Sub Lead

ഫക്രിസാദെയെ കൊന്നത് ഇസ്രായേല്‍ തന്നെ; മൊസാദിന്റെ പങ്ക് വെളിപ്പെടുത്തി ജൂത പ്രസിദ്ധീകരണം

20 പേരായിരുന്നു ഫക്രിസാദെയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഇസ്രാഈല്‍ പൗരന്മാരും ഇറാന്‍ പൗരന്മാരും ഉണ്ടായിരുന്നു. എട്ട് മാസത്തോളം ഫക്രിസാദെയെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച ശേഷമാണ് സംഘം ആക്രമണം നടത്തിയതെന്നും ബ്രിട്ടീഷ് വാരിക റിപോര്‍ട്ട് ചെയ്യുന്നു.

ഫക്രിസാദെയെ കൊന്നത് ഇസ്രായേല്‍ തന്നെ; മൊസാദിന്റെ പങ്ക് വെളിപ്പെടുത്തി ജൂത പ്രസിദ്ധീകരണം
X

തെഹ്‌റാന്‍: ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍വച്ച് ഇക്കഴിഞ്ഞ നവംബറില്‍ ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദെയെ കൊലപ്പെടുത്തിയത് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് രഹസ്യമായി എത്തിച്ച തോക്കുപയോഗിച്ചാണെന്ന് പ്രമുഖ ജൂത പ്രസിദ്ധീകരണമായ ദ ജ്യൂയിഷ് ക്രോണിക്കിളിന്റെ വെളിപ്പെടുത്തല്‍.

20 പേരായിരുന്നു ഫക്രിസാദെയെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ ഇസ്രാഈല്‍ പൗരന്മാരും ഇറാന്‍ പൗരന്മാരും ഉണ്ടായിരുന്നു. എട്ട് മാസത്തോളം ഫക്രിസാദെയെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഓരോ ചലനങ്ങളും നിരീക്ഷിച്ച ശേഷമാണ് സംഘം ആക്രമണം നടത്തിയതെന്നും ബ്രിട്ടീഷ് വാരിക റിപോര്‍ട്ട് ചെയ്യുന്നു. ഇസ്രാഈല്‍ മാത്രമാണ് ഈ ദൗത്യത്തില്‍ പങ്കാളികളായിരുന്നതെന്നും എന്നാല്‍ അമേരിക്കയെ വിവരം മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍ ഫക്രിസാദെയുടെ കൊലപാതകത്തില്‍ പങ്കാളിയാണെന്ന് ഇറാന്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി മഹ്മൂദ് അലവി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്കു മുന്നില്‍ വ്യക്തമാക്കിയിരുന്നു.

2020 നവംബറില്‍ തെഹ്‌റാന് സമീപം ഇദ്ദേഹം സഞ്ചരിച്ച കാറിന് നേരെയുണ്ടായ വെടിവയ്പിലാണ് ഫക്രിസാദെ കൊല്ലപ്പെടുന്നത്. കിഴക്കന്‍ ടെഹ്‌റാനിലെ പ്രാന്തപ്രദേശമായ അബ്‌സാര്‍ഡില്‍ വെച്ചാണ് ഫക്രിസാദയും ഭാര്യയും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടത്. 63 കാരനായ ഫക്രിസാദെ ഇറാന്‍ റെവല്യൂഷണരി ഗാര്‍ഡ് അംഗമായിരുന്നു. മിസൈല്‍ നിര്‍മ്മാണത്തിലും വിദഗ്ധനായിരുന്നു. ഫക്രിസാദയെ വധിച്ചതിലൂടെ ഇറാന്റെ ആണവ പ്രവര്‍ത്തനങ്ങള്‍ മൂന്നര വര്‍ഷം വൈകിക്കാനാവുമെന്നാണ് ഇസ്രായേലിന്റെ കണക്ക് കൂട്ടല്‍. ഫക്രിസാദെയുടെ പകരക്കാരനെ 'പൂര്‍ണ സജ്ജമാക്കുന്നതിന്' ആറു വര്‍ഷം എടുക്കുമെന്ന് ഇറാന്‍ രഹസ്യമായി വിലയിരുത്തിയിട്ടുണ്ടെന്നും ജ്യൂയിഷ് ക്രോണിക്കിള്‍ റിപോര്‍ട്ട് ചെയ്യുന്നു.

നിസാന്‍ പിക്ക് അപ്പ് വാനില്‍ ഘടിപ്പിച്ച ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ആക്രമണത്തിന് ശേഷം മറ്റൊരു സ്‌ഫോടനം നടത്തി ഇവ സ്വയം തെളിവ് നശിപ്പിച്ചതായും പത്രം റിപോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ കൊലപാതകത്തില്‍ ഇസ്രാഈലിന് പങ്കുണ്ടെന്ന് ആരോപണവുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ഇതുവരെ ഇസ്രാഈല്‍ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇറാന്റെ ആരോപണങ്ങളോട് മറുപടിയും പറഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it