Big stories

സംഘര്‍ഷം കനക്കുന്നു; യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍, പെന്റഗണും ഭീകര പട്ടികയില്‍

ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്‌ഠ്യേനയാണ് പാര്‍ലമെന്റ് പാസാക്കിയത്. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം.

സംഘര്‍ഷം കനക്കുന്നു; യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍, പെന്റഗണും ഭീകര പട്ടികയില്‍
X

തെഹ്‌റാന്‍: യുഎസ് സൈന്യത്തെ ഭീകരരായി പ്രഖ്യാപിച്ച് ഇറാന്‍. ഇതു സംബന്ധിച്ച ബില്ല് ഇറാന്‍ പാര്‍ലമെന്റ് പാസാക്കി. യുഎസിന്റെ പ്രതിരോധ വിഭാഗമായ പെന്റഗണും ഭീകരരുടെ പട്ടികയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രമേയം ഐകകണ്‌ഠ്യേനയാണ് പാര്‍ലമെന്റ് പാസാക്കിയത്. മേജര്‍ ജനറല്‍ ഖാസിം സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയാണ് നീക്കം. സുലൈമാനിയുടെ കൊലപാതകത്തെ രാഷ്ട്രം സ്‌പോണ്‍സര്‍ ചെയ്ത ഭീകരവാദ കൊലപാതകമെന്ന് നേരത്തെ ഇറാനിയന്‍ പാര്‍ലമെന്റ് വിശേഷിപ്പിച്ചിരുന്നു.

പ്രമേയത്തില്‍ നേരത്തെ തന്നെ 209 എംപിമാര്‍ ഒപ്പുവെച്ചിരുന്നു. പാര്‍ലമെന്റില്‍ ചൊവ്വാഴ്ച രാവിലെയാണ് ഇതവതരിപ്പിച്ചത്. സൈന്യത്തിനായി 200 മില്യന്‍ ഡോളര്‍ മാറ്റിവെക്കാനും പാര്‍ലമെന്റ് തീരുമാനിച്ചു. സുലൈമാനിയുടെ വധത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഖാസിം സുലൈമാനി അടക്കം ഏഴുപേരെ യുഎസ് സേന വ്യോമാക്രമണത്തിലൂടെയാണ് വധിച്ചത്. ഇതിന് പ്രതികാരമെന്നോണം ബഗ്ദാദിലെ യു എസ് എംബസി സ്ഥിതിചെയ്യുന്ന അതീവ സുരക്ഷാമേഖലയിലും അമേരിക്കയുടെ വ്യോമകേന്ദ്രത്തിലും മോര്‍ട്ടാര്‍, റോക്കറ്റ് ആക്രമണങ്ങളും നടന്നിരുന്നു.

സുലൈമാനി വധത്തിന് പിന്നാലെ ഇറാന്‍ ഖുമ്മിലെ ജാകരണ്‍ മോസ്‌കിലെ താഴികക്കുടത്തില്‍ ചുവപ്പുകൊടി ഉയര്‍ത്തിയിരുന്നു. ഇത് യുദ്ധകാഹളമായാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പിന്നാലെ യുഎസ് പൗരന്മാരെയോ, വസ്തുവകകളെയോ ഇറാന്‍ ലക്ഷ്യം വെച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്റെ തന്ത്രപ്രധാനമായ 52 കേന്ദ്രങ്ങള്‍ അമേരിക്കയുടെ നിരീക്ഷണ വലയത്തിലാണ്. കനത്ത തിരിച്ചടി ഉണ്ടാകുമെന്നുമാണ് ട്രംപ് ഭീഷണി മുഴക്കിയത്.

ആണവക്കരാറില്‍ നിന്ന് പിന്മാറുന്നതായി തുടര്‍ന്ന് ഇറാന്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഒരുകാലത്തും ഇറാന് ആണവായുധം ഉണ്ടാകില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിനിടെ ട്രംപിന്‍രെ തലയ്ക്ക് ഇറാന്‍ വില നിശ്ചയിക്കുകയും ചെയ്തു. ട്രംപിനെ വകവരുത്തിയാല്‍ 80മില്ല്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം അഞ്ഞൂറുകോടി ഇന്ത്യന്‍ രൂപ) പാരിതോഷികമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it