വയസ്സനാവാന്‍ ധൃതിപിടിക്കേണ്ട; ഫേസ് ആപ്പ് സ്വകാര്യതയില്‍ കടന്നുകയറും

വയസ്സന്‍ രൂപത്തിലേക്ക് മാറ്റാന്‍ നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ഫേസ് ആപ്പ് ഏതൊക്കെ രീതിയിലാണ് സൂക്ഷിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും എന്ന സംശയമാണ് ഉയരുന്നത്.

വയസ്സനാവാന്‍ ധൃതിപിടിക്കേണ്ട; ഫേസ് ആപ്പ് സ്വകാര്യതയില്‍ കടന്നുകയറും

സോഷ്യല്‍ മീഡിയയില്‍ പുതിയ തരംഗമായി മാറിയ ഫേസ് ആപ്പ് പണി തരുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. 80 വയസ്സായാല്‍ എങ്ങിനെയിരിക്കുമെന്നറിയാനും അത് സുഹൃത്തുക്കളുമായി പങ്കു വയ്ക്കാനും ശ്രമിക്കുന്നത് അല്‍പ്പം ആലോചിച്ച് മതി. വയസ്സന്‍ രൂപത്തിലേക്ക് മാറ്റാന്‍ നമ്മള്‍ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ഫേസ് ആപ്പ് ഏതൊക്കെ രീതിയിലാണ് സൂക്ഷിക്കുന്നതും ഉപയോഗപ്പെടുത്തുന്നതും എന്ന സംശയമാണ് ഉയരുന്നത്.

ഫേസ് ആപ്പിലെ പ്രൈവസി പോളിസിയും ടേംസ് ഓഫ് യൂസും സ്വകാര്യത സംബന്ധിച്ച നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് ദി ക്വിന്റ് റിപോര്‍ട്ട് ചെയ്തു. ഫോട്ടോ ഒരിക്കല്‍ അപ്ലോഡ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അത് നിങ്ങളുടേതല്ല എന്ന് സുരക്ഷാ ഗവേഷകനായ എലിയറ്റ് ആന്‍ഡേഴ്‌സന്‍ ഇതേക്കുറിച്ച് പ്രതികരിച്ചു. ഫേസ് ആപ്പോ അല്ലെങ്കില്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് മുഖത്തിന്റെ ഫോട്ടോയില്‍ ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്ന സ്‌നാപ്പ് ചാറ്റ് പോലുള്ള ആപ്പുകളോ സ്വകാര്യതയില്‍ വലിയ തോതില്‍ കടന്നുകയറുന്നുണ്ടെന്നാണ് ആരോപണം.

ഫേസ് ആപ്പിനെ സംബന്ധിച്ച് പ്രധാനമായും ഉയരുന്ന ചോദ്യങ്ങള്‍ ഇവയാണ്. ആപ്പ് ശേഖരിക്കുന്ന ദശലക്ഷക്കണക്കിന് ഫോട്ടോകള്‍ എന്ത് ചെയ്യുന്നു, വ്യക്തിപരമായി തിരിച്ചറിയാന്‍ സാധിക്കുന്ന മറ്റു വിവരങ്ങള്‍ ഏത് രീതിയില്‍ ഉപയോഗിക്കുന്നു. ആപ്പിന്റെ ടേംസ് ഓഫ് യൂസും പ്രൈവസി പോളിസിയും ഇതിന് ഉത്തരം നല്‍കുന്നുണ്ട്.

ഫേസ് ആപ്പ് ടേംസ് ഓഫ് യൂസിന്റെ അഞ്ചാം സെക്ഷനില്‍ യൂസര്‍ കണ്ടന്റ് എന്ന ഭാഗത്ത് പറയുന്നത്, അപ്ലോഡ് ചെയ്യുന്ന ചിത്രത്തിന്റെ ഉടമസ്ഥത തങ്ങള്‍ അവകാശപ്പെടുന്നില്ല എന്നാണ്. എന്നാല്‍, ചിത്രം ഏതൊക്കെ രീതിയില്‍ ഉപയോഗിക്കാമെന്നത് സംബന്ധിച്ച് വലിയ രീതിയിലുള്ള അവകാശങ്ങളാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ യൂസര്‍മാര്‍ അനുവദിച്ചു നല്‍കുന്നത്. ശാശ്വതവും തിരിച്ചെടുക്കാനാവാത്തതും റോല്‍റ്റിയില്ലാത്തതുമായ രീതിയില്‍ ലോകവ്യാപകമായി ചിത്രം ഉപയോഗിക്കാന്‍ ലൈസന്‍സ് നല്‍കുന്നു എന്നാണ് ടേംസ് ഓഫ് യൂസില്‍ പറയുന്നത്. എന്തിനൊക്കെയുള്ള അനുമതിയാണ് നല്‍കുന്നതെന്ന് തുടര്‍ന്ന് വിശദീകരിക്കുന്നുണ്ട്. ഉപയോഗിക്കാന്‍, പുരുപയോഗിക്കാന്‍, മാറ്റം വരുത്താന്‍, പ്രസിദ്ധീകരിക്കാന്‍, തര്‍ജമ ചെയ്യാന്‍, അനുമാന ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍, വിതരണം ചെയ്യാന്‍, പൊതുവായി പ്രദര്‍ശിപ്പിക്കാന്‍ ഒക്കെയുള്ള അനുമതിയാണ് നല്‍കുന്നത്. നിങ്ങളുടെ ബന്ധപ്പെട്ട യൂസര്‍ കണ്ടന്റും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കുന്നുണ്ട്. നിങ്ങളുടെ പേര്, ഇഷ്ടങ്ങള്‍, മറ്റ് വിവരങ്ങള്‍ തുടങ്ങിയവ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കാനുള്ള അനുമതിയാണ് ഇതിലൂടെ നല്‍കുന്നത്.

ലോഗ് ചെയ്യാതെ തന്നെ ഫേസ് ആപ്പ് ഉപയോഗിക്കാമെങ്കിലും കുക്കീസ്, ലോഗ് ഫയലുകള്‍, ഉപകരണം തിരിച്ചറിയാനുള്ള വിവരങ്ങള്‍, ലൊക്കേഷന്‍ തുടങ്ങിയവ ശേഖരിക്കുന്നതായും മൂന്നാം കക്ഷിക്ക് കൈമാറുന്നതായും ആപ്പിന്റെ പ്രൈവസി പോളിസിയില്‍ ഷെയറിങ് യുവര്‍ ഇന്‍ഫര്‍മേഷന്‍ എന്ന ഭാഗത്ത് പറയുന്നുണ്ട്. സൗജന്യമായി ലഭിക്കുന്ന ആപ്പുകള്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തില്‍ യൂസര്‍മാരെ ഉപയോഗിച്ച് പണമുണ്ടാക്കുന്നുണ്ട് എന്നതാണ് വസ്തുത. മിക്ക ആപ്പുകളും യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങളാണ് പണമുണ്ടാക്കാനുള്ള വഴിയാക്കി മാറ്റുന്നത്.

RELATED STORIES

Share it
Top