അവസാനിക്കുന്ന വെള്ളിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. നേരത്തേ മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. മൂവരും ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇതുവരെ ഏഴു പേരാണ് അറസ്റ്റിലായത്. അതേസമയം അറസ്റ്റിലാവാനുള്ള രണ്ടുപേരെക്കുറിച്ച് പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 24നാണ് അഞ്ചുടി കുപ്പന്റെ പുരക്കല്‍ ഇസ് ഹാഖിനെ സിപിഎം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

അതിനിടെ, ഇസ്ഹാഖിന്റെ കുടുംബത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സ്വരൂപിച്ച ഒരു കോടി രൂപ നാളെ കൈമാറും. വൈകീട്ട് അഞ്ചിന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ താനൂരിലെത്തി ഇസ്ഹാഖിന്റെ കുടുംബത്തെ തുക ഏല്‍പ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി കെ ഫിറോസും അറിയിച്ചു.




Next Story

RELATED STORIES

Share it